Health
night shift
Health

പകൽ മുഴുവൻ ഉറക്കം, രാത്രി ജോലിയോട് ജോലി; നൈറ്റ് ഷിഫ്റ്റുകാരേ, വലിയ വില കൊടുക്കേണ്ടി വരും

Web Desk
|
10 Jun 2024 12:54 PM GMT

രാവിലെ ഉറങ്ങാന്‍ ശ്രമിച്ചാല്‍ ഉറക്കം കിട്ടാത്തതും പലരും നേരിടുന്ന പ്രശ്നമാണ്

ശ്‌മശാന ഷിഫ്റ്റ് എന്നാണ് കോർപറേറ്റ് ഓഫീസുകളിലെ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി അറിയപ്പെടുന്നത്. രാത്രി പത്ത് മണി മുതൽ രാവിലെ വരെ നീളുന്ന ഡ്യൂട്ടി. ഐ.ടി. മേഖല സജീവമായതോടെയാണ് നൈറ്റ് ഷിഫ്റ്റ് ജോലികള്‍ ഇത്രയും കൂടിയത്. ഉറങ്ങേണ്ട രാത്രികളിൽ ഉണർന്നിരിക്കുകയും ഉണർന്നിരിക്കേണ്ട പകലുകൾ മുഴുവൻ ഉറങ്ങിത്തീർക്കുകയും ചെയ്തതോടെ ജൈവഘടികാരത്തിന്റെ താളക്രമം തന്നെ തകരാറിലായി.

ഈ ജീവിതശൈലി മാറ്റം ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തിൽ മാറ്റമുണ്ടാക്കുക മാത്രമല്ല ശരീരത്തിലെ നിരവധി ജൈവ സംവിധാനങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ഹൃദയ പ്രശ്നങ്ങൾ, മറ്റ് ഉപാപചയ വൈകല്യങ്ങൾ ഇങ്ങനെ നൈറ്റ് ഷിഫ്റ്റുകൾ വരുത്തിവെക്കുന്ന ആരോഗ്യ അപകടസാധ്യതകളെ കുറിച്ച് വിദഗ്ധർ നിരന്തരം മുന്നറിയിപ്പ് നൽകുന്നതാണ്. എങ്കിലും, തുടർച്ചയായി നൈറ്റ് ഷിഫ്റ്റ് എടുക്കുന്ന ആളുകളുടെ എണ്ണം വർധിച്ചുവരികയാണ്.

ഉറക്കമില്ലാ രാത്രികൾ..

മനുഷ്യശരീരം സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തിലാണ് പ്രവർത്തിക്കുന്നത്. എട്ടുമണിക്കൂർ അല്ലെങ്കിൽ ആറുമണിക്കൂറെങ്കിലും രാത്രി ഉറങ്ങേണ്ടത് നിർബന്ധമാണ്. രാത്രി ഉറക്കം മാറ്റിവെച്ച് പകൽ എത്ര സമയം നന്നായി ഉറങ്ങിയാലും ശരീരത്തിനത് ഗുണം ചെയ്യില്ല. പലതരത്തിലുള്ള നിദ്രാവൈകല്യങ്ങള്‍ക്കും ഗൗരവമേറിയ ശാരീരികപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകാം. ഉറക്കക്കുറവും ക്രമരഹിതമായ ഉറക്കരീതികളുമാണ് പിന്നീടുണ്ടാവുക.

തന്മൂലം സമ്മർദ്ദത്തിൻ്റെ അളവ് കൂടുകയും രക്തസമ്മർദ്ദം വർദ്ധിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. കൂടാതെ, താളംതെറ്റിയ ഉറക്ക ഷെഡ്യൂൾ തലച്ചോറിൻ്റെ വൈജ്ഞാനിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു. മെമ്മറി, തീരുമാനമെടുക്കൽ, പ്രതികരണ സമയം എന്നിവയെ തടസപ്പെടുത്തുകയും ചെയ്യും.

വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനം തുടർച്ചയായി മൂന്ന് ദിവസത്തെ നൈറ്റ് ഷിഫ്റ്റുകൾ ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രോട്ടീൻ താളത്തെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തി. ഹോർമോണുകൾ, വിശപ്പ്, ദഹനം, താപനില എന്നിവയെയും ഇത് സ്വാധീനിക്കുന്നു. രാത്രി സമയം ശരീരത്തിന്റെ പ്രവർത്തനം തികച്ചും വ്യത്യസ്തമായാണ് നടക്കുക.

തുടര്‍ച്ചയായി ഷിഫ്റ്റിന്റെ സമയക്രമം മാറ്റേണ്ടിവരുന്നവരിലാണ് ഉറക്കപ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. രാവിലെ ഉറങ്ങാന്‍ ശ്രമിച്ചാല്‍ ഉറക്കം കിട്ടാത്തതും പലരും നേരിടുന്ന പ്രശ്നമാണ്. സ്ഥിരമായി ഷിഫ്റ്റ് ജോലി ചെയ്യുന്നവരില്‍ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെയാണ്. രാത്രി ഷിഫ്റ്റുകളുടെ സമയദൈര്‍ഘ്യം കുറയ്ക്കുകയാണ് ഒരു പോംവഴി. തുടർച്ചയായി ജോലി ചെയ്യാതെ അൽപസമയം മയങ്ങുകയോ ലഘുവായിട്ടുളള വ്യായാമങ്ങൾ ചെയ്യുകയോ ആവാം. പകല്‍സമയത്ത് ശാന്തമായ അന്തരീക്ഷത്തില്‍ ഇരുണ്ട മുറിയില്‍ മിനിമം 6 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക

Similar Posts