![എയ്‌ഡ്‌സ്: അകറ്റേണ്ടത് രോഗികളെയല്ല, രോഗത്തെയാണ്, മാറ്റാം തെറ്റിദ്ധാരണകൾ എയ്‌ഡ്‌സ്: അകറ്റേണ്ടത് രോഗികളെയല്ല, രോഗത്തെയാണ്, മാറ്റാം തെറ്റിദ്ധാരണകൾ](https://www.mediaoneonline.com/h-upload/2023/12/01/1399920-untitled-1.webp)
എയ്‌ഡ്‌സ്: അകറ്റേണ്ടത് രോഗികളെയല്ല, രോഗത്തെയാണ്, മാറ്റാം തെറ്റിദ്ധാരണകൾ
![](/images/authorplaceholder.jpg?type=1&v=2)
രോഗിയുമായി ഇടപഴകിയത് മൂലം എയ്ഡ്‌സ് ബാധിക്കുമോ എന്ന ഭയമാണ് ആളുകൾക്ക് കൂടുതലും. അടുത്തുകൂടി പോയാൽ വായുവിൽ കൂടി രോഗം പടരുമെന്ന സംശയം വരെ കൊണ്ടുനടക്കുന്നവരുണ്ട്....
എയ്‌ഡ്‌സ് അഥവാ എച്ച്ഐവി, കേട്ടാൽ തന്നെ പലരുടെയും മുഖത്ത് അറപ്പുളവാക്കാകുന്നത് കാണാം. ഭൂരിഭാഗം ആളുകൾക്കും ഭയമാണ്. എയ്‌ഡ്‌സ് ബാധിതരെ സമൂഹത്തിൽ നിന്ന് അകറ്റിനിർത്താനും അവർക്ക് സാധാരണ ജീവിതം നിഷേധിക്കാനും കാരണം ഇപ്പോഴും നിലനിൽക്കുന്ന ചില അബദ്ധധാരണകളാണ്. നിരവധി പഠനങ്ങളും ഗവേഷണങ്ങളുടെ ശാസ്ത്രം വളരെയധികം വികസിച്ചുകഴിഞ്ഞു. എങ്കിലും ചില കാര്യങ്ങൾ വിശ്വസിക്കാൻ നമ്മൾ മനഃപൂർവം മെനക്കെടാറില്ല. അങ്ങനെയൊന്നാണ് എയ്ഡ്‌സ് രോഗവും രോഗികളും.
അകറ്റി നിർത്തേണ്ട എന്തോ ഒന്ന് എന്ന രീതിയിലാണ് എയ്ഡ്‌സ് രോഗികളെ സമൂഹം കാണുന്നത്. അവരോട് ഇടപഴകാനോ സംസാരിക്കാനോ പോലും ആളുകൾക്ക് ഭയമാണ്. എയ്‌ഡ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വേണ്ടി ലോകമെങ്ങും ഡിസംബര്‍ ഒന്നാം തീയതി എയ്‌ഡ്‌സ് ദിനമായി ആചരിച്ചുവരുന്നു. 'സമൂഹങ്ങള്‍ നയിക്കട്ടെ' എന്നതാണ് ഇത്തവണത്തെ എയ്‌ഡ്‌സ് ദിനത്തിന്റെ പ്രമേയം.
![](https://www.mediaoneonline.com/h-upload/2023/12/01/1399921-untitled-1.webp)
എയ്‌ഡ്‌സ് രോഗവുമായി ജീവിക്കുന്ന സമൂഹങ്ങളുടെ കൂട്ടായ്‌മകള്‍ക്കും സംഘടനകള്‍ക്കും വ്യക്തിഗത ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനും എയ്‌ഡ്‌സ് നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കു മേല്‍നോട്ടം വഹിക്കാനും കഴിയുമെന്ന് യുഎന്‍ എയ്‌ഡ്‌സ് പറയുന്നു. ഇവർക്ക് നേതൃത്വ പദവികളും ആവശ്യമായ ധനസഹായവും നിയമപരമായ പിന്തുണയും ഉറപ്പാക്കണമെന്നും യുഎന്‍ എയ്‌ഡ്‌സ് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ, സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ ഇതിനുണ്ടാക്കുന്ന തടസം ചെറുതല്ല. രോഗികളെ മനസിലാക്കണമെങ്കിലും അവർക്ക് പിന്തുണ നല്കണമെങ്കിലും ആദ്യം രോഗം എന്താണെന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.
എന്താണ് എയ്‌ഡ്‌സ്?
ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി) പരത്തുന്ന രോഗമാണ് എയ്‌ഡ്‌സ്. രോഗം ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യും. ലോകത്ത് 3.9 കോടി പേര്‍ എയ്‌ഡ് രോഗബാധയുമായി ജീവിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതില്‍ 2.8 കോടി പേര്‍ ആഫ്രിക്കയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ ഉള്ളവരും 65 ലക്ഷം പേര്‍ ഏഷ്യ, പസഫിക് പ്രദേശങ്ങളില്‍ നിന്നുള്ളവരുമാണ്.
