Health
leukaemia_children
Health

കുട്ടികളിലെ രക്താർബുദം നേരത്തെ കണ്ടെത്താം; ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ ഇവയാണ്

Web Desk
|
17 Feb 2023 12:39 PM GMT

1-4 വയസിനിടയിലുള്ള കുട്ടികളിൽ രക്താർബുദം വളരെ സാധാരണമാണ്

ക്യാൻസർ ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പിടികൂടാം. ക്യാൻസർ ബാധിക്കുന്നതിന് പ്രായപരിധിയില്ല. ഗർഭസ്ഥശിശുക്കൾ മുതൽ വയോധികർ വരെയുള്ളവരുടെ ഏത് അവയവങ്ങളിൽ വേണമെങ്കിലും ബാധിക്കാവുന്ന രോഗമാണിത്. സാധാരണയായി ക്യാൻസർ രോഗികളുടെ പ്രായം മധ്യവയസോ അതിന് മുകളിലോ ആയിരിക്കും. ഇന്ത്യയിലെ മുഴുവൻ ക്യാൻസർ രോഗികളിൽ വെറും നാല് ശതമാനം മാത്രമാണ് കുട്ടികളുടെ എണ്ണം.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച് ഇന്ത്യയിൽ ഓരോ വർഷവും 75,000-ത്തിലധികം കുട്ടികൾ കാൻസർ രോഗബാധിതരാകുന്നുണ്ട്. രക്താർബുദം, മസ്തിഷ്ക കാൻസർ, ലിംഫോമ, ന്യൂറോബ്ലാസ്റ്റോമ, വിൽംസ് ട്യൂമറുകൾ തുടങ്ങിയവയാണ് കുട്ടികളിൽ ഏറ്റവും സാധാരണമായ ക്യാൻസറുകൾ. ഇതിൽ ഏകദേശം നാല്പത് ശതമാനം കുട്ടികളെയും ബാധിക്കുന്നത് രക്താർബുദമാണ്. ലക്ഷണങ്ങൾ തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ തീവ്രമാകുന്നു എന്നതാണ് രക്താർബുദത്തെ സങ്കീർണമാകുന്നത്.

1-4 വയസ്സിനിടയിലുള്ള കുട്ടികളിൽ രക്താർബുദം വളരെ സാധാരണമാണ്. കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന അസ്ഥിമജ്ജ, ലിംഫറ്റിക് സിസ്റ്റങ്ങൾ എന്നിവയ്‌ക്കൊപ്പം ശരീരത്തിലെ രക്തം രൂപപ്പെടുന്ന ടിഷ്യൂകളിലെ ക്യാൻസറാണ് ലുക്കീമിയ അഥവാ രക്താർബുദം. അസ്ഥിമജ്ജയിലെ ഒരു കോശത്തിന്റെ ഡിഎൻഎയിൽ മാറ്റം സംഭവിക്കുകയും ആവശ്യമായ രീതിയിൽ അത് വികസിക്കുകയും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുകയും ഇത് അസാധാരണമായ രക്തകോശങ്ങളുടെ വേഗത്തിലും അനിയന്ത്രിതമായ വളർച്ചയ്ക്കും കാരണമാകുകയും ചെയ്യും. രക്താർബുദം ഉണ്ടാകുന്നത് ഇങ്ങനെയാണ്; ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഗുരുഗ്രാമിലെ പ്രിൻസിപ്പൽ ഡയറക്ടർ & ഹെഡ്, പീഡിയാട്രിക് ഹെമറ്റോളജി, ഹെമറ്റോ ഓങ്കോളജി & ബോൺ മാരോ ട്രാൻസ്പ്ലാൻറ് ഡോക്ടർ വികാസ് ദുവ പറഞ്ഞു.

രക്താർബുദത്തിന്റെ കൃത്യമായ കാരണം ഇതുവരെ തിരിച്ചറിയാനായിട്ടില്ലെങ്കിലും മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് ചികിൽസിച്ച് ഭേദമാക്കാവുന്ന ഒന്നാണ് രക്താർബുദം. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ചികിത്സ കൂടുതൽ ഫലം ചെയ്യും. നേരത്തെ കണ്ടെത്തി വിദഗ്ധ ചികിത്സ ആരംഭിച്ചാൽ കുട്ടികൾക്ക് അതിവേഗം രക്താർബുദത്തെ അതിജീവിക്കാൻ സാധിക്കും. കീമോതെറാപ്പിയാണ് സാധാരണായായി രക്താർബുദത്തിന്റെ പ്രധാന ചികിത്സ. അസാധാരണമായ രക്തകോശങ്ങളെ നശിപ്പിക്കുന്നതിനും സാധാരണ രക്തകോശങ്ങളുടെ ഉത്പാദനം പുനഃസ്ഥാപിക്കുന്നതിനുമാണ് കീമോതെറാപ്പി. അതേസമയം, കീമോതെറാപ്പി വഴി കുട്ടിയുടെ മജ്ജയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ മജ്ജ മാറ്റിവയ്ക്കൽ ആവശ്യമായി വന്നേക്കാം. വളരെ നേരത്തെ തന്നെ രക്താർബുദം കണ്ടെത്തുകയാണെങ്കിൽ കുട്ടികളിൽ ഇത്തരം അപകടസാധ്യതകൾ ഒഴിവാക്കാവുന്നതാണ്.

