ഉറങ്ങുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇതാണ്...
|ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പാനീയമാണ് ഗ്രീൻ ടീ. അതുകൊണ്ടുതന്നെ ഉറങ്ങുന്നതിന് മുമ്പ് ഗ്രീൻടീ കുടിക്കുന്നവരും ഏറെയാണ്. കിടക്കുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നതിന്റെ ഗുണങ്ങൾ ഇവയാണ്...
നല്ല ഉറക്കം ലഭിക്കുന്നു
ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നവരാണെങ്കിൽ കിടക്കുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഗുണം ചെയ്യും. സമ്മർദങ്ങൾകുറച്ച് നല്ല ഉറക്കം കിട്ടാൻ ഇത് സഹായിക്കും. ഗ്രീൻ ടീയിൽ തൈനൈൻ അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു . കൂടാതെ, ഇത് സമ്മർദം കുറയ്ക്കുന്നതിനും മാനസിക വിശ്രമം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതായി ഹെൽത്ത്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഗ്രീൻ ടീ കുടിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയും കുറയ്ക്കും.
കൊഴുപ്പ് എരിയിച്ചുകളയും
രാത്രിയിൽ ഗ്രീൻ ടീ കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നന്നായി ഉറക്കം ലഭിക്കുന്നത് വഴി നിങ്ങളുടെ മെറ്റബോളിസവും മൊത്തത്തിൽ കൂടും. ഇതുവഴി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുമെന്നും ശരീരഭാരം കുറക്കാനും സഹായിക്കും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു
ഗ്രീൻ ടീയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റാണ് പോളിഫെനോൾസ്. ഇതിന് ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളും ഉണ്ട്. അവ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനരീതിയെ വർധിപ്പിക്കും.
ആരോഗ്യമുള്ള മുടിയും തിളങ്ങുന്ന ചർമ്മവും
ഗ്രീൻ ടീ വാർധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുകയും മുടിയുടെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന വേദന കുറക്കാനും ഇത് സഹായിക്കും. ഗ്രീൻ ടീ കഴിക്കുന്നത് നിങ്ങളുടെ ചർമ്മം ഉത്പാദിപ്പിക്കുന്ന കൊളാജന്റെ അളവ് വർധിപ്പിക്കും. ഇത് ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നത് കുറക്കും.
ഗ്രീൻ കുടിക്കുന്നതിന്റെ ദോഷങ്ങൾ
ഗ്രീൻ ടീ അമിതമായി കുടിക്കുന്നതും ദോഷമാണ്. ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അമിതമായാൽ ഇത് ഉറങ്ങുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. ഗ്രീൻ ടീ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കുടിച്ചാൽ അർധരാത്രിയിൽ ഇടക്കിടക്ക് മൂത്രമൊഴിക്കാൻ തോന്നും. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം..