'സൈലന്റ് കില്ലർ'; എന്താണ് പൂനം പാണ്ഡെയുടെ ജീവനെടുത്ത സെർവിക്കൽ കാൻസർ?
|മറ്റ് അർബുദങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു അണുബാധമൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. വാക്സിൻ ഉപയോഗത്തിലൂടെ രോഗം പൂർണമായും പ്രതിരോധിക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ ഏറ്റവുമധികമായി കണ്ടുവരുന്ന കാൻസറാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. നിലവിൽ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണത്തിന് കാരണമായതും സെർവിക്കൽ കാൻസർ തന്നെ. മറ്റ് കാൻസർ രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു അണുബാധമൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. വാക്സിൻ ഉപയോഗത്തിലൂടെ രോഗം പൂർണമായും പ്രതിരോധിക്കാൻ കഴിയുമെന്നതും പ്രത്യേകതയാണ്.
ഏതാണ് സെർവിക്കൽ കാൻസറിനു കാരണമാകുന്ന വൈറസ്?
ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി) എന്ന വൈറസിന്റെ വകഭേദങ്ങളാണ് സെർവിക്കൽ കാൻസറിന് കാരണമാകുന്നത്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലുമൊക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട്. അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്. വളരെ വേഗത്തിൽ വ്യാപിക്കുന്ന വൈറസ് ശാരീരിക ബന്ധത്തിലൂടെയും മറ്റ് ചർമ സമ്പർക്കത്തിലൂടെയുമാണ് ബാധിക്കുന്നത്.
ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസാകുമ്പോഴേക്കും 80 ശതമാനം പേരിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല. 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായാണ് കണ്ടുവരുന്നത്.
സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?
ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്. ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനിൽക്കും. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറുകയാണ് ചെയ്യുന്നത്.
18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികളിൽ സെർവിക്കൽ കാൻസറിനുള്ള സാധ്യത കൂടുതലാണ്. ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും. ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍. പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍ തുടങ്ങിയവരിലും രോഗബാധ ഉണ്ടാകാം.
സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടു പിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും.
എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ?
സെർവിക്കൽ കാൻസറിന് തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല. അമിതമായ വെള്ളപോക്ക്, ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമുള്ള രക്തക്കറ, സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം, ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം എന്നിവ ലക്ഷണങ്ങളാണ്. പലരിലും രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ രോഗനിർണയവും ചികിത്സയും വൈകുന്നുണ്ട്.
സെർവിക്കൽ കാൻസർ എങ്ങനെ കണ്ടെത്താം?
ചില സ്‌ക്രീനിങ് ടെസ്റ്റുകളിലൂടെ സെര്‍വിക്കല്‍ കാന്‍സറിന്റെ സാന്നിധ്യം മനസിലാക്കാൻ സാധിക്കും. അതിലൊന്നാണ് പാപ്‍സ്മിയർ പരിശോധന. വളരെ ലളിതവും വേദന രഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പരിശോധനയാണിത്. ഇതിലൂടെ കോശ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കുകയാണ് ചെയ്യുന്നത്. 30 വയസ്സില്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് തുടങ്ങാവുന്നതാണ്. എല്ലാ മൂന്നു വര്‍ഷവും ഈ ടെസ്റ്റ് ചെയ്യണം.
എച്ച്.പി.വി. ഡി.എന്‍.എ. ടെസ്റ്റാണ് മറ്റൊന്ന്. പാപ്‌സ്മിയര്‍ ടെസ്റ്റിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ എച്ച്.പി.വി.ഡി.എന്‍.എ. ടെസ്റ്റിന് കാര്യക്ഷമത കൂടുതലാണ്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത് 35 വയസ്സിലും 10 വര്‍ഷത്തിനു ശേഷം 45 വയസ്സിലും ഓരോതവണ എച്ച്.പി.വി. ടെസ്റ്റ് എടുത്താല്‍ മതിയാകും എന്നാണ്. ഈ രണ്ട് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പിന്നീടുള്ള സ്‌ക്രീനിംഗിന്റെ ആവശ്യം വരുന്നില്ല.
പാപ്‌സ്മിയര്‍ ടെസ്റ്റില്‍ കോശ വ്യത്യാസങ്ങള്‍ കണ്ടാല്‍ കോള്‍പോസ്‌കോപ്പി എന്ന പരിശോധന നടത്താം. ഗര്‍ഭാശയ മുഖത്തിനെ ഒരു മൈക്രോസ്‌ക്കോപ്പിന്റെ സഹായത്തോടെ പരിശാധിക്കുന്നതാണ് കോള്‍പോസ്‌കോപ്പി. 100 ശതമാനം ഫലവത്തായി സെര്‍വിക്കല്‍ കാന്‍സറിനെ ഫലവത്തായി പ്രതിരോധിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരായ വാക്‌സിന്‍ ഇന്ന് ലഭ്യമാണ്.
സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ
സെര്‍വിക്കല്‍ കാന്‍സറിന് എതിരായ പ്രാഥമിക പ്രതിരോധ മാര്‍ഗമാണ് എച്ച്.പി.വി. വാക്‌സിന്‍. ഇത് പ്രധാനമായും മൂന്നുതരത്തിലാണുള്ളത്. ബൈവാലന്റ് വാക്‌സിന്‍, ക്വാഡ്രിവാലന്റ് വാക്‌സിന്‍, നാനോവാലന്റ് വാക്‌സിന്‍ എന്നിവയാണവ. സെര്‍വിക്കല്‍ കാന്‍സറിനെപ്പോലെ തന്നെ യോനിയിലും മലദ്വാരത്തിലുമുണ്ടാകുന്ന കാന്‍സറിനേയും പുരുഷ ലിംഗത്തിലുണ്ടാകുന്ന കാന്‍സറിനെയും പ്രതിരോധിക്കാൻ ഈ വാക്സിൻ ഉപയോഗിക്കുന്നു.
ഗാർഡാസിൽ, സെർവാരിക്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എച്ച്.പി.വി വാക്സിൻ ഒന്നിലധികം ഡോസുകളായിട്ടാണ് നൽകുന്നത്. പ്രായത്തിന് അനുസരിച്ചാണ് എത്ര ഡോസുകൾ, എങ്ങനെ നൽകണമെന്ന് തീരുമാനിക്കുന്നത്.
കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ നൽകുന്നതായിരിക്കും നല്ലത്. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. പരമാവധി 15 മാസത്തിനുള്ളിൽ തന്നെ നൽകാൻ ശ്രദ്ധിക്കണം.
15 മുതൽ 26 വയസ്സുവരെയുള്ളവരിൽ മൂന്നു ഡോസുകളായാണ് നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് ആദ്യമാസത്തിലും ആറാംമാസത്തിലും അടുത്ത ഡോസുകൾ സ്വീകരിക്കണം. ക്വാഡ്രിവാലന്റ്, നോനാവാലന്റ് വാക്സിനുകളായി നൽകുമ്പോൾ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട്, ആറ് മാസങ്ങളിൽ വേണം ബാക്കി രണ്ട് ഡോസുകളും സ്വീകരിക്കാൻ.
27 മുതൽ 45 വയസ്സ് വരെയുള്ളവർക്കും മൂന്നുഡോസായി തന്നെയാണ് വാക്സിൻ നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് ആദ്യ മാസത്തിലും ആറാം മാസത്തിലും അടുത്ത ഡോസുകൾ സ്വീകരിക്കണം. ക്വാഡ്രിവാലന്റ്, നോനാവാലന്റ് വാക്സിനുകളായി നൽകുമ്പോൾ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട്, ആറ് മാസങ്ങളിൽ വേണം ബാക്കി രണ്ട് ഡോസുകളും സ്വീകരിക്കാൻ.
എച്ച്.പി.വി. വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടോ?
എച്ച്.പി.വി. വാക്സിനില്‍ വൈറസിന്റെ ഡി.എന്‍.എയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നു തന്നെ പറയാം. കുത്തിവെച്ച സ്ഥലത്ത് വേദനയോ, തടിപ്പോ, ചൊറിച്ചിലോ ഉണ്ടാകാം. പനി, ദേഹവേദന, തലവേദന, ഛര്‍ദ്ദി എന്നിവ താത്ക്കാലികമായി അനുഭവപ്പെടാം. സാംക്രമിക രോഗമുള്ളവര്‍, അലര്‍ജി ഉള്ളവര്‍, എസ്.എല്‍.ഇ. മുതലായ അസുഖമുള്ളവരും വാക്സിന്‍ എടുക്കാന്‍ പാടില്ല.
രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണവേളയിൽ ഗര്‍ഭാശയഗള അര്‍ബുദം പ്രതിരോധിക്കാനുള്ള വാക്സിനേഷൻ പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു. ഒമ്പതു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കിടയിലാണ് വാക്സിനേഷൻ ലഭ്യമാക്കുക. എച്ച്.പി.വി. വാക്‌സിന്‍ സ്‌കൂളുകളിലൂടെ നല്‍കുന്നതിനേക്കുറിച്ച് നേരത്തേയും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.