Health
കൊളസ്‌ട്രോൾ കൂടിയാൽ മാത്രമാണോ ഹൃദയാഘാതം വരിക; അറിയാം ഈ കാര്യങ്ങൾ
Health

കൊളസ്‌ട്രോൾ കൂടിയാൽ മാത്രമാണോ ഹൃദയാഘാതം വരിക; അറിയാം ഈ കാര്യങ്ങൾ

Web Desk
|
8 July 2022 9:59 AM GMT

മെഡിക്കൽ ഭാഷയിൽ മയോ കാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്നതാണ് ഹൃദയാഘാതം.

ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദയാഘാതം. ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും അശ്രദ്ധയുമാണ് പല ജീവനുകളും പൊലിയാനുള്ള കാരണം. ചെറുപ്രായത്തിൽ വരുന്ന ഹൃദയാഘാതങ്ങളിൽ 80 ശതമാനവും പ്രതിരോധിക്കാൻ പറ്റുന്നവയാണ് എന്നാണ് ശാസ്ത്രം പറയുന്നത്.

എന്താണ് ഹൃദയാഘാതം

മെഡിക്കൽ ഭാഷയിൽ മയോ കാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്നതാണ് ഹൃദയാഘാതം. ഹൃദയപേശികളിലേക്ക് രകതമെത്തിക്കുന്ന കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ കൊഴുപ്പും കാൽസ്യവും അടിഞ്ഞുകൂടി, ഹൃദയത്തിന്റെ രകതക്കുഴലുകൾ പൂർണമായും അടഞ്ഞ് ഹൃദയപേശികളിലേക്കുള്ള രകതയോട്ടം നിലക്കുകയും ഇത് മൂലം പേശികളുടെ പ്രവർത്തനം നിലച്ച് അവ നശിച്ചുപോവുകയും ചെയ്യുന്ന അവസ്ഥയാണ്.

ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം

ഹൃദയാഘാതമുണ്ടാവുന്ന സമയത്ത് ആളുകൾക്ക് സാധാരണ നെഞ്ചിൽ ഭാരം എടുത്തുവച്ച പോലെയുള്ള അസ്വസ്ഥതയായിട്ടാണ് അനുഭവപ്പെടുക. നെഞ്ചിന്റെ മധ്യഭാഗത്തായി അനുഭവപ്പെടുന്ന അസ്വസ്ഥതപോലെയുള്ള വേദന ഇടതുകൈയിലേക്ക് പടരും. ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ സമയം പാഴാക്കാതിരിക്കലാണ് പ്രധാനം. മിക്കപ്പോഴും പുലർച്ചെയാണ് ഹൃദയാഘാതം വരുന്നത്. എന്നാൽ അതിന്‍റെ അസ്വസ്ഥത രാത്രി തന്നെ തുടങ്ങിയിട്ടുണ്ടാവും. ആ സമയത്ത് ഗ്യാസാണെന്ന് കരുതി അതിനെ അവഗണിക്കാതെ ഇതിൻൈറ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ അതിന് വേണ്ടത്ര പ്രാധാന്യം നൽകുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്

നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും

മനുഷ്യശരീരത്തിൽ നല്ല കൊളസ്ട്രാൾ, ചീത്ത കൊളസ്ട്രാൾ എന്നിങ്ങനെ രണ്ടു വിധത്തിലുള്ള കൊളസ്ട്രോളാണുള്ളത്. എച്ച്.ഡി.എൽ നല്ല കൊളസ്ട്രാളാണ്. എന്നാൽ ട്രഗ്ലിസറൈഡ്‌സ്, എൽഡിഎൽ, വിഎൽഡിഎൽ എന്നിങ്ങനെയുള്ള ചീത്ത കൊളസ്ട്രാളിന്റെ അളവ് ശരീരത്തിൽ കൂടിയാൽ അത് രകതക്കുഴലുകളിൽ അടിഞ്ഞു കൂടുകയും ബ്ലോക്ക് ഉണ്ടാവാൻ പ്രരിപ്പിക്കുന്നതുമാണ്.ഇത് നിയന്ത്രിക്കുകയാണ് ബ്ലോക്കിനുള്ള സാധ്യത കുറക്കുകയും അതുമൂലം ഹൃദയാഘാതം തടയുകയും ചെയ്യുന്നു. വ്യായാമം, കൊഴുപ്പ് കുറഞ്ഞ ഭക്ഷണം, പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക എന്നിവ വഴി ചീത്ത കൊളസ്ട്രാളിന്റെ അളവ് കൂടാതെ സഹായിക്കുന്നു.

ഹൃദ്രോഗമുണ്ടാക്കുന്ന മുഖ്യവില്ലൻ കൊളസ്‌ട്രോളാണ് എങ്കിലും ഹാർട്ടറ്റാക്കുണ്ടാകുന്ന 40-50 ശതമാനം രോഗികളിലും കൊളസ്‌ട്രോളിന്റെ അളവു സാധാരണയിൽ കുറവായിട്ടാണു കണ്ടുവരുന്നത്. അതായതു ഹാർട്ടറ്റാക്കുണ്ടാക്കുന്ന പല ആപത്ഘടകങ്ങളിൽ ഒന്നു മാത്രമാണു കൊളസ്‌ട്രോൾ എന്നു ചുരുക്കം.

കൊളസ്‌ട്രോളിന്റെ അളവു സാധാരണനിലയിൽ കാണുന്നവരിൽ മറ്റ് ആപത്ഘടകങ്ങളായ പുകവലി, ഉയർന്ന രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം, വ്യായാമക്കുറവ്, സ്‌ട്രെസ്, ജനിതക പ്രവണത എന്നിവകളുടെ അതിപ്രസരം ഹൃദ്രോഗത്തിനു കാരണമാകാം. അതുപോലെ കൊളസ്‌ട്രോളിന്റെ അളവു കൂടുതൽ കാണുന്നവരിൽ ഹാർട്ടറ്റാക്കുണ്ടാകാത്ത സാഹചര്യങ്ങളും ഉണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദയാഘാതത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും മാറ്റിയെടുക്കാൻ പറ്റുന്ന ശീലങ്ങളുണ്ട്. പുകവലി, മാനസിക സമ്മർദ്ദം, പ്രമേഹം, ബി.പി, വ്യായാമക്കുറവ്, അമിതഭാരം എന്നീ മാറ്റിയെടുക്കാൻ പറ്റുന്ന ശീലങ്ങൾ പിന്തുടർന്നാൽ തന്നെ ഒരു പരിധി വരെ നമുക്ക് ഹൃദയാഘാതത്തിൽ നിന്നും രക്ഷനേടാവുന്നതാണ്

ചായയും കാപ്പിയും ഒഴിവാക്കുക. അതേസമയം അയല, മത്തി, ട്യൂണ എന്നിങ്ങനെ ഒമേഗ 3 ഫാറ്റി ആസിഡുകൾ സമൃദ്ധമായടങ്ങിയ മഝ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡ് രകതക്കുഴലുകൾക്ക് സംരക്ഷണം നൽകുന്നു. ഇടയ്ക്കിടെ പ്രഷറും കൊളസ്‌ട്രോളും പരിശോധിക്കുക, വ്യായാമം ശീലമാക്കുക, നല്ല മാനസിക ആരോഗ്യം ഉണ്ടാക്കുക

Similar Posts