രാത്രി നന്നായി ഉറങ്ങാൻ പകൽ ഇത്തിരി വെയിൽ കൊണ്ടോളൂ
|സൂര്യപ്രകാശം ആവശ്യത്തിന് ശരീരത്തിൽ ലഭിക്കുന്നത് രാത്രി നല്ല ഉറക്കം കിട്ടാനും കൃത്യസമയത്ത് ഉണരാനും സഹായിക്കും
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാൻ പെടാപ്പാട് പെടുന്നുണ്ടോ? എത്ര മണിക്കൂർ ഉറങ്ങിയാലും ക്ഷീണം മാറുന്നില്ലേ... ഈ പ്രശ്നങ്ങളെല്ലാം മാറാൻ വെയിൽ കൊണ്ടാൽ മതിയെന്ന് പറഞ്ഞാൽ വിശ്വസിക്കണം. സൂര്യപ്രകാശം ആവശ്യത്തിന് ശരീരത്തിൽ ലഭിക്കുന്നത് രാത്രി നല്ല ഉറക്കം കിട്ടാനും കൃത്യസമയത്ത് ഉണരാനും സിയാറ്റിലിലെ വാഷിംഗ്ടൺ സർവകലാശാലയിലെ ജീവശാസ്ത്ര പ്രൊഫസറായ ഹൊറാസിയോ ഡി ലാ ഇഗ്ലേഷ്യ പറയുന്നു.
ഇലക്ട്രിക് ലൈറ്റുകളും രാത്രി കമ്പ്യൂട്ടർ, ടിവി എന്നിവ ഉപയോഗിക്കുന്നതും ഉറക്കം തടസപ്പെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. മൂടിക്കെട്ടിയ ദിവസമാണെങ്കിൽ കൂടി പകൽ വെളിച്ചം ഗണ്യമായി തെളിച്ചമുള്ളതാണ്. അതിനാൽ തന്നെ ഈ രണ്ടുതരത്തിലുള്ള പ്രകാശങ്ങളും നൽകുന്ന ഊർജം രണ്ടുത്തരമാണ്. പകൽവെളിച്ചവും ഉറക്കവും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ 507 കോളേജ് വിദ്യാർത്ഥികളിൽ ഒരു പഠനം നടത്തിയിരുന്നു. ശൈത്യകാലത്ത് രാത്രി ഉറങ്ങാൻ അരമണിക്കൂറെങ്കിലും വൈകുന്നതായി പഠനത്തിൽ കണ്ടെത്തി. വർഷത്തിലെ മറ്റ് സമയങ്ങളെ അപേക്ഷിച്ച്, ശൈത്യകാലത്ത്, പകൽ സമയം കുറയുന്നതാണ് ഇതിന് കാരണമെന്നാണ് നിഗമനം.
പൊതുവേ കൗമാരക്കാരും യുവാക്കളും വൈകി ഉറങ്ങി ശീലമുള്ളവരാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം എത്ര പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. സ്‌ക്രീൻ ടൈം കൂടുന്നത് പൊതുവേ ഉറക്കം വൈകിക്കും. ഇങ്ങനെ കിടന്നുറങ്ങിയാൽ പകൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ വൈകും. എങ്കിലും, ഇങ്ങനെയുള്ള സമയത്ത് മതിയായ ഉറക്കം കിട്ടുന്നില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 'സോഷ്യൽ ജെറ്റ് ലാഗ്' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഉറങ്ങി എഴുന്നേറ്റിട്ടും ക്ഷീണവും തളർച്ചയും വിട്ടുമാറാത്ത അവസ്ഥയാണിത്. മെറ്റബോളിക് സിൻഡ്രോം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വിഷാദം, ഉത്കണ്ഠ, മോശം പ്രകടനവും ചിന്താശേഷിയും തുടങ്ങിയവ സോഷ്യൽ ജെറ്റ് ലാഗ് മുഖേന ഉണ്ടാകുന്ന രോഗങ്ങളാണ്.
ഇങ്ങനെ ഉറക്കം ശരിയാകാൻ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുറവല്ല. മരുന്നുകൾ വാങ്ങാൻ പോലും ആളുകൾ വൻ തുക ചെലവാക്കാറുണ്ടെന്ന് പ്രൊഫ. ഹൊറാസിയോ ഡി ലാ പറയുന്നു. എന്നാൽ, വളരെ ചെറിയ വഴികളിലൂടെ തന്നെ ഈ പ്രശ്നം എളുപ്പം പരിഹരിക്കാം. രാവിലെ നടക്കാനിറങ്ങുന്നത് സൂര്യപ്രകാശം ലഭിക്കാൻ മാത്രമല്ല ശരീരത്തിൽ രക്തയോട്ടം സുഗമമാക്കാനും സഹായിക്കും. പഠനം നടത്തിയത് കോളേജ് വിദ്യാർഥികളിലാണെങ്കിലും ഏത് പ്രായത്തിലുള്ളവർക്കും ഇത് സഹായകമാകുമെന്നും പ്രൊഫസർ പറയുന്നു.
ശരീരത്തിനാവശ്യമായ ആയ വിറ്റാമിൻ ഡി യുടെ 80 ശതമാനവും സൂര്യപ്രകാശത്തിന്റെ സഹായത്തോടുകൂടി ശരീരം കൊളസ്ട്രോള്‍ തന്മാത്രകളിൽ നിന്ന് ഉണ്ടാക്കുന്നു. വിറ്റാമിൻ ഡിയുടെ ഉൽപാദനത്തിനായി ശരീരം വെയിൽ കൊള്ളിക്കണം. അതിനാൽ 10 മുതൽ 30 മിനിറ്റ് വരെ ആഴ്ചയിൽ മൂന്ന് തവണ വെയിൽ കൊള്ളണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
സൂര്യപ്രകാശം ലഭിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചയാണ്, പ്രത്യേകിച്ച് ശൈത്യകാലത്ത്. സൂര്യൻ അതിന്‍റെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്നതിനാൽ ഉച്ചയോടെ അതിന്‍റെ ഏറ്റവും ശക്തമായ UVB രശ്മികൾ പുറപ്പെടുവിക്കുന്നു. അതിനാൽ, ആവശ്യത്തിന് വിറ്റാമിൻ ഡി ഉൽപ്പാദിപ്പിക്കുന്നതിന് വെയിലത്ത് കുറച്ച് സമയം ചെലവഴിക്കേണ്ടത് ആവശ്യമാണ്. ഉച്ചസമയത്താണ് ശരീരം വിറ്റാമിൻ ഡി ഏറ്റവും ഫലപ്രദമായി ഉത്പാദിപ്പിക്കുന്നതെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.