മഞ്ഞളിനെ കൂട്ടുപിടിച്ചോളൂ; പ്രമേഹത്തെ നിയന്ത്രിക്കാം...
|മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരൾ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു
സുഗന്ധവ്യഞ്ജനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ. കേരളീയർക്ക് മഞ്ഞളില്ലാത്ത അടുക്കളയെ കുറിച്ച് ചിന്തിക്കാനേ പറ്റില്ല.കാരണം നമ്മുടെ ഒട്ടുമിക്ക കറികളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുക മാത്രമല്ല ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് മഞ്ഞൾ.
അണുബാധ, ചർമ്മ പ്രശ്‌നങ്ങൾ, ദഹന പ്രശ്‌നങ്ങൾ, വൃക്ക പ്രശ്‌നങ്ങൾ, പൊള്ളൽ, ശ്വാസകോശ സംബന്ധമായ അണുബാധകൾ, അലർജികൾ, കരൾ രോഗങ്ങൾ എന്നിവയുടെ ചികിത്സക്കായി മഞ്ഞൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും മഞ്ഞൾ വലിയ രീതിയിൽ ഗുണം നൽകും.
പ്രമേഹമുള്ളവർക്ക് ഫാറ്റി ലിവർ രോഗവും മറ്റ് വൈകല്യങ്ങളും ഉണ്ടാകാനുള്ള സാധ്യതകൂടുതലാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരൾ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് കുർക്കുമിൻ ഫലപ്രദമാണ്.
പ്രമേഹം ബാധിച്ചവർക്കുണ്ടാകുന്ന തിമിരത്തെയും തടയാനും ഹൈപ്പർഅൽജിസിയ മെച്ചപ്പെടുത്താനും മഞ്ഞൾ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രമേഹം രക്തക്കുഴലുകളെ ആക്രമിക്കുകയും കാലക്രമേണ അവ നശിക്കാനും ഇടവരുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട് രക്തക്കുഴലുകളുടെ മോശം അവസ്ഥ മെച്ചപ്പെടുത്താൻ കുർക്കുമിൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
പാലിൽ മഞ്ഞളിട്ട് തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്. പാലു തിളയ്ക്കുമ്പോൾ ഇതിൽ ലേശം മഞ്ഞൾപ്പൊടിയിട്ട് തിളപ്പിയ്ക്കുക. കൊഴുപ്പില്ലാത്ത പാൽ ഇതിനായി എടുക്കാന്‍ ശ്രദ്ധിയ്ക്കുക. പ്രതിരോധ ശേഷി വർധിക്കാനും മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. പ്രമേഹ രോഗികളിലുണ്ടാകുന്ന മുറിവുകൾ വേഗത്തിലുണക്കാൻ സഹായിക്കും.
പാലിൽ മഞ്ഞളിട്ട് തയ്യാറാക്കുന്ന പാലില്‍ അല്‍പം കുരുമുളകു പൊടിയിട്ടു കുടിയ്ക്കുന്നതും പ്രമേഹത്തിനുള്ള മരുന്നാണ്. പ്രമേഹം അധികമുള്ളവരും മറ്റ് രോഗങ്ങളുള്ളവരും ഡോക്ടറുടെ നിർദേശം കൂടി തേടുന്നത് എപ്പോഴും നല്ലതാണ്.