Health
ഇന്ത്യയിൽ പകുതി ജനസംഖ്യയ്ക്ക് ശാരീരിക ക്ഷമത നഷ്ടപ്പെടുന്നു: കണക്കുകൾ പുറത്തു വിട്ട് ലോകാരോഗ്യ സംഘടന
Health

ഇന്ത്യയിൽ പകുതി ജനസംഖ്യയ്ക്ക് ശാരീരിക ക്ഷമത നഷ്ടപ്പെടുന്നു: കണക്കുകൾ പുറത്തു വിട്ട് ലോകാരോഗ്യ സംഘടന

Web Desk
|
26 Jun 2024 10:43 AM GMT

ഈ സ്ഥിതി തുടർന്നാൽ രാജ്യത്തെ 60% യുവാക്കൾ അൺഫിറ്റ് ആകുമെന്നും മുന്നറിയിപ്പ്

മടിയൻ മല ചുമക്കും...സംഗതി വെറും പഴഞ്ചൊല്ലാണെന്ന് പറഞ്ഞ് തള്ളി കളയരുത്. കാര്യമായി പണിയെടുത്തില്ലെങ്കിൽ പണി പുറകിൽ വരും. ലോകാരോഗ്യ സംഘടന അടുത്ത കാലത്ത് പുറത്തു വിട്ട കണക്കുകളും മടിയന്മാരെ ഭയപ്പെടുത്തുന്നതാണ്.

ഇന്ത്യൻ യുവാക്കളുടെ ജനസംഖ്യയുടെ പകുതിയോളം പേരും ശരീരിത്തിന് ആവശ്യമായ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ. യുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതേ സ്ഥിതി തുടർന്നാൽ 2030 ആകുമ്പോഴേക്കും രാജ്യത്തെ 60%ൽ അധികം വരുന്ന യുവാക്കൾ അൺഫിറ്റ് ആകുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്.

ശരീരത്തിനാവശ്യമായ കായിക പ്രവർത്തനങ്ങൾ ചെയ്യാത്തവരുടെ എണ്ണം 2000-ൽ 22.3% ആയിരുന്നത് 2022-ൽ 49.4% ആയി ഉയർന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മടി പിടിച്ചിരിക്കുന്നത് പുരുഷന്മാരേക്കളും സ്ത്രീകൾക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 42% പുരുഷന്മാർക്ക് മതിയായ ആരോഗ്യ ക്ഷമത ഇല്ലെന്നു തെളിഞ്ഞപ്പോൾ 57.2% സ്ത്രീകളും ആരോഗ്യ പരിപാലനത്തിൽ പുറകിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

മതിയായ കായിക പരിശീലനമില്ലായ്മ ഹൃദ്രോഗം, പ്രമേഹം, അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഒഴിവാക്കാൻ മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മുതൽ 300 മിനിറ്റ് വരെ മിതമായ ശാരീരിക പ്രവർത്തനങ്ങളിലും ബുദ്ധിമുട്ടേറിയ ശാരീരിക പ്രവർത്തനങ്ങളെങ്കിൽ 75 മുതൽ 150 മിനിറ്റ് വരെ സമയം ചിലവഴിക്കണമെന്നും ഡബ്ല്യു.എച്ച്.ഒ. നിർദേശിക്കുന്നുണ്ട്. ആഗോളതലത്തിൽ, 195 രാജ്യങ്ങളിൽ മതിയായ ശാരീരിക പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഇന്ത്യ 12-ാം സ്ഥാനത്താണ്.

'ശാരീരിക നിഷ്‌ക്രിയത്വം ആഗോള ആരോഗ്യത്തിന് ഒരു നിശ്ശബ്ദ ഭീഷണിയാണ്, ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ ആക്കം കൂട്ടാൻ സഹായകമാകുന്നു. യുവാക്കൾക്കിടയിലും മുതിർന്നവരിലും ശാരീരിക ക്ഷമത കുറയുന്നത് ആശങ്കാജനകമായ പ്രവണതയാണ്' ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് പ്രൊമോഷൻ ഡയറക്ടർ ഡോ ഡിഗർ റെച്ച് പറഞ്ഞു.

Similar Posts