എന്താണ് ഫ്രൈഡ് റൈസ് സിൻഡ്രോം? ലക്ഷണങ്ങള്‍?
|പേര് കേള്‍ക്കുമ്പോള്‍ ഫ്രൈഡ് റൈസുമായി ബന്ധപ്പെട്ട എന്തോ രോഗമാണെന്ന് തോന്നുമെങ്കിലും ഇതൊരുതരം ഭക്ഷ്യവിഷബാധയാണ്
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായ 'ഫ്രൈഡ് റൈസ് സിന്‍ഡ്രോം' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പേര് കേള്‍ക്കുമ്പോള്‍ ഫ്രൈഡ് റൈസുമായി ബന്ധപ്പെട്ട എന്തോ രോഗമാണെന്ന് തോന്നുമെങ്കിലും ഇതൊരുതരം ഭക്ഷ്യവിഷബാധയാണ്.
15 വർഷം മുമ്പ് നടന്ന ഒരു മരണവുമായി ബന്ധപ്പെട്ടതാണ് ഈ ഫ്രൈഡ് റൈസ് സിന്‍ഡ്രോം. ശീതീകരിക്കാത്ത 5 ദിവസം പഴക്കമുള്ള പാസ്ത കഴിച്ച് മരിച്ച ഒരാളെക്കുറിച്ചുള്ള ഒരു വീഡിയോ അടുത്തിടെ ഒരു ടിക് ടോക്കർ പങ്കിട്ടതോടെയാണ് ആളുകൾ ആശങ്കയിലായത്. 2011ൽ ജേർണൽ ഓഫ് ക്ലിനിക്കൽ മൈക്രോബയോളജിയിലാണ് സംഭവത്തെക്കുറിച്ച് ആദ്യമായി പറഞ്ഞിരിക്കുന്നത്. 2008ലാണ് സംഭവം. ബെല്‍ജിയം സ്വദേശിയായ 20കാരനായ വിദ്യാര്‍ഥി അഞ്ച് ദിവസം പഴക്കമുള്ള പാസ്തയും തക്കാളി സോസും ചേര്‍ത്ത് കഴിച്ചതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പാകം ചെയ്ത ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിനു പകരം അടുക്കളയിലെ ഷെല്‍ഫിലാണ് സൂക്ഷിച്ചിരുന്നത്. പാസ്ത വീണ്ടും ചൂടാക്കി കഴിച്ച ഉടൻ തന്നെ വിദ്യാർഥിക്ക് അസ്വസ്ഥതയുണ്ടാവുകയും ഛർദ്ദിയും തലവേദനയും വയറുവേദനയും അനുഭവപ്പെടുകയും ചെയ്തു. തൊട്ടടുത്ത ദിവസം ആരോഗ്യവാനായി കാണപ്പെട്ടെങ്കിലും പിന്നീട് മരണം സംഭവിച്ചു. പാസ്തയിലെ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ വലിയ അളവിലുള്ള സാന്നിധ്യം മൂലം കരള്‍ തകരാറിലായതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
ഫ്രൈഡ് റൈസ് സിൻഡ്രോം എന്നത് ബാസിലസ് സെറിയസ് എന്നറിയപ്പെടുന്ന ഒരു തരം ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധയെയാണ് സൂചിപ്പിക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും കാണപ്പെടുന്ന സാധാരണ ബാക്ടീരിയയാണ് ബാസിലസ് സെറിയസ്. പാകം ചെയ്തതും ശരിയായി സൂക്ഷിക്കാത്തതുമായ ചില ഭക്ഷണസാധനങ്ങളിൽ ഇവ് പ്രശ്നമുണ്ടാക്കുന്നു. അരി, പാസ്ത തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങളിലാണ് ഇവ കൂടുതലായും കാണപ്പെടുക. എന്നാൽ വേവിച്ച പച്ചക്കറികൾ, മാംസംവിഭവങ്ങൾ തുടങ്ങിയ മറ്റ് ഭക്ഷണങ്ങളെയും ഇത് ബാധിക്കും.ഈ ബാക്ടീരിയകൾ വിഷവസ്തുക്കളെ ഉത്പാദിപ്പിക്കുന്നു.ഭക്ഷണം കൂടുതൽ നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ മുറിയിലെ താപനിലയിൽ സൂക്ഷിക്കുകയോ ചെയ്താൽ ഈ വിഷവസ്തുക്കൾ വളരാനുള്ള സാധ്യത കൂടുതലാണ്.
ലക്ഷണങ്ങള്‍
പഴകിയ മലിനമായ ഭക്ഷണം കഴിച്ച് ഒന്ന് മുതൽ ആറ് മണിക്കൂറിനുള്ളിൽ, ഒരു വ്യക്തിക്ക് ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവ അനുഭവപ്പെടാം.ചിലപ്പോൾ ഈ ബാക്ടീരിയ കുടൽ അണുബാധയ്ക്ക് വരെ കാരണമാകും. ഇത് കരൾ തകരാറിലാകാനും ഒടുവിൽ മരണത്തിലേക്കും നയിക്കുന്നു. ശരിയായ ചികിത്സ ലഭിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാകും. ധാരാളം വെള്ളം കുടിക്കുക, ശരിയായ വിശ്രമം എന്നിവ ഇതില്‍ പ്രധാനമാണ്.