ഒറ്റ നോട്ടത്തിൽ എത്ര നേരം! സ്‌ക്രീൻ സമയം കൂടുംതോറും കാഴ്ച കുറയും; ചെയ്യേണ്ടത് ഇതാണ്
|കോവിഡ് കാലത്തിന് ശേഷമാണ് കാഴ്ചപ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എന്നതിൽ വർധനവുണ്ടായത്
കയ്യിലൊരു ഫോൺ ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാത്തവരാണ് കൂടുതലും. എത്ര നേരമാണ് സ്‌ക്രീനിൽ തന്നെ നോക്കിയിരിക്കുന്നത്. സ്‌ക്രീൻ സമയം കൂടുംതോറും കാഴ്ചക്ക് മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ നിരന്തരം നിർദ്ദേശങ്ങൾ നൽകുന്നതാണ്. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ടിവി എന്നിങ്ങനെയുള്ളവയുടെ അമിതമായ ഉപയോഗം കാരണം കാഴ്ച വൈകല്യമുള്ള ആളുകളുടെ എണ്ണം ഭയാനകമായ രീതിയിൽ വർധിച്ചുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. 2021ലെ റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ 2.2 ബില്യണിലധികം ആളുകൾക്ക് സമീപമോ വിദൂരമോ ആയ കാഴ്ച വൈകല്യമുണ്ട്.
മൊബൈൽ ഫോണുകളുടെ ഉപയോഗമാണ് പ്രധാനമായും ഈ പ്രശ്നങ്ങളുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മങ്ങിയ കാഴ്ച, തലവേദന, ഓക്കാനം എന്ന് തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത്. ഒരു ദിവസം എട്ട് മണിക്കൂറിൽ കൂടുതൽ നിങ്ങൾ ഫോൺ ഉപയോഗിക്കാറുണ്ടോ? ഗുരുതര ആരോഗ്യ പ്രശ്നങ്ങളെയാണ് ഇതിലൂടെ നിങ്ങൾ വിളിച്ചുവരുത്തുന്നത്. ഇത്രയും അധികം നേരം സ്‌ക്രീനിൽ നോക്കുമ്പോൾ കണ്ണിന്റെ ഘടന തന്നെ മാറും. നേത്രഗോളത്തിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
കോവിഡ് കാലത്തിന് ശേഷമാണ് കാഴ്ചപ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരുടെ എന്നതിൽ വർധനവുണ്ടായത്. ഇതിൽ കൂടുതലും 20നും 25നുമിടയിൽ പ്രായമുള്ളവരാണ്. കുട്ടികളിലാകട്ടെ മയോപിയ (ഹ്രസ്വദൃഷ്ടി) എന്ന കാഴ്ച വൈകല്യമാണ് കൂടുതലും. അടുത്തുള്ളത് വ്യക്തമായി കാണുകയും ദൂരെയുള്ളവ മങ്ങി കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇതിന് പുറമെ ഓൺലൈൻ ക്‌ളാസുകൾ കാരണം കണ്ണാടി വെക്കേണ്ടി വന്ന വിദ്യാർത്ഥികളുടെയും എണ്ണം വർധിച്ചിട്ടുണ്ട്.
