രാജ്യത്ത് ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു: കോവിഡിന് ശേഷമെന്ന് റിപ്പോർട്ട്
|പ്രായ-ലിംഗ ഭേദമന്യേ ഉണ്ടാകുന്ന ഒരു രോഗമായി ഹൃദയാഘാതം മാറിക്കഴിഞ്ഞു. ഇന്ത്യയിൽ ഹൃദയാഘാതം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും ഗണ്യമായി വർധിച്ചുവരികയാണ്.
ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയ്‌ലിയര്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഹൃദ്രോഗങ്ങൾ നമുക്കറിയാം. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന രോഗമാണ് ഹൃദ്രോഗം. ശരീരത്തിലെ മറ്റേത് അവയവങ്ങളും ഉണ്ടാകുന്ന രോഗം പോലെയല്ല ഹൃദയത്തിൽ ഉണ്ടാകുന്നത്. ചെറിയ ലക്ഷണങ്ങൾ ആണെങ്കിൽ കൂടി അത് ഗുരുതരമാകാൻ അധിക സമയം വേണ്ടിവരില്ല. അതിനാൽ, തന്നെ ഹൃദയാരോഗ്യം എന്നത് ഏറെ പ്രധാനമായ ഒന്നാണ്.
ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയ്‌ലിയര്‍ എന്നീ അവസ്ഥകളിൽ നിന്ന് വ്യത്യസ്തമാണ് ഹൃദയാഘാതം. പെട്ടെന്നുണ്ടാകുന്ന ഒന്നാണിത്. പ്രായം ഒരു ഘടകമേയല്ല, ചെറുപ്പക്കാരിലാണ് ഇന്ന് ഹൃദയാഘാതം കൂടുതലായി ഉണ്ടാകുന്നത്. ഒരു തവണ അറ്റാക്ക് ഉണ്ടായി പിന്നീട് ജീവിതകാലം മുഴുവൻ അതിന്റെ പ്രയാസങ്ങൾ പേറി നടക്കേണ്ടിവരുന്നവരുടെ എണ്ണവും കുറവല്ല.
ഹൃദയ പേശികളിലേക്കു പോകുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് കുഴലുകള്‍ ചുരുങ്ങുന്നതാണ് ഹൃദയാഘാതത്തിന് കാരണം. ആദ്യം ചെറിയ അളവിലാണെങ്കിലും ക്രമേണ വർധിച്ച് ഹൃദയത്തിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെടുത്തുന്നു. പിന്നീട് പെട്ടെന്നൊരു ദിവസം രക്തം കട്ട പിടിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. നെഞ്ചിൽ കഠിനമായ വേദന, അമിതമായി വിയർക്കുക, ഛർദിക്കാൻ തോന്നുക എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ.
പ്രായമേറിയവരെയും വ്യായാമമില്ലാത്തവരെയും പുകവലിക്കാരെയുമാണ് ഹൃദയാഘാതം ആദ്യം പിടികൂടിയിരുന്നതെങ്കിൽ ഇന്നത് പ്രായ-ലിംഗ ഭേദമന്യേ ഉണ്ടാകുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു. ഇന്ത്യയിൽ ഹൃദയാഘാതം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും ഗണ്യമായി വർധിച്ചുവരികയാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2022ൽ മാത്രം ഹൃദയാഘാത കേസുകളിൽ 12.5% വർധനവാണുണ്ടായത്.
കോവിഡ് മഹാമാരിയുടെ നീണ്ടുനിൽക്കുന്ന ആഘാതവുമായി വിദഗ്‌ധർ ഈ വർധനവിനെ ബന്ധിപ്പിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവർക്ക് പ്രതിരോധശേഷി നഷ്ടപ്പെടുന്നതടക്കം നിരവധി മാറ്റങ്ങൾ ശരീരത്തിലുണ്ടാകുന്നു. ശാരീരികാരോഗ്യത്തെ അടിമുടി തകർത്തുകൊണ്ടാണ് കോവിഡ് കടന്നുപോവുക. രോഗം ഭേദമായാലും ഇതിന്റെ ലക്ഷണങ്ങൾ വിട്ടുപോകാതെ നിരവധി ആളുകളുണ്ട്. ഇത്തരം പ്രവണതകൾക്ക് ഹൃദയാഘാതവുമായി ബന്ധമുണ്ടെന്നാണ് സൂചന.
2022 ൽ 32,457 പേരാണ് ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്. മുൻ വർഷത്തിൽ രേഖപ്പെടുത്തിയ 28,413 മരണങ്ങളിൽ നിന്നുള്ള ഗണ്യമായ കുതിപ്പാണിത്. പെട്ടെന്നുള്ള മരണങ്ങളുടെ മൊത്തത്തിലുള്ള വർദ്ധനവ് 2022 ൽ 56,450 ആയി ഉയർന്നു. മുൻ വർഷങ്ങളിൽ ഇത് 50,739 ആയിരുന്നു. 10.1% വർധനവാണ് ഉണ്ടായത്. അക്രമം ഒഴികെയുള്ള മറ്റേതെങ്കിലും കാരണത്താൽ (ഉദാഹരണത്തിന്, ഹൃദയാഘാതം, മസ്തിഷ്ക രക്തസ്രാവം മുതലായവ) തൽക്ഷണമോ മിനിറ്റുകൾക്കുള്ളിൽ സംഭവിക്കുന്നതോ ആയ അപ്രതീക്ഷിത മരണത്തെയാണ് എൻസിആർബി പെട്ടെന്നുള്ള മരണമായി നിർവചിക്കുന്നത്.
2022-ലെ ആകെ പെട്ടെന്നുള്ള മരണങ്ങൾ 56,450 ആണ്. ഹൃദയാഘാത മരണങ്ങളുടെ പ്രത്യേക വിഭാഗത്തിലും കുത്തനെയുള്ള വർധനവാണ് കാണുന്നത്. 2020 ൽ രേഖപ്പെടുത്തിയ 28,579 എന്ന കണക്കിൽ നിന്ന് 2021 ൽ 28,413 ആയി കുറഞ്ഞെങ്കിലും 2022 ൽ ഇത് വീണ്ടും 32,457ആയി വർധിക്കുകയായിരുന്നു.
ഈ പ്രവണതയെ സംബന്ധിക്കുന്ന ഘടകങ്ങളെ കുറിച്ച് മനസിലാക്കേണ്ടതിന്റെയും ബോധവത്കരണം നടത്തേണ്ടതിന്റെയും ആവശ്യകതയും എൻസിആർബി ഡാറ്റ ഊന്നിപ്പറയുന്നുണ്ട്. ഹൃദയാരോഗ്യത്തിൽ കോവിഡിന്റെ സ്വാധീനം അവഗണിക്കാൻ കഴിയില്ല. പ്രതിരോധ നടപടികൾ ശക്തമാക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യപരിപാലന വിദഗ്ധർ പറയുന്നു.
അടിസ്ഥാനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് പ്രധാനം. പതിവായി വ്യായാമം ചെയ്യുക, മദ്യപാനവും പുകവലിയും കുറയ്ക്കുക, പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കുക തുടങ്ങിയവ. ഇന്ത്യ നേരിടുന്ന ഈ ആരോഗ്യ പ്രതിസന്ധിയെ മറികടക്കാനും, ഹൃദയാരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ജീവൻ രക്ഷിക്കാൻ സമയബന്ധിതമായ മെഡിക്കൽ ഇടപെടൽ ഉറപ്പാക്കുന്നതിനും യോജിച്ച ശ്രമങ്ങൾ ആവശ്യമാണ്.