മാനസിക പിരിമുറുക്കം കൂടുന്നുണ്ടോ? ഭക്ഷണത്തിലുണ്ട് പരിഹാരം
|പിരിമുറുക്കം ഒഴിച്ചുകൂടാനാവാത്ത കാര്യമാകുമ്പോൾ, നമ്മളിൽ ആരൊക്കെ അത് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്?
ദൈനം ദിന ജീവിതത്തിൽ മാനസിക പിരിമുറുക്കം ഒഴിച്ചുകൂടാനാവാത്ത കാര്യമാകുമ്പോൾ, നമ്മളിൽ ആരൊക്കെ അത് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ട്? രാവിലെ എഴുന്നേറ്റാൽ ഒന്നിനോടും ഒരു താൽപര്യമില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കാനോ മനസ് തുറന്ന് ചാരിക്കാനോ പോലും സാധിക്കുന്നില്ല. എന്നാല്‍ എന്തെങ്കിലും പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നതുകൊണ്ടു മാത്രം അതിനു പരിഹാരം ലഭിക്കില്ല. അതിനെ നേരിടാൻ തയ്യാറാകണം. കൃത്യമായ ചികിത്സ ലഭ്യമാകേണ്ടതു പോലെതന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും ചിലത് ശ്രദ്ധിക്കാനുണ്ട്.
എന്താണ് മാനസിക പിരിമുറുക്കം
ഒരുതരത്തിൽ പറഞ്ഞാൽ മാനസിക പിരിമുറുക്കം നിത്യജീവിതത്തിന്റെ ഭാഗമാണ്. വ്യക്തിയുടെ ശരീരവും മനസും ഒരു പ്രത്യേക കാര്യത്തോട് പ്രതികരിക്കുമ്പോഴോ സംഘർഷം നിറഞ്ഞ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴോ ആണ് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നത്. പുതിയ കാലത്തെ ഇലക്ട്രോണിക് ഗാഡ്ജറ്റുകളും വൈകിയുള്ള ഉറക്കവും ലഹരി ഉപയോഗവുമെല്ലാം മാനസികവും ശാരീരികവുമായ സമ്മർദങ്ങൾക്ക് കാരണവുന്നുണ്ട്.
ലക്ഷണങ്ങൾ
. മനസിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതായോ അല്ലെങ്കിൽ അതിനെ നിയന്ത്രിക്കേണ്ടതായോ ഉണ്ടെന്ന് തോന്നുക
. മനസിനെ പിടിച്ചു നിർത്താൻ കഴിയാതെ വരിക.
. വൈകി ഉണ്ടാകുന്ന ഉറക്കവും വൈകിയുള്ള എഴുന്നേൽക്കലും
. ഭക്ഷണത്തിലെ ഏറ്റക്കുറച്ചിലുകൾ
. ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നടക്കുകയും മുൻപ് ചെയ്തിരുന്ന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്യുക
. ഇടക്കിടെ തലവേദന അനുഭവപ്പെടുക
. പുകവലി, മദ്യപാനം തുടങ്ങിയവയോട് കൂടുതൽ ആസക്തി പ്രകടിപ്പിക്കുക
. ചുണ്ടുകൾക്ക് വിളർച്ച അനുഭവപ്പെടുക, പല്ല് കടിക്കുക, നഖം കടിക്കുക തുടങ്ങിയ അവസ്ഥകളും കാണപ്പെടാറുണ്ട്
ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
. മദ്യം, ഫാസ്റ്റ് ഫുഡുകൾ, ഫ്രൈഡ് ഫുഡ്,അമിത തോതിലുള്ള പഞ്ചസാരയുടെ ഉപയോഗം. കാപ്പിയുടെ ഉയർന്ന ഉപയോഗം, മൈദ, എന്നിവയെല്ലാം ഭക്ഷണത്തിൽ കൂടുതലായി ഉൾപെടുത്തുന്നത് ശരീരത്തിന് ക്ഷീണം കൂട്ടുകയും ഉറക്കക്കുറവ് പതിവാകുകയും ചെയ്യുന്നു. ചില സമയത്ത് ഒട്ടും വിശക്കാതിരിക്കുകയും പിന്നീട് ഇപ്പറഞ്ഞ വസ്തുക്കൾ കഴിക്കുകയും ചെയ്യുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവും. വെള്ളം കുടിക്കാൻ മറക്കുക. ചില നേരങ്ങളിലെ ഭക്ഷണങ്ങൾ സ്‌കിപ് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം അനാരോഗ്യത്തിന് വഴിവെക്കും.
ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും
നേരത്തെ കാലത്ത് എഴുന്നേറ്റ് വ്യായാമം ചെയ്യുകയും ലളിതവും പോഷക സമ്പന്നവുമായ ഭക്ഷണം ദിന ചര്യകളിൽ ഉൾപെടുത്തുകയും ചെയ്യുക എന്നതാണ് മാനസിക പിരിമുറക്കത്തെ നേരിടുന്നതിൽ പ്രധാനം. ഈ ശീലങ്ങൾ രാവിലെ എഴുന്നേൽക്കുന്നത് മുതൽ വൈകിട്ട് ഉറങ്ങുന്നത് വരെ എല്ലാ ദിവസവും ശീലിക്കണം.
. അശ്വഗന്ധ
അശ്വഗന്ധ, തുളസി എന്നിവ രോഗ പ്രതിരോധ സംവിധാനം ഹോർമോൺ സംവിധാനം എന്നിവ ക്രമീകരിക്കുന്നു.
. കൊഴുപ്പ്
തലച്ചോറാണ് നമ്മുടെ മാനസിക നില നിയന്ത്രിക്കുന്നത്. ഇത് കൊഴുപ്പുപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. കൊഴുപ്പ് കഴിക്കുമ്പോൾ സെറാടോണിൻ എന്ന ഹോർമോൺ ഉണ്ടാകുന്നു. പശുവിന്റെ നെയ്യ്, വാൾനട്ട്, വെളിച്ചെണ്ണ നട്‌സുകൾ തുടങ്ങിയ ദിവസേന ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് സെറാടോണിൻ വർധിപ്പിക്കുകയും അനാവശ്യമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നു.
. ഇലക്കറികൾ
ഇലക്കറികൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പ്രധാനമായും ഇരുണ്ട നിറത്തിലുള്ള ഇലകൾ. ഉലുവ ഇല, സ്പിനാച്ച് ഇല എന്നിവ വളരെ നല്ലതാണ്.
. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ, മധുര നാരങ്ങ, ഓറഞ്ച്, പേരക്ക, മാങ്ങ തുടങ്ങിയവ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്തരം പഴവർഗങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടുകയും ഊർജം നൽകുകയും ചെയ്യുന്നു.