സ്‌ക്രീനിൽ നോക്കിയിരിക്കുമ്പോൾ കണ്ണ് ചിമ്മാത്തതാണ് കൂടുതലും കാഴ്ച പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കണ്ണിന് വരൾച്ചയും വേദനയുമുണ്ടാകാൻ മറ്റ് കാരണങ്ങളൊന്നും വേണ്ട. കൂടാതെ കണ്ണിന് ചുവപ്പും അസ്വസ്ഥതകളും ഉണ്ടാകാനും ഇത് ഇടയാക്കും. കണ്ണിന്റെ സ്വാഭാവിക ആരോഗ്യം നിലനിർത്തുന്നതിന് ടെലിവിഷൻ, ടാബ്, മൊബൈൽ ഫോൺ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിയന്ത്രിക്കേണ്ടതുണ്ട്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം:-
സ്‌ക്രീൻ സമയം നിയന്ത്രിക്കുന്നത് തന്നെയാണ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള പ്രധാന മാർഗമാണ്. സമൂഹ മാധ്യമങ്ങൾക്ക് അടിമപ്പെട്ടവരാണ് കൂടുതലും.ഏറ്റവും കൂടുതൽ സമയം സോഷ്യൽ മീഡിയകളിൽ ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കുക. കൃത്യമായ സമയം കണക്കിലെടുത്തുകൊണ്ട് വേണം ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ. ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
ജോലി ചെയ്യാനാണെങ്കിൽ വലിയ സ്ക്രീനുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മൊബൈലിനോ ലാപ്‌ടോപ്പിനോ പകരം ഡെസ്‌ക്‌ടോപ്പ് ഉപയോഗിക്കുക. ചെറിയ സ്‌ക്രീനുകളാണെങ്കിൽ നോക്കുന്ന ദൂരം കുറവായിരിക്കും. ഇത് കണ്ണിന്റെ സമ്മർദ്ദം കൂട്ടും. വലിയ സ്‌ക്രീൻ ആണെങ്കിൽ കൂടുതൽ അകലത്തിൽ ജോലി ചെയ്യാം. ഇത് കണ്ണിനും പ്രയോജനകരമായിരിക്കും. എത്ര തിരക്കാണെങ്കിലും അൽപ നേരം ബ്രേക്ക് എടുക്കാൻ മറക്കരുത്.
20-20-20 നിയമം കേട്ടിട്ടില്ലേ! ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് ഇടവേള എടുക്കുക. ഇതിനായി റിമൈൻഡർ വെക്കുന്നത് ഗുണകരമാണ്. ഓരോ 20 മിനിറ്റിനു ശേഷവും സ്‌ക്രീനിൽ നിന്ന് നോട്ടം മാറ്റുക. അര മിനിറ്റ് നേരമെങ്കിലും 6 മീറ്റർ അകലെയുള്ള ഏതെങ്കിലും വസ്തുവിലേക്ക് നോക്കണം. കുട്ടികളാണെങ്കിൽ ഓരോ മണിക്കൂറിലും പത്ത് മിനിറ്റെങ്കിലും ബ്രേക്ക് എടുക്കേണ്ടതുണ്ടെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
കണ്ണിന്റെ വരൾച്ച തടയാൻ ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് കണ്ണിന് തണുപ്പും ആശ്വാസവും നൽകും. ഡോക്ടർമാരുടെ നിർദേശപ്രകാരം വേണം ഇത്തരം ഐ ഡ്രോപ്പുകൾ ഉപയോഗിക്കാൻ. കണ്ണുചിമ്മുകയാണ് മറ്റൊരു വഴി. ദിവസത്തിൽ രണ്ടുതവണ 20-30 സെക്കൻഡ് നേരം കണ്ണുചിമ്മുക.മണിക്കൂറുകളോളം സ്‌ക്രീനിൽ തുറിച്ചുനോക്കിയിരിക്കുമ്പോൾ സ്വാഭാവികമായും കണ്ണുചിമ്മുന്നതിന്റെ എണ്ണം കുറയും. നിങ്ങൾ സ്‌ക്രീനിൽ നിന്ന് ഇടവേള എടുക്കുമ്പോൾ തുടർച്ചയായി 10-15 തവണ കണ്ണുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുക.
കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ ശാരീരിക മാനസിക പ്രശ്നങ്ങൾക്ക് മാത്രമല്ല നമ്മുടെ പെരുമാറ്റത്തെ പോലും ബാധിക്കും. വിലയേറിയ കാഴ്ചയെ സംരക്ഷിക്കാൻ ഒരല്പം ശ്രദ്ധ നൽകാം ഇനി മുതൽ.