കളർഫുൾ പാക്കിങ്, കൊതിപ്പിക്കുന്ന മണം... പക്ഷേ, ശരിക്കും ഹെൽത്തിയാണോ ഹെൽത്ത് ഡ്രിങ്കുകൾ
|ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകൾ ലഭിക്കുന്നതിന് ഈ പൊടികൾ ഒരു ഗ്ലാസ് പാലിൽ കലർത്തി കുട്ടികൾക്ക് നൽകിയാൽ മതിയെന്നാണ് കമ്പനികളുടെ വാദം
നീളം വെക്കും, എനർജിയുടെ രഹസ്യം.. അങ്ങനെ എത്രയെത്ര പരസ്യങ്ങളിലൂടെയാണ് ഹെൽത്ത് ഡ്രിങ്കുകൾ നമുക്ക് മുന്നിലെത്തുന്നത്. പൗഡർ രൂപത്തിൽ എത്തുന്ന ഉൽപന്നങ്ങൾ കൂടുതലും ലക്ഷ്യമിടുന്നത് കുട്ടികളെയാണ്. പാലിലും മറ്റും കലർത്തി നൽകുന്ന ഇത്തരം ഉൽപന്നങ്ങൾ ശരിക്കും ആരോഗ്യകരമാണോ? കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ ഇവ നൽകുന്നുണ്ടോ? അതോ ആകർഷകമായ രീതിയിൽ പാക്ക് ചെയ്ത വെറും പഞ്ചസാര മാത്രമാണോ ഇത്? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും ഉയർന്നിട്ടുണ്ട്. ഇതൊരു ചർച്ചക്ക് തന്നെയാണ് വഴിവെച്ചിരിക്കുന്നത്.
ആരോഗ്യകരമായ പേശികളുടെ വളർച്ച വർദ്ധിപ്പിക്കാനും ശരീര വികസന ഗുണങ്ങളുണ്ടെന്നുമുള്ള വാഗ്ദാനങ്ങളുമായി നിരവധി ബ്രാൻഡുകളാണ് വിപണിയിലുള്ളത്. ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകൾ ലഭിക്കുന്നതിന് ഈ പൊടികൾ ഒരു ഗ്ലാസ് പാലിൽ കലർത്തി കുട്ടികൾക്ക് നൽകിയാൽ മതിയെന്നാണ് കമ്പനികളുടെ വാദം.
പഞ്ചസാര മാത്രം
കുട്ടികളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള വളർച്ചക്ക് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ടെന്ന് മിക്ക ഉൽപ്പന്നങ്ങളും അവകാശപ്പെടുമ്പോൾ ഈ ഉൽപന്നങ്ങളിൽ പലതിലും അമിതമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ നിരവധി ഉൽപന്നങ്ങൾ ഇത്തരത്തിൽ വിപണിയിലുണ്ട്. ഇവയിൽ ഗുണങ്ങളുള്ളവയും പാർശ്വഫലങ്ങളുള്ളവയുമുണ്ട്.
മരുന്ന് പോലെ തന്നെയാണ് ഇത്തരത്തിലുള്ള ഉൽപന്നങ്ങളും. ഇവ ഭക്ഷണത്തിൽ എത്രത്തോളം ഉൾപ്പെടുത്തണം അളവ് എന്തായിരിക്കണം എന്നത് പ്രധാനമാണ്. ഏത് പ്രായത്തിൽ നല്കണമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
ഊർജ്ജവും വിറ്റാമിനുകളും അടങ്ങിയ പാനീയങ്ങൾ ആയി പരസ്യങ്ങളിലൂടെ ചിത്രീകരിക്കുമ്പോഴും ഈ ഉൽപന്നങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ ഉയർന്ന അളവ് കമ്പനികൾ വെളിപ്പെടുത്താറില്ലെന്ന് ഗുഡ്ഗാവിലെ സികെ ബിർള ഹോസ്പിറ്റലിലെ നിയോനറ്റോളജി ആൻഡ് പീഡിയാട്രിക്‌സിലെ ലീഡ് കൺസൾട്ടന്റ് ഡോ സൗരഭ് ഖന്ന പറയുന്നു. അൾട്രാ-പ്രോസസ്ഡ് ഫുഡ് വിഭാഗത്തിൽ പെട്ടതാണ് ഇത്തരം ഉൽപന്നങ്ങൾ. ഇവ കുട്ടികൾക്ക് നൽകാതെ കഴിവതും ഒഴിവാക്കുകയാണ് നല്ലതെന്നും ഡോക്ടർ നിർദേശിക്കുന്നു. അമിതമായ ശരീരഭാരം, ദന്തക്ഷയം (പല്ലിലെ കേടുപാടുകൾ, ചെറിയ ദ്വാരങ്ങൾ), വിട്ടുമാറാത്ത ജീവിതശൈലി സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് കാരണമാകുമെന്നും ഡോക്ടർ വ്യക്തമാക്കി.
