വെറും പത്ത് ദിവസം മതി, കഷണ്ടിയുള്ള തലയിലും മുടി കിളിർക്കും; പുതിയ തെറാപ്പിയെ കുറിച്ച് അറിയാം
|പാറ്റേൺ കഷണ്ടിയാണ് സങ്കീർണമായത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണിത്
മുടി കൊഴിയുന്നതും നെറ്റികയറുന്നതും ഒരു പ്രത്യേക പ്രായത്തിൽ ഉണ്ടാകുന്നതല്ല. ഏത് പ്രായക്കാരെ വേണമെങ്കിലും ഈ അവസ്ഥകൾ ബാധിക്കാം. ഇതിൽ ഏറ്റവും വെല്ലുവിളിയാകുന്നത് കഷണ്ടി തന്നെയാണ്. ചെറിയ അളവിലാണെങ്കിലും അല്പം കഷണ്ടി കയറിയാൽ ഉണ്ടാക്കുന്ന ടെൻഷൻ ചെറുതല്ല. പാറ്റേൺ കഷണ്ടിയാണ് സങ്കീർണമായത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണിത്. പാറ്റേൺ കഷണ്ടി അഥവാ ആൻഡ്രോജെനെറ്റിക് അലോപ്പീസിയ ഫലപ്രദമായി പരിഹരിക്കാൻ നിലവിൽ ചികിത്സാ രീതികളൊന്നും ഇല്ല.
മനുഷ്യരിൽ മുടി വളരുന്ന പ്രക്രിയ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു. ഇതൊരു സങ്കീർണ പ്രക്രിയ തന്നെയാണ്. ഈ പ്രക്രിയ തടസപ്പെടുമ്പോഴാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ മാറ്റങ്ങൾ, ജനിതകശാസ്ത്രം, വാർദ്ധക്യം എന്നിവ മുടിവളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഓറൽ ഫിനാസ്റ്ററൈഡ് മുതൽ ടോപ്പിക്കൽ മിനോക്‌സിഡിൽ, ഗ്രോത്ത് ഫാക്ടർ കോൺസെൻട്രേറ്റ് പ്ലേറ്റ്‌ലെറ്റ് സമ്പന്നമായ പ്ലാസ്മ (ജിഎഫ്‌സി പിആർപി), ഫോളികുലാർ യൂണിറ്റ് എക്‌സ്‌ട്രാക്‌ഷൻ (എഫ്‌യുഇ) വഴിയുള്ള മുടി മാറ്റിവയ്ക്കൽ തുടങ്ങി നിരവധി ചികിത്സാ രീതികൾ പാറ്റേൺ കഷണ്ടി പരിഹരിക്കാൻ നിലവിലുണ്ട്. ഇവയൊക്കെ സുരക്ഷിതവും ചെലവ് കുറഞ്ഞതുമാണ്.
എങ്കിലും, വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി മൈക്രോ ആർഎൻഎ ഡെലിവറി സംവിധാനങ്ങളുടെ ഉപയോഗം ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. റൈബോ ന്യൂക്ലിക് ആസിഡ് തെറാപ്പി എന്നറിയപ്പെടുന്ന ആർഎൻഎ തെറാപ്പി മുടികൊഴിച്ചിൽ ചികിത്സാരംഗത്ത് ഉയർന്നുവരുന്ന ഒരു സമീപനമാണ്. മുടി വളരുന്നതിൽ സഹായിക്കുന്ന തന്മാത്രാ പാതകളെയാണ് ഈ തെറാപ്പി പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ മുടി വളരുന്നതിന് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ആർഎൻഎ തെറാപ്പി സഹായകമാണ്.
തികച്ചും നാച്ചുറലായി തന്നെ മുടി വളരുന്നതിനാണ് തെറാപ്പി ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രാഥമിക ഗവേഷണ ഫലങ്ങൾ മികച്ച റിസൾട്ടാണ് കാണിക്കുന്നതെന്ന് ഫരീദാബാദിലെ മെട്രോ ഹോസ്പിറ്റലിലെ ഡെർമറ്റോളജി ആൻഡ് ഹെയർ ട്രാൻസ്പ്ലാൻറ് കൺസൾട്ടന്റ് ഡോ. രാധികാ രഹേജ പറയുന്നു. രോമകൂപങ്ങളെ മൃദുലമാക്കുകയും അവയെ അയവുള്ളതും വളരാൻ എളുപ്പമാക്കുകയും ചെയ്യാനും ആർഎൻഎ തെറാപ്പി സഹായിക്കുന്നു. കോശങ്ങളുടെ കാഠിന്യം കുറയ്ക്കുന്ന ഒരു ചെറിയ RNA, miR-205 എന്ന കണികയുടെ ഉത്പാദനം വർദ്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.
തെറാപ്പിയിലൂടെ പത്ത് ദിവസത്തിനുള്ളിൽ മുടി വളരാൻ തുടങ്ങിയെന്നാണ് ഇല്ലിനോയിയിലെ നോർത്ത് വെസ്റ്റേൺസ് ഫെയിൻബർഗ് സ്കൂൾ ഓഫ് മെഡിസിനിലെ പാത്തോളജി ആൻഡ് ഡെർമറ്റോളജി പ്രൊഫസറും ഗവേഷകനുമായ റൂയി യി പറഞ്ഞു. പുതിയ സ്റ്റെം സെല്ലുകൾ ഉണ്ടാക്കാതെ നിലവിലുള്ള സ്റ്റെം സെല്ലുകളെ ഉത്തേജിപ്പിച്ചാണ് ഈ തെറാപ്പി മുടി വളരാൻ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എലികളിലാണ് ആദ്യം പരീക്ഷണം നടത്തിയത്. ഇതേ പ്രതികരണം തന്നെ മനുഷ്യരിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഗവേഷകർ പറഞ്ഞു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലെ പാറ്റേൺ കഷണ്ടി ചികിൽസിക്കുന്നത് വെല്ലുവിളിയാണ്. എന്നാൽ, ആർഎൻഎ തെറാപ്പി ഇതിനൊരു ഫലപ്രദമായ മാർഗമാകുമെന്നാണ് ഗവേഷകർ പറയുന്നത്.