Health
Saudi directive to school canteen workers
Health

കത്തുന്ന വേനൽ; അടുക്കളയിൽ കയറുമ്പോഴും ശ്രദ്ധവേണം- മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം

Web Desk
|
12 April 2024 5:02 AM GMT

ചൂടിനെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്

അകത്തും പുറത്തും ഒരുപോലെ സഹിക്കാനാവാത്ത ചൂട്. അകത്തിരിക്കുമ്പോൾ പുറത്തിറങ്ങാമെന്നും പുറത്തിറങ്ങുമ്പോൾ അകത്ത് കയറാമെന്നും തോന്നുന്ന അവസ്ഥയിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ പല സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂടിനെ പ്രതിരോധിക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട്, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയയവും ചില മുൻകരുതൽ നിർദേശിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലാണ് വേനൽക്കാല ചൂടിനെ ചെറുക്കാനുള്ള മുൻകരുതൽ പങ്കുവെച്ചത്. ശരീരത്തിൽ ജലാംശം നിലനിർത്തുക, ഇടക്കിടക്ക് ലഘുഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ നിർദേശങ്ങളും ആരോഗ്യമന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിന് പുറമെ ഭക്ഷണം പാകം ചെയ്യാൻ അടുക്കളയിൽ കയറും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം...


നട്ടുച്ചക്ക് അടുക്കളയിൽ പാകം ചെയ്യുന്നത് ഒഴിവാക്കാം..

ഉച്ചയോടെ അന്തരീക്ഷത്തിലെ ചൂട് വല്ലാതെ കൂടും..ഈ കത്തുന്ന ചൂടിനൊപ്പം പാകം ചെയ്യുന്നതിന്റെ ചൂടും കൂടിയാകുമ്പോൾ അടുക്കളയിലെ താപനില വർധിപ്പിക്കും. ഇത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ഇത് ശരീരത്തിലെ ചൂട് വർധിപ്പിക്കുന്നതിനും അപകട സാധ്യതയും വർധിപ്പിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഉച്ച തിരിഞ്ഞ് ഭക്ഷണം പാകം ചെയ്യുന്നത് പരമാവധി ഒഴിവാക്കാം.. പരമാവധി ഉച്ചക്ക് മുമ്പ് പാകം ചെയ്യാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

വായുസഞ്ചാരം ഉറപ്പുവരുത്തുക

ഭക്ഷണം പാകം ചെയ്യുമ്പോൾ പുകയും നീരാവിയും കറികളുടെയും മസാലകളുടെയും ഗന്ധവുമെല്ലാം അടുക്കളയിൽ നിറയും.വായു സഞ്ചാരമില്ലെങ്കിൽ ഇവ ശ്വസിക്കുന്നത് പലപ്പോഴും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു.കൂടാതെ കണ്ണിനും ചർമത്തിനുമെല്ലാം ദോഷം ചെയ്യും. അതുകൊണ്ട് പാകം ചെയ്യുന്ന ഇടം വായുസഞ്ചാരം ഉറപ്പുവരുത്തണമെന്നും അടുക്കളയിലെ ജനലുകളും വാതിലുകളും തുറന്നിടണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.


ഉയർന്ന പ്രോട്ടീനടങ്ങിയ ഭക്ഷണം ഒഴിവാക്കുക

വേനൽക്കാലത്തെ അമിതമായ ചൂട് കാരണം ശരീരത്തിൽ നിന്ന ധാരാളം വെള്ളം നഷ്ടപ്പെടും. പ്രോട്ടീൻ ദഹിപ്പിക്കാൻ ശരീരത്തിന് അധിക വെള്ളം ആവശ്യമാണ്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വെള്ളവും അധികമായി നഷ്ടപ്പെടും. ഇതുമൂലം പലപ്പോഴും നിർജ്ജലീകരണത്തിനും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ട് ആരോഗ്യവും നിലനിർത്താൻ ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.

കഫീൻ, കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക

ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, മധുരമുള്ള പാനീയങ്ങൾ തുടങ്ങിയ കഫീനുകൾ ഡൈയൂററ്റിക്‌സാണ്. ഇത് നിർജ്ജലീകരണത്തിന് കാരണമാകുന്നു. ശരീരത്തിൽ നിന്ന് അധികമായി ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഈ പാനീയങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.


Similar Posts