എപ്പോഴാണ് നൽകേണ്ടത്
കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം നൽകാൻ കഴിയാതെ വരുമ്പോൾ മാത്രമാണ് ഈ സപ്ലിമെന്റുകൾ കുട്ടികൾക്ക് നൽകേണ്ടതുള്ളൂ. ഇത്തരം പ്രൊഡക്ടുകളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ കണക്കിലെടുത്താൽ ഇത് കുട്ടികൾക്ക് അമിതമായി നൽകുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചില ഉൽപന്നങ്ങളിൽ സോയ, നിലക്കടല, മാൾടോഡെക്‌സ്‌ട്രിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത്തരം ഉൽപന്നങ്ങൾ തിരഞ്ഞെടുത്ത് നൽകുന്നത് ഗുണംചെയ്യും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു എന്നതാണ് മറ്റൊരു വാഗ്ദാനം.പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് പ്രതിരോധ കുത്തിവയ്പ്പിലൂടെയാണ്. അത് എനർജി ഡ്രിങ്കുകൾക്ക് കഴിയില്ല. ഈ ഉൽപ്പന്നങ്ങളിൽ പലതിലും ആദ്യത്തെ മൂന്ന് ചേരുവകളിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം പഞ്ചസാരയാണ്. പഞ്ചസാരയാണ് ഇവർ വാഗ്ദാനം ചെയ്യുന്ന ഊർജം. പഞ്ചസാര കഴിക്കുമ്പോൾ സ്വാഭാവികമായും ഊർജം ലഭിക്കും. കാരണം അതൊരു കാർബോഹൈഡ്രേറ്റ് ആണ്. ഇത് അമിതമാകുന്നത് കുഞ്ഞുങ്ങളുടെ ശരീരത്തിന് നല്ലതല്ല.
പകരം എന്ത്?
തങ്ങളുടെ ഉൽപ്പന്നങ്ങളിൽ കൂടുതൽ വിറ്റാമിനുകളും പോഷകങ്ങളും ഉണ്ടെന്ന് അവകാശപ്പെടുന്ന ബ്രാൻഡുകളെക്കുറിച്ചുള്ള മാർക്കറ്റിങ്ങുകളിൽ രക്ഷിതാക്കൾ കുടുങ്ങിപ്പോകരുത് എന്നതാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പഴങ്ങളും പച്ചക്കറികളും തന്നെയാണ് ഊർജത്തിന്റെ ഉറവിടം. പഴങ്ങൾ ജ്യൂസ് ആക്കിയോ മറ്റോ കുട്ടികൾക്ക് നൽകുന്നതാണ് ഏറ്റവും ഫലപ്രദം. പോഷകക്കുറവ് വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഇത്തരം ഉൽപന്നങ്ങളുട പിന്നാലെ പോകാൻ പാടുള്ളൂ. അതും വളരെ കുറച്ച് സമയത്തേക്ക് മാത്രമേ കുട്ടികൾക്ക് നൽകാവൂ എന്നതും ശ്രദ്ധിക്കണം.
ഒരു ശിശുരോഗവിദഗ്ദ്ധന്റെ ഉപദേശം തേടുക. നിങ്ങളുടെ കുട്ടിക്ക് എന്താണ് നല്ലതെന്ന് കണ്ടെത്താൻ ഇതിലൂടെ സാധിക്കും.