യുവാക്കളിലെ പ്രമേഹം വില്ലനാകും മുമ്പേ എങ്ങനെ നിയന്ത്രിക്കാം
|25 വയസ്സിന് താഴെയുള്ളവരിൽ 20-25% പേരിലും പ്രമേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു
അമ്പത് വർഷം മുമ്പൊക്കെ 15 വയസിൽ താഴെയുള്ളവരിലും 35 വയസ്സിന് മുകളിലുള്ളവരിലും മാത്രം കണ്ടിരുന്ന രോഗമായിരുന്നു പ്രമേഹം അഥവാ ഡയബറ്റിസ്. ഇന്നത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം വളരെ കുറവുമായിരുന്നു. എന്നാൽ കാലം മാറിയതോടെ സർവസാധാരണ രോഗമായി പ്രമേഹം മാറി.
കഴിഞ്ഞ പതിറ്റാണ്ടുകളെ അപേക്ഷിച്ച് പ്രമേഹ ബാധയുടെ രീതി തന്നെ ഇന്ന് മാറിയിട്ടുണ്ട്. യുവജനങ്ങളിലെ പ്രമേഹ സാധ്യതകൾ വലിയ തോതിലാണ് വർധിച്ചത്. 25 വയസ്സിന് താഴെയുള്ളവരിൽ 20-25% പേരിലും പ്രമേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
* യുവജനങ്ങളിലെ പ്രമേഹം
മുതിർന്നവരേക്കാൾ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുള്ളതാണ് യുവജനങ്ങളിലെ പ്രമേഹം. പ്രായം, ഹൈപ്പർ ആക്ടീവ് സ്വഭാവ രീതി, ഉപദേശങ്ങളോടുള്ള അവജ്ഞത, ജീവിതരീതി തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്. അതായത് 20 വയസിൽ രോഗബാധിതനായ ഒരാൾക്ക് സാധാരണ ഗതിയിൽ 60-70 വർഷക്കാലത്തെ ജീവിത കാലം കൂടി ബാക്കിയുണ്ട്. ഇക്കാലയളവിലെ ആഘോഷ ജീവിതം, അനാരോഗ്യകരമായ ഭക്ഷണക്രമം, ടി.വി, കംപ്യൂട്ടർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവയിൽ മുഴുകിയ ഉദാസീന ജീവിതരീതി എന്നിവയെല്ലാം ചേരുമ്പോൾ ഭാവിയിൽ പ്രമേഹം കടുക്കുകയും കൂടുതൽ സങ്കീർണതയിലേക്ക് നയിക്കുകയും ചെയ്‌തേക്കാം.
സാധാരണയായി 18 വയസിന് താഴെയുള്ളവരിലാണ് ഇൻസുലിൻ ഉൽപാദനത്തിന്റെ കുറവ് മൂലമുണ്ടാകുന്ന ടൈപ്പ് 1 പ്രമേഹം ബാധിക്കുന്നത്. ഇൻസുലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട തകരാറുകളെ തുടർന്നുണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം മുതിർന്നവരിലാണ് കൂടുതലായി കണ്ടുവന്നിരുന്നത്.
അതേസമയം കുടുംബത്തിലെ പ്രമേഹ ചരിത്രം, മോശം ഭക്ഷണക്രമം, അമിത വണ്ണം തുടങ്ങിയ കാരണങ്ങൾ കൊണ്ട് യുവാക്കളിലും കുട്ടികളിലും വരെ ഇന്ന് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാറുണ്ട്. രണ്ട് മൂന്ന് തലമുറകളിലായി ശക്തമായ പ്രമേഹ പാരമ്പര്യം ഉള്ള കുടുംബങ്ങളിൽ ജനിക്കുന്ന കുട്ടികളിൽ മോണോ ജനിതക വൈകല്യങ്ങൾ മൂലവും പ്രമേഹം ഉണ്ടാകാറുണ്ട്. 'മെച്യൂരിറ്റി ഓൺസൈറ്റ് ഡയബറ്റിസ് ഓഫ് ദ യങ്ങ്' (ങഛഉഥ മോഡി) എന്നാണ് ഇതിനെ വിളിക്കുന്നത്.
* രോഗ കാരണങ്ങളും രോഗ നിർണയവും
സാധാരണയായി മുതിർന്നവരിൽ കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹത്തിന്റെ കാരണം ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തകരാറുകളാണ്. ഇൻസുലിനോട് ശരീരം വേണ്ട രീതിയിൽ പ്രതികരിക്കാതെ വരുന്നതാണ് രോഗത്തിന് കാരണമാകുന്നത് വ്യായാമം ഇല്ലാത്ത ഉദാസീന ജീവിതക്രമം മോശം ഭക്ഷണരീതി, അമിത വണ്ണം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് വഴിവെക്കും. അതേസമയം സാധാരണയായി കുട്ടികളിൽ കാണപ്പെടുന്ന ടൈപ്പ് 1 പ്രമേഹം ഇൻസുലിൻ ഉൽപാദനത്തിന്റെ കുറവു മൂലമാണ് ഉണ്ടാകുന്നത്.
പാൻക്രിയാസിലെ ബീറ്റ കോശങ്ങളെ ബാധിക്കുന്ന അണുബാധയോ ഓട്ടോ ഇമ്മ്യൂൺ പ്രതിരോധമോ ആണ് ഇതിന് കാരണം. ഇവർക്ക് അമിതവണ്ണവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കാണണമെന്നില്ല. അതേസമയം ജീവിതകാലം മുഴുവൻ ഇൻസുലിൻ തെറാപ്പി വേണ്ടി വരാം.
