വെറുതേ കളയേണ്ട..; ഏറെയുണ്ട് പച്ച പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ
|പച്ച പപ്പായയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്
പഴുത്ത പപ്പായ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാകും. എന്നാൽ പൊതുവെ വളരെ കുറച്ച് പേർ മാത്രമാണ് പച്ച പപ്പായ കഴിക്കാറുള്ളത്. പച്ച പപ്പായയിൽ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, എൻസൈമുകൾ എന്നിവയാൽ സമ്പന്നമാണ് പച്ച പപ്പായ.
പച്ച പപ്പായ പാകം ചെയ്തും സാലഡായും കഴിക്കാം. ചിലർ മാംസം പാകം ചെയ്യുമ്പോൾ പച്ച പപ്പായ ചേർക്കാറുണ്ട്. ഇറച്ചി കൂടുതൽ മൃദുവാകാനും പെട്ടന്ന് വെന്ത് വരാനും വേണ്ടിയാണ് പച്ച പപ്പായ ചേർക്കുന്നത്. പച്ച പപ്പായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...
പ്രതിരോധശേഷി വർധിപ്പിക്കുന്നു
പച്ച പപ്പായയിൽ വിറ്റാമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ ശരീരത്തെ പ്രതിരോധിക്കാൻ ശക്തമായ പ്രതിരോധ സംവിധാനം അത്യാവശ്യമാണ്. ഭക്ഷണത്തിൽ അസംസ്‌കൃത പപ്പായ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ആരോഗ്യത്തോടെയിരിക്കുന്നതിനും സഹായിക്കും.
ദഹനത്തിന്
പച്ച പപ്പായയുടെ മറ്റൊരു പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് ദഹനം എളുപ്പമാക്കുക എന്നത്. പപ്പെയ്ൻ എന്ന എൻസൈം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം വേഗത്തിലാക്കാന്‍ സഹായിക്കും. ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതും എളുപ്പമാക്കും. ദഹനപ്രശ്‌നങ്ങൾക്കും കുടലിന്റെ ആരോഗ്യത്തിനും പച്ച പപ്പായ കഴിക്കുന്നത് നല്ലതാണ്.
ഹൃദയാരോഗ്യം
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ പച്ച പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. നാരുകൾ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും ഇതിൽ കുറവാണ്. ആരോഗ്യകരമായ രക്തസമ്മർദം നിലനിര്‍ത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ചർമ്മത്തിന്റെ ആരോഗ്യത്തിന്
പച്ച പപ്പായയിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളോടൊപ്പം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും കൊളാജൻ ഉൽപാദനം കൂട്ടുകയും ചെയ്യും. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ശരീര ഭാരം കുറക്കാൻ
പച്ച പപ്പായയിൽ കലോറി കുറവാണ്, പക്ഷേ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, പപ്പായയിലെ ദഹന എൻസൈമുകൾ മെറ്റബോളിസത്തെ സഹായിക്കുന്നു. കൂടാതെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറക്കുകയും ചെയ്യും.
പോഷകങ്ങളാൽ സമ്പന്നം
അവശ്യ പോഷകങ്ങളുടെ കലവറയാണ് പച്ച പപ്പായ. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായ ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ, വിറ്റാമിൻ എ, ഇ, കെ എന്നിവയും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
കാൻസർ പ്രതിരോധം
പപ്പായയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനും സഹായിക്കുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടില്ല.