മീൻ ഇഷ്ടമാണോ? ആരോഗ്യ ഗുണങ്ങളിൽ ഏറെ മുന്നിൽ; അറിഞ്ഞുകഴിക്കാം...
|മത്സ്യങ്ങളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്
സസ്യാഹാരികളില്ലാത്ത ഭൂരിഭാഗം മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മത്സ്യം. രുചിയുള്ള ഭക്ഷണം എന്നതിനപ്പുറം മത്സ്യം കഴിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. എന്നാൽ മീൻ എല്ലായ്‌പ്പോഴും പൊരിച്ചു കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. മീൻ കറിവെച്ചോ,ഗ്രില്‍ ചെയ്തോ കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്നും ആരോഗ്യവിദഗ്ധർ ഉപദേശിക്കുന്നു
മത്സ്യം കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ ഇതാ:
ഒമേഗ -3 യുടെ ഉറവിടം
ഒമേഗ -3 (ഒമേഗ 3 ഫുഡ്) മനുഷ്യന്റെ വികസനത്തിനും നല്ല ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഇത് കുറച്ച് വസ്തുക്കളിൽ നിന്ന് മാത്രമേ ലഭിക്കൂ. മനുഷ്യന്റെ തലച്ചോറിന്റെയും കണ്ണുകളുടെയും വികാസത്തിനും ആരോഗ്യത്തിനും ഇവ വളരെ പ്രധാനമാണ്. സാൽമൺ, മത്തി, ട്രൗട്ട് മത്സ്യങ്ങൾ എന്നിവയിൽ ആവശ്യത്തിന് ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
മസ്തിഷ്‌കത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്തും
മനുഷ്യ മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗവും കുട്ടിക്കാലത്ത് വികസിക്കുന്നു. പ്രായമാകുമ്പോൾ അതിന്റെ പ്രവർത്തനം ദുർബലമാകാൻ തുടങ്ങുന്നു. അതുകൊണ്ടാണ് മസ്തിഷ്‌കത്തെ ശക്തിപ്പെടുത്തുന്നതിനും ജാഗ്രത പുലർത്തുന്നതിനും മത്സ്യം കഴിക്കുന്നത് സഹായിക്കും. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ തലച്ചോറിന്റെ ശക്തി വർധിപ്പിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രോട്ടീനും പോഷകങ്ങളും
മത്സ്യങ്ങളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പേശികൾക്ക് ശക്തി നൽകുന്നു. പ്രായമാകുമ്പോൾ ആളുകൾക്ക് അവരുടെ പേശികളുടെ ബലഹീനത അനുഭവപ്പെടും. അതുപോലെ സ്പോർട്സ്, വ്യായാമം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും അവരുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിന് മത്സ്യം സഹായിക്കും.
വൈറ്റമിൻ ഡിയുടെ മികച്ച ഉറവിടം
വൈറ്റമിൻ ഡിയുടെ ഏറ്റവും വലിയ സ്രോതസാണ് സൂര്യപ്രകാശം. വളരെ കുറച്ച് ഭക്ഷണങ്ങളിൽ മാത്രമേ വൈറ്റമിൻ ഡി കാണപ്പെടുന്നുള്ളൂ. വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് മത്സ്യം. ഈ വിറ്റാമിന്റെ കുറവ് മൂലം എല്ലുകൾ ദുർബലമാവുകയും അവ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, പതിവായി മത്സ്യം കഴിക്കുന്നത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും.
കാഴ്ചശക്തിയെ കാക്കും
പ്രായമാകുന്തോറും കാഴ്ചശക്തി കുറയുന്നു. ഇന്നത്തെ കാലത്ത് കംമ്പ്യൂട്ടർ സ്‌ക്രീനിനും മൊബൈൽ ഫോണിനും മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നവരാണ് മിക്കവരും. ഇത് കണ്ണുകളെ വലിയ രീതിയിൽ ദോഷം ചെയ്യുന്നുണ്ട്. മത്സ്യങ്ങളിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ കാഴ്ചശക്തി കുറക്കുന്നത് തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.