Health
ഗര്‍ഭകാലത്തെ അമിതഭയവും ഉത്കണ്ഠയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുമെന്ന് പഠനം
Health

ഗര്‍ഭകാലത്തെ അമിതഭയവും ഉത്കണ്ഠയും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുമെന്ന് പഠനം

Web Desk
|
8 Oct 2022 5:49 AM GMT

കുഞ്ഞ്, പ്രസവം, രക്ഷാകർതൃത്വം തുടങ്ങിയവയാണ് ഗർഭാവസ്ഥയുടെ തുടക്കത്തിലെ പൊതുവായ ആശങ്കകള്‍

ലോസ് ആഞ്ചലസ്: ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. ഈ സമയത്ത് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുകയെന്നത് വളരെ പ്രധാനമാണ്. നല്ല ഭക്ഷണം, നല്ല സാഹചര്യം, നല്ല കാഴ്‌ചകള്‍, നല്ല വായന എന്നിവയെല്ലാം ഈ കാലഘട്ടം ആരോഗ്യകരമായി പൂര്‍ത്തീകരിക്കാൻ സഹായിക്കും. ഗർഭകാലത്ത് ഉത്‌കണ്‌ഠ അനുഭവപ്പെടുന്ന സ്‌ത്രീകൾ ഉത്‌കണ്‌ഠ ഇല്ലാത്തവരെ അപേക്ഷിച്ച് നേരത്തെ പ്രസവിക്കുമെന്ന് പഠനം. കുഞ്ഞിന്‍റെ ജനനത്തെ ബാധിച്ചേക്കാവുന്ന ശക്തമായ ഒരു മാനസികാവസ്ഥ ഉത്‌കണ്‌ഠയാണെന്ന് യുഎസിലെ ലോസ് ആഞ്ചലസ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകൻ ക്രിസ്റ്റീൻ ഡങ്കൽ ഷെറ്റർ പറഞ്ഞു. ഗർഭിണികളായ സ്‌ത്രീകളിൽ നാലിൽ ഒരാൾക്ക് വരെ ഉത്‌കണ്‌ഠയുടെ ലക്ഷണങ്ങൾ ഉണ്ടാകാം.

40 ആഴ്‌ചയാണ് ഗര്‍ഭകാലഘട്ടമായി കണക്കാക്കുന്നത്. ഇതില്‍ 37 ആഴ്‌ചകള്‍ക്ക് മുന്‍പ് പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. വര്‍ഷം തോറും ഒരു ദശകോടിയിലധികം കുഞ്ഞുങ്ങളാണ് മാസം തികയാതെ ജനിച്ച് പല വിധ അസുഖങ്ങളെ തുടര്‍ന്ന് മരിക്കുന്നത്. അതിജീവിക്കുന്ന കുഞ്ഞുങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അംഗവൈകല്യമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാവാന്‍ സാധ്യത കൂടുതലാണെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഗർഭാവസ്ഥയുടെ 37 ആഴ്‌ചകൾക്ക് മുമ്പുള്ള ജനനത്തിന് അല്ലെങ്കിൽ ഗർഭധാരണത്തിന് ഉത്‌കണ്‌ഠ ഒരു അപകട ഘടകമാകുമെന്നും മുൻ ഗവേഷണങ്ങൾ കണ്ടെത്തി.

ഡെൻവർ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെ 196 ഗർഭിണികളുടെ വൈവിധ്യമാർന്ന സാമ്പിളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചാണ് ഗവേഷണം നടത്തിയത്. ഗർഭാവസ്ഥയുടെ ആദ്യത്തെയും മൂന്നാമത്തെയും മാസങ്ങളിൽ അവർ സ്‌ത്രീകളുടെ ഉത്‌കണ്‌ഠകൾക്ക് കാരണമാകുന്ന വ്യത്യസ്‌തമായ ചോദ്യങ്ങൾ ഗർഭിണികളോട് ചോദിച്ചു.പൊതുവായി ആശങ്കകൾ ഉണ്ടാക്കുന്ന കാര്യങ്ങൾ, ഗർഭവുമായി ബന്ധപ്പെട്ട ആശങ്കകൾ, നവജാതശിശുവിനെ പരിപാലിക്കുന്നതും വൈദ്യ പരിചരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിങ്ങനെ വ്യത്യസ്‌ത അവസ്ഥകൾ മുൻ നിർത്തിയുള്ളതായിരുന്നു ചോദ്യങ്ങൾ.

ഇതിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വിലയിരുത്തിയതിൽ നിന്നും കുട്ടികളുടെ മാസം തികയാതെയുള്ള ജനനമാണ് പ്രധാന ഉത്കണ്‌ഠയെന്ന് തിരിച്ചറിഞ്ഞു. ഗർഭാവസ്ഥയുടെ തുടക്കത്തിലെ പൊതുവായ ആശങ്ക, മെഡിക്കൽ അപകടങ്ങൾ, കുഞ്ഞ്, പ്രസവം, രക്ഷാകർതൃത്വം തുടങ്ങിയവയാണ് പിന്നീട് ആശങ്കകൾക്ക് കാരണമാകുന്നത്. ഇത്തരം ഉത്‌കണ്‌ഠകൾ മാസം തികയാതെയുള്ള പ്രസവത്തിനും അപകടത്തിനും കാരണമാകുമെന്ന് ഗവേഷകർ പറഞ്ഞു. ഹെൽത്ത് സൈക്കോളജി ജേണലിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

Similar Posts