കരള്‍ പണിതരും; പിടിവിടും മുന്‍പ് ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
|സുരക്ഷിതമല്ലാത്ത രക്തദാനം, ലൈംഗിക ബന്ധത്തിലൂടെയും ജീവിതശൈലിയിലെ നിയന്ത്രണമില്ലാത്തതും ഡോക്ടര്‍മാരുടെ നിര്‍ദേശം തേടാതെയുമുള്ള മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും അമിതമായ ഉപയോഗവും കരള്‍രോഗങ്ങള്‍ കൂടിവരുന്നതിനു കാരണമാവുന്നുണ്ട്
നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്ക് നിര്‍വഹിക്കുന്ന അവയവമാണ് കരള്‍. രക്തത്തില്‍നിന്ന് മാലിന്യങ്ങള്‍, ബാക്ടീരിയകള്‍, വിഷവസ്തുക്കള്‍, അധിക വസ്തുക്കള്‍ എന്നിവ നീക്കം ചെയ്യുക. പോഷകങ്ങള്‍, മരുന്നുകള്‍, ഹോര്‍മോണുകള്‍ എന്നിവ നിയന്ത്രിക്കുക. കൊഴുപ്പ് ദഹിപ്പിക്കാനും ചെറുകുടലില്‍ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകള്‍ ആഗിരണം ചെയ്യാനും സഹായിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ആവശ്യ പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കുക, രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുക, ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കുക, വൈറ്റമിന്‍സിന്റെയും മിനറല്‍സിന്റെയും സംഭരണം, രക്തം കട്ടപിടിക്കാന്‍ ആവശ്യമായ ഘടകങ്ങള്‍ ഉത്പാദിപ്പിക്കുക തുടങ്ങിയവ കരളിന്റെ പ്രധാന ധര്‍മങ്ങളില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യത്തിന് നാം വലിയ പ്രാധാന്യം നല്‍കേണ്ടതുണ്ട്. നമ്മുടെ അശ്രദ്ധകൊണ്ട് വളരെ എളുപ്പത്തില്‍ തന്നെ വിവിധതരം രോഗങ്ങള്‍ കരളിനെ കീഴടക്കിയേക്കാം.
അമിത മദ്യപാനം, ഹെപ്പറ്റൈറ്റിസ്, അണുബാധ, ചില മരുന്നുകള്‍, വിഷവസ്തുക്കള്‍ ശരീരത്തിനകത്തെത്തുക, അമിതവണ്ണം, കാന്‍സര്‍ തുടങ്ങിയ പല കാരണങ്ങള്‍ കരളിനെ രോഗാതുരമാക്കും. പ്രാഥമിക ലക്ഷണങ്ങള്‍ വളരെ കുറവായതുകൊണ്ടുതന്നെ അസുഖം ഗുരുതരമായ ശേഷം മാത്രമാണ് ലക്ഷണങ്ങള്‍ പുറത്തുകാണാറുള്ളത്. ഇത് കരള്‍രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ സങ്കീര്‍ണമാക്കുന്നതിന് പ്രധാന കാരണമാകുന്നു. കൃത്യമായ ഇടവേളകളില്‍ നടത്തുന്ന ആരോഗ്യ പരിശോധനകള്‍ ഇത്തരം രോഗത്തെ മുന്‍കൂട്ടിക്കണ്ട് ചികിത്സ തേടാന്‍ സഹായിക്കും.
കരളിന്റെ അസുഖങ്ങള്‍ക്കു പ്രധാന കാരണങ്ങളിലൊന്ന് മലിനജലത്തിലൂടെയുള്ള സമ്പര്‍ക്കമാണ്. ഇന്ന് വളരെ കൂടുതല്‍ പേര്‍ക്കും പെട്ടെന്നുള്ള കരള്‍രോഗം വരുന്നത് മഞ്ഞപ്പിത്തം മൂലമാണ്. സുരക്ഷിതമല്ലാത്ത രക്തദാനം, ലൈംഗിക ബന്ധത്തിലൂടെയും ജീവിതശൈലിയിലെ നിയന്ത്രണമില്ലാത്തതും ഡോക്ടര്‍മാരുടെ നിര്‍ദേശം തേടാതെയുള്ള മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും അമിതമായ ഉപയോഗവും കരള്‍രോഗങ്ങള്‍ കൂടിവരുന്നതിനു കാരണമാവുന്നുണ്ട്.
ചില ലക്ഷണങ്ങള്‍ മനസിലാക്കാം
കണ്ണിലോ തൊലിപ്പുറത്തോ മഞ്ഞനിറം കാണുന്നത് കരളിന്റെ പ്രവര്‍ത്തനം മോശമാകുന്നതിന്റെ ലക്ഷണമാണ്. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍ മറ്റൊരു ലക്ഷണമാണ്. ചര്‍മത്തില്‍ ചുണങ്ങോ അതുപോലുള്ള പൊതുവായി ചൊറിച്ചിലിന് കാരണമാകുന്ന ലക്ഷണങ്ങളോടുകൂടിയതോ, ലക്ഷണങ്ങള്‍ ഇല്ലാതെയോയുള്ള ചൊറിച്ചില്‍, വയറുവീര്‍ക്കല്‍, പൊക്കിള്‍ പുറത്തേക്ക് തള്ളിനില്‍ക്കല്‍ എന്നിവ ചിലപ്പോള്‍ കരള്‍രോഗങ്ങളുടെ ലക്ഷണമായിരിക്കാം. ചിലരില്‍ കാലില്‍ നീര് പ്രത്യക്ഷപ്പെടുന്നതും കരളിനെ ബാധിക്കുന്ന രോഗങ്ങളുടെ ഭാഗമായിട്ടാവാന്‍ സാധ്യതയുണ്ട്. മൂത്രത്തിന്റെയും മലത്തിന്റെയും നിറവ്യത്യാസവും പ്രത്യേകം ശ്രദ്ധിക്കണം.