സാധാരണയായി രക്ത പരിശോധനയിലൂടെയാണ് എല്ലാത്തരം പ്രമേഹങ്ങളും കണ്ടെത്തുന്നത്. മോഡി ഡയബറ്റിസ് കണ്ടെത്തുന്നത് കുടുംബത്തിലെ പ്രമേഹ ചരിത്രം കൂടി പരിഗണിച്ചാണ്. 14 മുതൽ 24 വയസ്സിനിടയിൽ ഉള്ളവരിലാണ് സാധാരണയായി ഇത് കണ്ടെത്താറുള്ളത്. ഇവർക്കും അമിത വണ്ണമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകണമെന്നില്ല. പ്രമേഹം കണ്ടെത്തിയാലും ജനിതക പരിശോധനയിലൂടെ വേണം മോഡി പ്രമേഹമാണോ എന്ന് സ്ഥിരീകരിക്കാൻ.
* മാറ്റങ്ങൾ കൊണ്ടു വരാം, പ്രമേഹം നിയന്ത്രിക്കാം
യുവാക്കളിൽ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടു വരിക എന്നതാണ്. ഇതോടൊപ്പം ടൈപ്പ് 2 പ്രമേഹ ബാധിതർ മെറ്റ്‌ഫോർമിൻ പോലുള്ള ഇൻസുലിൻ സെൻസിറ്റീവ് മരുന്നുകളും കഴിക്കേണ്ടതാണ്. വായിലൂടെ കഴിക്കുന്ന ഗുളികകൾ ഫലപ്രദമാകാതെ വന്നാൽ ഇൻസുലിൻ തെറാപ്പി പരിഗണിക്കാവുന്നതാണ്.
ടൈപ്പ് 1 പ്രമേഹം ഉള്ളവരിൽ എത്രയും വേഗം ഇൻസുലിൻ തെറാപ്പി ആരംഭിക്കേണ്ടതുണ്ട്. ആന്റി-ഇൻസുലിൻ, ജിഎഡി-61 ആന്റിബോഡികൾ പരിശോധനകളിലൂടെയാണ് ടൈപ്പ്-1 പ്രമേഹം സ്ഥിരീകരിക്കുന്നത്. അതേസമയം ടൈപ്പ് 2 പ്രമേഹമുള്ള യുവാക്കൾക്കും ആദ്യ ഘട്ടത്തിൽ ഇൻസുലിൻ ആവശ്യമായി വന്നേക്കാം. എന്നാൽ ക്രമേണ ജീവിതക്രമത്തിൽ മാറ്റം കൊണ്ടു വരികയും ഇൻസുലിൻ നിർത്തി ഗുളികകൾ കഴിക്കുകയും ചെയ്യുന്നത് വഴി പ്രമേഹം നിയന്ത്രിക്കാനാകും.
ഇത്രനാൾ അനുവർത്തിച്ച് വന്നിരുന്ന ജീവിത രീതിയിൽ പ്രകടമായ മാറ്റം കൊണ്ടുവരുന്നതിന് കൂടുതൽ പരിശ്രമവും ആത്മ നിയന്ത്രണവും അത്യാവശ്യമാണ്. എന്നാൽ പ്രമേഹത്തെ നിയന്ത്രിക്കും എന്നതിനൊപ്പം ഒട്ടുമിക്ക ജീവിതശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാനും ഇതുവഴി സാധിക്കും.
ഇതോടൊപ്പം യുവജനങ്ങളിൽ പ്രമേഹത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും യോഗ്യരായവരിൽ നിന്ന് ഇത് സംബന്ധിച്ച് ഉപദേശം തേടുന്നതിന്റെ ആവശ്യകത മനസ്സിലാക്കുകയും വേണം. പ്രമേഹം ബാധിച്ച് എന്ന് കരുതി ജീവിതം അവസാനിക്കുന്നില്ലെന്നും നിശ്ചയദാർഢ്യമുണ്ടെങ്കിൽ കരിയർ, കുടുംബം, സ്‌പോർട്‌സ് എന്തും നേടിയെടുക്കാൻ കഴിയുമെന്നും യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്
* കുട്ടികളിലും ബോധവൽക്കണം വേണം
ഭാവിയിൽ പ്രമേഹം മൂലമുള്ള സങ്കീർണതകൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ പ്രമേഹത്തെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. പൊണ്ണത്തടിയും പ്രമേഹ സാധ്യതകളും തടയുന്നതിനായി കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്‌സ്, മധുരമുള്ള ഭക്ഷണ പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. എന്തുകൊണ്ടാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം.
കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണം കുറച്ച് പ്രോട്ടീനും, ഹെൽത്തി ഫാറ്റും പോഷകങ്ങളും അടങ്ങിയ സമീകൃത ആഹാരങ്ങൾ ശീലമാക്കാൻ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളിൽ കുട്ടികളുടെ ഭാരം നിരീക്ഷിച്ച് അമിതഭാരം വയ്ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ടെൻഷൻ ഒഴിവാക്കുകയും മതിയായ വിശ്രമം ലഭിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും വേണം.
അമിതമായി ടെൻഷൻ അനുഭവിക്കുന്ന യുവാക്കളിലും കുട്ടികളിലും ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണ്. അമിതവണ്ണം തടയുന്നതിനായി വ്യായാമങ്ങളിൽ ഏർപ്പെടുന്നത് ഉൾപ്പെടെയുള്ള ശാരീരിക പ്രവർത്തനങ്ങളിൽ മുഴുകാൻ കുട്ടികളെ പ്രാപ്തരാക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.
തയ്യാറാക്കിയത്: ഡോ. ആർ.വി. ജയകുമാർ, (സീനിയർ കൺസൾട്ടന്‍റ് - എൻഡോക്രൈനോളജി, ആസ്റ്റർ മെഡിസിറ്റി, കൊച്ചി)