കയ്യിലെ തഴമ്പ് മാറ്റി സോഫ്റ്റ് ആക്കിയാലോ! ഈ ടിപ്സ് ഒന്ന് പരീക്ഷിക്കൂ
|മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കുന്നതിലാണ് പ്രശ്നം. ചർമം ഏത് തരത്തിലുള്ളതാണെന്ന് മനസിലാക്കി വേണം മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കാൻ.
അടുക്കളയിൽ ജോലി ചെയ്‌ത് കൈകൾ മരക്കഷ്ണം പോലെയായി. പൊതുവെ സ്ത്രീകൾ പരാതിപ്പെടാറുള്ളതാണ്. കട്ടിയുള്ള ജോലി ചെയ്യുന്നവരുടെ കൈകളിലും വർക്ക് ഔട്ട് ചെയ്യുന്നവരുടെ കൈകളിലും തഴമ്പുണ്ടാകും. ഇതോടെ കൈകളുടെ മാർദവം എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന പേടി വേണ്ട.
കയ്യിലെ തഴമ്പ് മാറ്റി പഴയ മിനുസം തിരികെ കൊണ്ടുവരാൻ ഒരുപാട് കാര്യങ്ങൾ പരീക്ഷിച്ചിട്ടും പരാജയപ്പെട്ടവരാണെങ്കിൽ ഈ പൊടിക്കൈകൾ കൂടിയൊന്ന് പരീക്ഷിച്ച് നോക്കൂ:-
മോയ്‌സ്ചറൈസർ
മോയ്‌സ്ചറൈസർ ചർമത്തിന്റ മാർദവം നിലനിർത്താൻ എത്രത്തോളം പ്രധാനമാണെന്ന് അറിയാമല്ലോ. ഇതിലെന്താണിത്ര പുതുമയെന്നാണോ സംശയം. മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കുന്നതിലാണ് പ്രശ്നം. ചർമം ഏത് തരത്തിലുള്ളതാണെന്ന് മനസിലാക്കി വേണം മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കാൻ.
തഴമ്പ് കളയാൻ ഫലപ്രദമായ ഒന്നാണ് മോയ്‌സ്ചറൈസർ. കൈകളിലെ മൃതകോശങ്ങളെ നീക്കം ചെയ്ത കൈകളെ മൃദുവായി സൂക്ഷിക്കാൻ മോയ്‌സ്ചറൈസർ സഹായിക്കും. ദിവസേന മോയ്‌സ്ചറൈസർ ശീലമാക്കാനും ശ്രദ്ധിക്കണം.
ചൂടുവെള്ളം
ഇളം ചൂടുവെള്ളത്തിൽ കൈകൾ പതിനഞ്ച് മിനിറ്റ് നേരം മുക്കി വെക്കുക. പരുക്കൻ ഭാഗങ്ങൾ മാറ്റി പഴയ ചർമം തിരികെ കൊണ്ടുവരാൻ ഇത് സഹായിക്കും. ചൂടുവെള്ളത്തിൽ കൈകൾ മുക്കിവെക്കുന്ന നേരം തഴമ്പുള്ള ഭാഗം സ്‌ക്രബ് ചെയ്യാനും മറക്കരുത്.
മിനുക്ക് കല്ല്
പ്യൂമിക് സ്റ്റോൺ എന്നറിയപ്പെടുന്ന മിനുക്ക് കല്ല് കൈകളിലെ തഴമ്പ് മാറ്റാൻ ഏറെ സഹായകമാണ്. കൈകൾ വൃത്തിയായി കഴുകിയതിന് ശേഷം മിനുക്ക് കല്ല് ഉപയോഗിച്ച് തഴമ്പുള്ള ഭാഗത്ത് നന്നായി ഉരക്കുക. ഇതിന് മുൻപും ശേഷവും കൈകളിൽ മോയ്‌സ്ചറൈസറോ എണ്ണയോ പുരട്ടാൻ മറക്കരുത്.