Health
ഛർദ്ദി പേടിച്ച് യാത്ര ഒഴിവാക്കേണ്ട, ഇതാ ചില പരിഹാരമാർഗങ്ങൾ
Health

ഛർദ്ദി പേടിച്ച് യാത്ര ഒഴിവാക്കേണ്ട, ഇതാ ചില പരിഹാരമാർഗങ്ങൾ

Web Desk
|
16 Oct 2023 3:25 PM GMT

മോഷന്‍ സിക്ക്‌നസ്‌, കൈനറ്റോസിസ്‌ എന്നെല്ലാമാണ്‌ ഈ രോഗാവസ്ഥയ്‌ക്ക്‌ പേര്‌.

യാത്രയ്‌ക്കിടയില്‍ ഛര്‍ദ്ദിക്കുകയും ഓക്കാനിക്കുകയും തലകറക്കം വരുകയുമൊക്കെ ചെയ്യുന്നയാളാണോ നിങ്ങൾ? മോഷന്‍ സിക്ക്‌നസ്‌ (Motion Sickness), കൈനറ്റോസിസ്‌ എന്നെല്ലാമാണ്‌ ഈ രോഗാവസ്ഥയ്‌ക്ക്‌ പേര്‌. കാറിലോ ബോട്ടിലോ വിമാനത്തിലോ ട്രെയിനിലോ ഒക്കെ പോകുമ്പോള്‍ ഇത്‌ സംഭവിക്കാം. യാത്ര തുടങ്ങിയ ഉടനെയോ ഒരു മണിക്കൂറിന്‌ ശേഷമോ ഇതിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കാം.

കണ്ണുകള്‍ തലച്ചോറിന്‌ നല്‍കുന്ന ദൃശ്യങ്ങളുടെ വിവരവും ചെവിയുടെ ആന്തരിക ഭാഗം നല്‍കുന്ന സെന്‍സറി വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേട്‌ തലച്ചോറിന്‌ ഉണ്ടാക്കുന്ന ആശയക്കുഴപ്പമാണ്‌ മോഷന്‍ സിക്ക്‌നസിന്റെ കാരണം. നാം ചലിക്കുകയാണോ അനങ്ങാതിരിക്കുകയാണോ എന്നെല്ലാം തലച്ചോര്‍ അറിയുന്നത്‌ കണ്ണുകളും കൈകാലുകളും ചെവിക്കുള്ളിലെ ബാലന്‍സ്‌ നിലനിര്‍ത്തുന്ന എന്‍ഡോലിംഫ്‌ ദ്രാവകവുമെല്ലാം തലച്ചോറിലേക്ക്‌ അയയ്ക്കുന്ന സന്ദേശങ്ങള്‍ വിലയിരുത്തിയാണ്‌. യാത്രാവേളയില്‍ ഈ സന്ദേശങ്ങള്‍ തമ്മിലുള്ള പൊരുത്തക്കേട്‌ തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കി മോഷന്‍ സിക്ക്‌നസിലേക്ക്‌ നയിക്കും.


ചിലരില്‍ പാരമ്പര്യമായി മോഷൻ സിക്ക്‌നസ് ഉണ്ടാകാം. കുട്ടികളില്‍ രണ്ട്‌ വയസിനുശേഷമാണ്‌ മോഷന്‍ സിക്ക്‌നസ്‌ വരുന്നത്‌. മോഷന്‍ സിക്ക്‌നസ് ഒഴിവാക്കാനും ലക്ഷണങ്ങള്‍ ലഘൂകരിക്കാനുമുള്ള ചില മാര്‍ഗങ്ങളുണ്ട്.

ആന്റിഹിസ്‌റ്റമിന്‍, ആന്റിമെറ്റിക്‌സ്‌ മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്. യാത്ര തുടങ്ങുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ ഇവ കഴിക്കേണ്ടതാണ്‌. എന്നാൽ, ഇവയിൽ പലതും ക്ഷീണം ഉണ്ടാക്കുന്നവയായതിനാൽ ഡോക്ടര്‍ ശിപാര്‍ശ ചെയ്യുന്ന അളവിനും മുകളില്‍ ഇവ കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചില ആയുർവേദ പൊടിക്കൈകളും ഉപയോഗിക്കാം. ഉദാഹരണത്തിന് ഇഞ്ചി, ജീരകം, ഏലക്ക, അശ്വഗന്ധ, ത്രിഫല, നെല്ലിക്ക എന്നിവ യാത്രാവേളകളിൽ ഭക്ഷണത്തിൽ ഉപയോഗിക്കാവുന്നതാണ്.


കൈത്തണ്ടയില്‍ പി-6(നയ്‌ ഗുന്‍) എന്ന പ്രഷര്‍ പോയിന്റ്‌ ഉണ്ട്‌. ഇതിന്റെ ഇരു വശങ്ങളിലും മസാജ്‌ ചെയ്‌ത്‌ മര്‍ദ്ദം ചെലുത്തിയാൽ ഓക്കാനം വരുന്നതിന് പരിഹാരമാകും. കൈത്തണ്ടയിലെ ഈ പോയിന്റിന്‌ മര്‍ദ്ദം കൊടുക്കാന്‍ സഹായിക്കുന്ന മോഷന്‍ സിക്ക്‌നസ്‌ ബാന്‍ഡുകളും ലഭ്യമാണ്.

വാഹനങ്ങളുടെ മുന്‍ സീറ്റില്‍ ഇരുന്ന്‌ ദൂരത്തുള്ള ഒരു നിശ്ചിത സ്ഥാനത്ത്‌ കണ്ണുറപ്പിച്ചാൽ കണ്ണും കാതും തമ്മിലുള്ള സന്ദേശങ്ങളിലെ പൊരുത്തക്കേട്‌ കുറയ്‌ക്കാം. ജനലിനു സമീപമുള്ള സീറ്റ്‌ തെരഞ്ഞെടുക്കുന്നതും ചിലർക്ക് ഗുണം ചെയ്യും. യാത്രാവേളകളിൽ ആവശ്യത്തിന് വെള്ളം കുടിക്കണം. മദ്യം, കഫീന്‍ ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇടയ്‌ക്കിടെ വണ്ടി നിര്‍ത്തി പുറത്തിറങ്ങുന്നതിലൂടെയും പാട്ട് കേൾക്കുന്നതിലൂടെയുമൊക്കെ ആശ്വാസം ലഭിക്കും.

Similar Posts