![](https://www.mediaoneonline.com/h-upload/2023/12/01/1399923-untitled-1.webp)
ലൈംഗിക രോഗമുള്ളവർക്ക് എച്ച്ഐവി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അടിവയറ്റിൽ വേദന, മൂത്രമൊഴിക്കുമ്പോൾ നീറ്റൽ, യോനിയിലോ ലിംഗത്തിലോ ഉണ്ടാകുന്ന വ്രണം, കട്ടിയുള്ളതും നിറവ്യത്യാസം ഉള്ളതുമായ വെള്ളപ്പോക്ക്, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, ഗുഹ്യഭാഗത്തു ചൊറിച്ചിലോ നീറ്റലോ ഉണ്ടാവുക എന്നിവയൊക്കെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ ലക്ഷണങ്ങളാകാം. ലൈംഗിക രോഗമുള്ളവർ പങ്കാളിയോടൊപ്പം എച്ച്ഐവി പരിശോധന നടത്തി സുരക്ഷിതരാകേണ്ടതാണ്.
രോഗബാധ
- രോഗം ബാധിച്ചയാളുടെ രക്തം സ്വീകരിക്കുക
- എയ്ഡ്സ് രോഗാണുബാധ ഉള്ളവരുമായി ലൈംഗിക വേഴ്ചയിൽ ഏർപ്പെടുക
- കുത്തിവയ്പ്പ് സൂചികൾ ശരിയായി അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുക.
- രോഗം ബാധിച്ച അമ്മയില്‍ നിന്നും ഗര്‍ഭകാലത്ത് കുഞ്ഞിലേക്ക്
- ഗുഹ്യരോമങ്ങൾ ഷേവ് ചെയ്യുന്നത് നിമിത്തം ഉണ്ടാകുന്ന ചെറു മുറിവുകളിലൂടെ
![](https://www.mediaoneonline.com/h-upload/2023/12/01/1399924-untitled-1.webp)
ചികിത്സയുണ്ടോ?
ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് എച്ച്.ഐ.വി. ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുകയും തുടർന്ന് മാരകരോഗങ്ങൾ പിടിപെട്ട് പതിയെ മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു എന്നതാണ് അസുഖത്തിന്റെ രീതി.
ചികിത്സയില്ലാത്ത രോഗം എന്നാണ് എയ്ഡ്‌സ് പൊതുവെ അറിയപ്പെടുന്നത്. രോഗം ബാധിച്ചുകഴിഞ്ഞാൽ ഉടൻ മരണമെന്ന ചിന്ത സമൂഹത്തിലാകെ പിടിമുറുക്കി കഴിഞ്ഞു. എന്നാൽ, തക്കസമയത്ത് കൃത്യമായ ചികിത്സ തുടങ്ങാന്‍ സാധിച്ചാല്‍ അസുഖം ബാധിച്ചവര്‍ക്ക് ആയുർദൈർഘ്യം നീട്ടിക്കിട്ടുന്നതാണ്. മുൻപ് നിരവധി ഗുളികകളാണ് എയ്ഡ്‌സ് രോഗി കഴിക്കേണ്ടിയിരുന്നത്. എന്നാൽ, ഇന്ന് ദിവസത്തിൽ ഒന്ന് എന്ന കണക്കിലേക്ക് അത് ചുരുങ്ങിയിരിക്കുന്നു. പാർശ്വഫലങ്ങളും വളരെയധികം കുറഞ്ഞിട്ടുണ്ട്. നേരത്തെ കണ്ടുപിടിച്ചാല്‍ അസുഖം പൂര്‍ണമായും നിയന്ത്രണവിധേയമാക്കുവാന്‍ സാധിക്കുകയും ചെയ്യും.
![](https://www.mediaoneonline.com/h-upload/2023/12/01/1399925-untitled-1.webp)
മാറ്റി നിർത്തരുത്
രോഗിയുമായി ഇടപഴകിയത് മൂലം എയ്ഡ്‌സ് ബാധിക്കുമോ എന്ന ഭയമാണ് ആളുകൾക്ക് കൂടുതലും. അടുത്തുകൂടി പോയാൽ വായുവിൽ കൂടി രോഗം പടരുമെന്ന സംശയം വരെ കൊണ്ടുനടക്കുന്നവരുണ്ട്. എന്നാൽ, രോഗം ബാധിച്ചയാളുടെ കൂടെ ഒരു മുറിയില്‍ ഇരുന്നത് കൊണ്ടോ, രോഗിയെ തൊടുന്നത് മൂലമോ ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചാലോ എയ്ഡ്‌സ് പടരില്ല. ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ മൂലമാണ് എയ്ഡ്‌സ് ബാധിതരെ സമൂഹത്തിൽ നിന്ന് അകറ്റിനിർത്തുന്നത്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്ന് പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
അതിനാൽ വേണ്ട മുൻകരുതലുകളെടുത്ത് അകറ്റി നിർത്തേണ്ടത് രോഗികളെയല്ല, രോഗത്തെയാണെന്ന് ഓർമിക്കുക.
![](https://www.mediaoneonline.com/h-upload/2023/12/01/1399926-untitled-1.webp)