കരളിനോട് കരുണ കാണിച്ചേ മതിയാവൂ...ഇല്ലെങ്കിൽ പണി പിന്നാലെ വരും
|ഭക്ഷണക്രമവും വ്യായാമവും കരളിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്
'നീയെന്റെ കരളാണ്', 'കരളിന്റെ കരളാണ്' എന്ന് ഒരിക്കലെങ്കിലും പറയാത്തവരായി ആരുമുണ്ടാകില്ല. അത്രയേറെ ഇഷ്ടമുള്ളവരോടായിരിക്കും നാം അത് പറഞ്ഞിട്ടുണ്ടാകുക. എന്നാൽ സ്വന്തം കരളിനോട് ആ സ്നേഹം എപ്പോഴെങ്കിലും കാണിച്ചിട്ടുണ്ടോ? പോട്ടെ, കരളിന്റെ ആരോഗ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ പണി പിന്നാലെ വരും. നമ്മുടെയൊക്കെ ശരീരത്തിനുള്ളിലെ ഏറ്റവും വലിയ അവയവമാണ് കരൾ. ശരീരത്തിലെ അണുബാധയോടും രോഗത്തോടും പോരാടുന്നതും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ നശിപ്പിക്കുന്നതും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതും ഭക്ഷണം ദഹിച്ചു കഴിഞ്ഞാൽ സംസ്കരിക്കുന്നതുമടക്കം നൂറുകണക്കിന് ധർമങ്ങളാണ് കരൾ നിർവഹിക്കുന്നത്.
ഭക്ഷണക്രമവും വ്യായാമവും കരളിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. നിങ്ങൾക്ക് ഒരു കരൾ മാത്രമേയുള്ളൂ, അത് എങ്ങനെ പരിപാലിക്കണമെന്ന് അറിയേണ്ടത് പ്രധാനമാണ്.
ആരോഗ്യകരമായ ഭാരം നിലനിർത്തുക
പൊണ്ണത്തടിയുള്ളവരോ അൽപം അമിതഭാരമുള്ളവരോ ആണെങ്കിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിലേക്ക് (NAFLD) നയിച്ചേക്കാവുന്ന ഫാറ്റി ലിവർ ഉണ്ടാകാൻ സാധ്യത ഏറെയാണ്. കശരീരഭാരം കുറയുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. എപ്പോഴും ആരോഗ്യകരമായ ഭാരം നിലനിർത്തുക എന്നാണ് ഇതിനുള്ള ഏകപോംവഴി.
സമീകൃതാഹാരം കഴിക്കുക
കരളിനെ രോഗങ്ങളിൽ നിന്ന് മുക്തമാക്കാൻ ഭക്ഷണത്തിനും വലിയ പങ്കുണ്ട്.ഉയർന്ന കലോറിയടങ്ങിയ ഭക്ഷണം, പൂരിത കൊഴുപ്പ്, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും പഞ്ചസാരയും ഒഴിവാക്കുക. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യ റൊട്ടികൾ, അരി, മുഴു ധാന്യങ്ങൾ എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസത്തിന്റെ അളവ് പരിമിതപ്പെടുത്തുക, കൊഴുപ്പ് കുറഞ്ഞ പാലും ചെറിയ അളവിൽ ചീസും സസ്യ എണ്ണകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ജലാംശം എപ്പോഴും അത്യാവശ്യമായതിനാൽ ധാരാളം വെള്ളം കുടിക്കുക.
പതിവായി വ്യായാമം ചെയ്യുക
നിങ്ങൾ സ്ഥിരമായി വ്യായാമം ചെയ്യുക.ഇതുവഴി ട്രൈഗ്ലിസറൈഡുകൾ കത്തിതീരുകയും കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.
വിഷവസ്തുക്കളുമായി നേരിട്ട് സമ്പർക്കം ഒഴിവാക്കുക
വിഷവസ്തുക്കൾ കരളിലെ കോശങ്ങളെ നശിപ്പിക്കും. ക്ലീനിംഗ്, കീടനാശിനികൾ, രാസവസ്തുക്കൾ തുടങ്ങിയവയുമായുള്ള നേരിട്ടുള്ള സമ്പർക്കം പരിമിതപ്പെടുത്തുക. ഇവ കൈകാര്യം ചെയ്യുമ്പോൾ എപ്പോഴും മാസ്ക് ധരിക്കുക.
മദ്യത്തോടും മയക്കുമരുന്നിനോടും നോ പറയുക
കരൾ നശിപ്പിക്കുന്നതിൽ വലിയൊരു പങ്ക് മദ്യത്തിനും മയക്കുമരുന്നിനുമുണ്ട്. ലഹരിപാനീയങ്ങൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അവ കരൾ കോശങ്ങളെ നശിപ്പിക്കുകയോ കരളിനെ മുറിവേൽപ്പിക്കാനും കഴിയും. നിയമവിരുദ്ധമായ മരുന്നുകൾ,മയക്കുമരുന്നുകൾ,വേദനസംഹാരികൾ എന്നിവയും കഴിക്കാതിരിക്കുക. ഇതും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കും.
വ്യക്തിഗത ശുചിത്വ ഇനങ്ങൾ പങ്കിടാതിരിക്കുക
ടൂത്ത് ബ്രഷുകൾ, നെയിൽ ക്ലിപ്പറുകൾ തുടങ്ങിയ മറ്റൊരാളുമായി പങ്കിടാതിരിക്കുക.
സുരക്ഷിതമായ ലൈംഗികത ബന്ധം
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമോ ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധമോ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. ഇത് കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കും.
കൈകൾ കഴുകുക
ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഭക്ഷണം പാചകം ചെയ്യുന്നതിന് മുമ്പും കൈകൾ സോപ്പിട്ട് നന്നായി കഴുക.ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷവും കൈകൾ വൃത്തിയായി കഴുകുക.
മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക
ഏത് മരുന്നാണെങ്കിലും ഡോക്ടർ നിർദേശിച്ച പോലെ മരുന്നുകൾ കഴിക്കാൻ ശ്രമിക്കുക. മരുന്നുകൾ തെറ്റായി കലർത്തികഴിക്കുകയോ,അമിതമായി കഴിക്കുകയോ ചെയ്യുന്നത് കരളിനെ ദോഷകരമായി ബാധിക്കും. മരുന്നുകളുമായി ഒരിക്കലും മദ്യം കലർത്തരുത്. ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിവയ്ക്കുള്ള വാക്സിനുകൾ എടുക്കുക.