എങ്ങനെ കണ്ടെത്താം..?

കുട്ടികളിൽ പ്രാരംഭ ഘട്ടത്തിൽ തന്നെ രക്താർബുദം കണ്ടെത്തുന്നതിന് രോഗലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ക്ഷീണം, പനി, രാത്രികാലങ്ങളിൽ അമിതമായി വിയർപ്പ്, അണുബാധ, ശ്വസിക്കാനുള്ള കഴിവില്ലായ്മ, വിളറിയ ചർമ്മം, അവിചാരിതമായി ശരീരഭാരം കുറയൽ, അസ്ഥി / സന്ധി വേദന, ഇടതുവശത്തുള്ള വാരിയെല്ലുകളിൽ വേദന, കഴുത്ത്, കക്ഷം, ഞരമ്പ് അല്ലെങ്കിൽ വയറ്റിൽ വീർത്ത ലിംഫ് നോഡുകൾ തുടങ്ങിയ ലക്ഷണങ്ങൾ നിസാരമായി കാണരുത്. ഇവ രണ്ടാഴ്ചയിൽ കൂടുതൽ നിലനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം.

രക്തപരിശോധന തന്നെയാണ് പ്രാരംഭഘട്ടത്തിൽ കുട്ടികളിൽ രക്താർബുദം കണ്ടെത്താൻ ചെയ്യേണ്ടത്. രക്തസാമ്പിളുകൾ സാധാരണയായി കൈയിലെ ഞരമ്പിൽ നിന്നാണ് എടുക്കുന്നത്, എന്നാൽ ശിശുക്കളിലും ചെറിയ കുട്ടികളിലും അവ മറ്റ് സിരകളിൽ നിന്നോ (പാദങ്ങളിലോ തലയോട്ടിയിലോ) അല്ലെങ്കിൽ വിരൽ തുമ്പിൽ നിന്നോ എടുക്കാം.

ചികിത്സ

കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ശസ്ത്രക്രിയ, കൂടാതെ/അല്ലെങ്കിൽ മജ്ജ മാറ്റിവയ്ക്കൽ എന്നിവയുടെ സംയോജനത്തിലൂടെയാണ് കുട്ടികളിൽ ക്യാൻസർ ചികില്സിക്കുന്നത്. കുട്ടികളുടെ ഭാവി കൂടി കണക്കിലെടുത്തു വേണം ചികിത്സ തീരുമാനിക്കാൻ. മുതിർന്നവർക്കുള്ള അർബുദ ചികിത്സകൾ കുട്ടികൾക്ക് ഒഴിവാക്കാൻ പലപ്പോഴും ഡോക്ടർമാർ ശ്രമിക്കാറുണ്ട്. തീവ്ര റേഡിയേഷൻ തെറാപ്പി കുട്ടികൾക്ക് നല്കാതിരിക്കുകയാണ് നല്ലതെന്ന് ഡോക്ടർമാർ തന്നെ പറയുന്നു.

ഏത് തരം രക്താർബുദമാണെന്ന് തീരുമാനിച്ചതാണ് ചികിത്സ തീരുമാനിക്കുന്നത്. കുട്ടിയുടെ പ്രായം, ആരോഗ്യം എന്നിവ പ്രധാനമായും കണക്കിലെടുക്കും. അർബുദം മറ്റ് ശരീരഭാഗങ്ങളിലേക്ക് ബാധിച്ചിട്ടുണ്ടോ എന്നുള്ള നിർണായക ഘടകങ്ങളും പരിഗണിക്കപ്പെടും. കുട്ടികളിലെ ക്യാൻസർ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പെട്ടെന്ന് തന്നെ ഭേദമാക്കാവുന്നതാണ്.

അക്യൂട്ട് ലിംഫോബ്ളാസ്റ്റിക്ക് ലുക്കീമിയയാണ് (ALL) കൂടുതൽ കുട്ടികളിലും ബാധിക്കുന്നത്. ഇതിന് മൂന്നുവർഷത്തിനടുത്ത് ചികിത്സ വേണ്ടിവന്നേക്കാം. അക്യൂട്ട് മൈലോയിഡ് ലുക്കീമിയയാണ് മറ്റൊന്ന്. ഇതിന് അതിജീവന സാധ്യത 50 ശതമാനം മാത്രമാണ്. ആറുമാസം വരെ ചികിത്സ വേണ്ടിവരുന്ന ഈ അർബുദത്തിൽ ചിലപ്പോൾ ബ്ലഡ് ട്രാൻസ്‌പ്ലാന്റും വേണ്ടിവന്നേക്കാം.

Similar Posts