കരള്‍രോഗബാധിതരില്‍ മൂത്രത്തിന്റെ നിറം ഇരുണ്ടതും മലം തവിട്ട് നിറത്തിലുമായി കാണപ്പെടാറുണ്ട്. ശ്രദ്ധക്കുറവ്, ക്ഷീണം, നീണ്ടുനില്‍ക്കുന്ന ഓക്കാനം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്. ഛര്‍ദിയിലോ മലത്തിലോ രക്തത്തിന്റെ അംശം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുകയും പെട്ടെന്ന് ചികിത്സ തേടുകയുംവേണം. ശരീരത്തില്‍ കാരണമില്ലാതെ ചില ഭാഗങ്ങളില്‍ തൊലിപ്പുറത്ത് രക്തം കട്ടപിടിച്ചതുപോലെയോ ചതവുപോലെയോ കാണപ്പെടുന്നതും, മുറിവോ മൂക്കില്‍നിന്ന് രക്തസ്രാവമോ ഉണ്ടായാല്‍ അത് ദീര്‍ഘനേരം നിലനില്‍ക്കുന്നതും കരള്‍രോഗത്തിന്റെ ലക്ഷണമാണ്. വയറില്‍ ദ്രാവകം അടിഞ്ഞുകൂടുക, അടിവയറിലെ വേദന എന്നിവയും കരള്‍രോഗങ്ങളുടെ ഭാഗമായി കാണപ്പെടാറുണ്ട്.
എങ്ങനെ ചികിത്സിക്കാം
കരളിനെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് അതിനനുസരിച്ചുള്ള ചികിത്സാ രീതികളാണു നിശ്ചയിക്കപ്പെടുന്നത്. രോഗം, രോഗത്തിന്റെ സ്റ്റേജ്, തീവ്രത എന്നിവയെ അടിസ്ഥാനമാക്കി ചികിത്സാക്രമത്തിലും വ്യത്യാസമുണ്ടാകും. ചില അസുഖങ്ങള്‍ക്ക് ജീവിതശൈലീ ക്രമീകരണമാണ് പ്രാഥമികമായി നിര്‍ദേശിക്കപ്പെടുന്നത്. വ്യായാമം ശീലമാക്കാനും ഭക്ഷണശീലത്തില്‍ ക്രമീകരണം നടത്താനും അമിതവണ്ണം കുറയ്ക്കാനുമെല്ലാമുള്ള നിര്‍ദേശങ്ങള്‍ ഇതിന്റെ ഭാഗമായി നല്‍കാറുണ്ട്. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും ജീവിതശൈലീ ക്രമീകരണം കൊണ്ടുമാത്രം കാര്യമുണ്ടാകില്ല.
വൈറല്‍ രോഗങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍ തുടങ്ങിയവയ്ക്കും മറ്റു രോഗാവസ്ഥകള്‍ക്കുമെല്ലാം ആദ്യ ഘട്ടങ്ങളിലാണെങ്കില്‍ മരുന്നുപയോഗിച്ചുള്ള ചികിത്സ നിര്‍ദേശിക്കപ്പെടും. ഏറെക്കുറെ രോഗാവസ്ഥകളെല്ലാം മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിലൂടെ തന്നെ നിയന്ത്രിക്കാന്‍ സാധിക്കും.
ഫാറ്റിലിവര്‍ പോലെയുള്ള രോഗബാധിതര്‍ക്ക് നേരത്തെ പറഞ്ഞതുപോലെ ജീവിതശൈലി മാറ്റം, മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കുക, ഭക്ഷണക്രമീകരണം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളും ഒപ്പം ആവശ്യമായ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയും നല്‍കപ്പെടും. സങ്കീര്‍ണമായി മാറുന്ന ഘട്ടങ്ങളില്‍ ചിലര്‍ക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ, റേഡിയേഷന്‍, എംബൊളൈസേഷന്‍ തുടങ്ങിയ ചികിത്സാരീതികളും ആവശ്യമായി വന്നേക്കാം.
രോഗപ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
-മദ്യത്തിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക.
-മരുന്നുകള്‍ അനാവശ്യമായി ഉപയോഗിക്കാതിരിക്കുക
-ആവശ്യമായ മരുന്ന് ആവശ്യമായ അളവില്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ചുമാത്രം കഴിക്കുക
-സിറിഞ്ചുകളും മറ്റും പുനരുപയോഗിക്കരുത്
-ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ സ്വീകരിക്കുക
-ഹെപ്പറ്റൈറ്റിസ് വൈറസ് പടരാനുള്ള സാധ്യത ഒഴിവാക്കുക
-സുരക്ഷിതമായ ലൈംഗികബന്ധം മാത്രം തുടരുക
-ആരോഗ്യപൂര്‍ണമായ ജീവിതശൈലി പിന്തുടരുക
-നാര് അടങ്ങിയ ഭക്ഷണത്തിന്റെ അളവ് വര്‍ധിപ്പിക്കുക
-അമിതവണ്ണം കുറയ്ക്കുക
-വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക
-മലിനജലവുമായുള്ള സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കുക
-ധാരാളം വെള്ളം കുടിക്കുക
കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതും കരള്‍ രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സഹായിക്കും.
തയാറാക്കിയത്:
ഡോ. അനീഷ് കുമാര്‍
(സീനിയര്‍ കണ്‍സള്‍ടന്റ് ആന്‍ഡ് ഗാസ്ട്രോ എന്‍ട്രോളജി വിഭാഗം മേധാവി, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട്)
Summary: Hepatitis: Types, causes, ways to stop liver damage