ദഹനത്തിന്, ഭാരം കുറക്കാൻ; കക്കരി കഴിച്ചാൽ ഒന്നല്ല, പലതുണ്ട് ഗുണങ്ങൾ
|90 ശതമാനം ജലാംശം അടങ്ങിയിരിക്കുന്ന കക്കരി പോഷകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടം കൂടിയാണ്
വേനൽക്കാലമാണ്..സഹിക്കാൻ വയ്യാത്ത ചൂടും..ശരീരത്തിൽ നിന്ന് അളവിലേറെ ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമയം.. ആവശ്യത്തിന് ജലാംശം ശരീരത്തിലുണ്ടായില്ലെങ്കിൽ അത് പലരോഗങ്ങൾക്കും വഴിവെക്കും. വേനൽക്കാലത്ത് ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അവയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് കക്കരി അഥവാ കുക്കുമ്പർ. 90 ശതമാനം ജലാംശം അടങ്ങിയിരിക്കുന്ന കക്കരി പോഷകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച ഉറവിടം കൂടിയാണ്..കക്കരി ജ്യൂസായോ,സാലഡ് രൂപത്തിലോ കഴിക്കാം.
ജലാംശം നിലനിർത്തും
കക്കരിയുടെ ഏറ്റവും എടുത്തുപറയേണ്ട പ്രത്യേക ജലാംശം നിലനിർത്തും എന്നത് തന്നെയാണ്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ കക്കരി ജ്യൂസ് കുടിക്കുന്നത് മൂലം സാധിക്കും.
ആരോഗ്യകരമായ ചർമ്മത്തിന്
കക്കരി കഴിക്കുന്നത് ചർത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ആരോഗ്യകരമായ ചർമ്മത്തിന് ജലാംശം അത്യാവശ്യമാണ്. ഇത് കക്കരിയിലൂടെ ലഭിക്കും. കൂടാതെ ചർമ്മത്തിന് ഇലാസ്റ്റിസിറ്റി നൽകുകയും ചെയ്യും. ചർമ്മിന് പ്രായക്കൂടുതൽ തോന്നുന്നത് പിടിച്ചുനിർത്താനും സാധിക്കും.
ദഹനത്തിന്
കക്കരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹന ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഭക്ഷണത്തിൽ കക്കരി ഉൾപ്പെടുത്തുന്നത് മലബന്ധം തടയുകയും ചെയ്യുന്നു.നെഞ്ചെരിച്ചിൽ,ഗ്യാസ്ട്രബിൾ,അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും.
ആന്റിഓക്സിഡന്റ് ഗുണങ്ങൾ
ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ കക്കരിയിൽ അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.
ഭാര നിയന്ത്രണത്തിന്
ശരീര ഭാരം കുറക്കാൻ ശ്രമിക്കുന്നവർ കക്കരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുന്നത് നല്ലതാണ്. 90 ശതമാനത്തിലധികം വെള്ളം അടങ്ങിയിരിക്കുന്നതിന് പുറമെ കക്കരിയിൽ കലോറി വളരെ കുറവാണ്. കൂടാതെ കക്കരി വിറ്റാമിൻ കെ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ്.