വൃക്കകൾ മുതൽ അസ്ഥികൾ വരെ..; ഉപ്പ് അമിതമായാൽ ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെയാണ്
|ഉപ്പ് അമിതമാകുന്നത് ശരീരത്തിലെ വെള്ളം വർധിക്കാൻ ഇടയാക്കും
ഭക്ഷണത്തിലെ അവിഭാജ്യ ഘടകമാണ് ഉപ്പ്. ശരീരത്തിന്റെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും ഞരമ്പുകളുടെയും പേശികളുടെയും പ്രവർത്തനത്തിലും ഉപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ഇത് സഹായിക്കുന്നു. ഉപ്പിന് നിരവധി ഗുണങ്ങളുണ്ടെങ്കിലും അമിതമായി ഉപ്പ് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ പ്രതികൂലമായി ബാധിക്കും.
അമിതമായി ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിന് കാരണമാകും, ഇത് ഒടുവിൽ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകും. ഉയർന്ന രക്തസമ്മർദം വൃക്കകളെയും ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാത്രമല്ല, ഇത് എല്ലുകളുടെ തേയ്മാനത്തിനും കാരണമാകും. ഭക്ഷണത്തിൽ ആവശ്യമായ അളവിൽ മാത്രം ഉപ്പ് ചേര്‍ക്കുന്നെന്ന് എല്ലാവരും ഉറപ്പുവരുത്തണം. ഉപ്പിന്റെ അമിതോപയോഗം ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം...
രക്തസമ്മർദം
ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കും. ഉപ്പിൽ സോഡിയം ഉള്ളതിനാലും ശരീരത്തിൽ സോഡിയം കൂടുതലായതിനാലും വെള്ളം കെട്ടിനിൽക്കാൻ കാരണമാകും. ഇത് രക്തത്തിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി രക്തക്കുഴലുകളിൽ സമ്മർദം വർധിപ്പിക്കുകയും ചെയ്യും.
വൃക്ക
ശരീരത്തിൽ ശരിയായ ദ്രാവക ബാലൻസ് നിലനിർത്താൻ സഹായിക്കുന്നത് വൃക്കകളാണ്. അമിതമായി ഉപ്പ് കഴിക്കുമ്പോൾ, അത് നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. കാലക്രമേണ, ഇത് വൃക്കകളെ തകരാറിലാക്കും.
ഹൃദയം
ഉയർന്ന രക്തസമ്മർദമുള്ളവരില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
നീര് വെക്കൽ
ഉപ്പ് അമിതമായി കഴിച്ചാൽ ശരീരത്തിൽ നീര് ഉണ്ടാകാനിടയുണ്ട്. കൈകൾ, കാലുകൾ, കണങ്കാൽ പോലുള്ള ശരീരത്തിന്റെ ചില ഭാഗങ്ങളിൽ നീരുവെക്കുന്നുണ്ടെങ്കിൽ ഉപ്പിന്റെ ഉപയോഗത്തെക്കുറിച്ച് ജാഗ്രത പുലർത്തണം.
തലച്ചോറിന്റെ പ്രവർത്തനങ്ങൾ
ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് നിങ്ങളുടെ ഓർമ്മ, ശ്രദ്ധ എന്നിവയെ ബാധിക്കും. ഇത് പിന്നീട് ഡിമെൻഷ്യയുടെയും മറ്റ് രോഗങ്ങൾക്കും കാരണമായേക്കാം.
ദാഹം
ഉയർന്ന അളവിൽ ഉപ്പ് കഴിക്കുമ്പോൾ കൂടുതൽ ദാഹിക്കും. ഇതുവഴി ഇടക്കിടക്ക് കൂടുതല്‍ വെള്ളം കുടിക്കാനുള്ള പ്രവണത കൂടും. അമിതമായി വെള്ളം കുടിക്കുന്നത് വയറുവേദനക്കും കാരണമാകും.
ഓസ്റ്റിയോപൊറോസിസ്
ഉയർന്ന അളവിൽ ഉപ്പ് കഴിക്കുമ്പോൾ, അത് മൂത്രത്തിലൂടെ കാൽസ്യം പുറന്തള്ളാൻ ഇടയാക്കും. ഇതുവഴി അസ്ഥികളുടെ സാന്ദ്രത കുറക്കുകയും ഓസ്റ്റിയോപൊറോസിസ് രോഗത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും.