Health
walking
Health

നടത്തത്തിൽ അൽപമൊന്ന് മാറ്റം വരുത്തി പുറകിലോട്ടു നടന്നു നോക്കിയാലോ?

Web Desk
|
25 Aug 2023 1:31 PM GMT

വ്യായാമത്തിനൊപ്പം പുറകിലേക്കു നടക്കുന്നതു കൂടി ശീലമാക്കുന്നത് ശാരീരികാരോ​ഗ്യത്തിനൊപ്പം മാനസികസൗഖ്യത്തിനും ​ഗുണം ചെയ്യും.

നടത്തത്തിന്റെ ആരോ​ഗ്യ​വശങ്ങളെക്കുറിച്ച് അനേകം പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ഒരുപോലെ ചെയ്യാവുന്ന വ്യായാമം മാത്രമല്ല നടത്തം. മസ്തിഷ്‌ക ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഒറ്റമൂലി കൂടിയാണ് നടത്തമെന്ന് ആധുനിക പഠനങ്ങള്‍ പറയുന്നു. എന്നാൽ നടത്തത്തിൽ അൽപമൊരു മാറ്റം വരുത്തി പുറകിലോട്ടു നടന്നു നോക്കിയാലോ? അത്തരത്തിൽ ശീലമാക്കുന്നത് സാധാരണ മുമ്പോട്ടുള്ള നടത്തത്തേക്കാൾ ​ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. വ്യായാമത്തിനൊപ്പം പുറകിലേക്കു നടക്കുന്നതു കൂടി ശീലമാക്കുന്നത് ശാരീരികാരോ​ഗ്യത്തിനൊപ്പം മാനസികസൗഖ്യത്തിനും ​ഗുണം ചെയ്യും. നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

തുടയെല്ലിനു സമീപത്തെ പേശികൾക്കും കാൽമുട്ടിനും പുറകിലേക്കു നടക്കുന്നത് നല്ലതാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും ഏകോപന കഴിവുകൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. കൂടാതെ പുറകിലേക്കു നടക്കുമ്പോൾ ശ്രദ്ധകൂടുതൽ ചെലുത്തേണ്ടി വരുന്നതിനാൽ തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടും.

പുറകിലേക്കു നടക്കുമ്പോൾ പതുക്കെയാണ് ചുവടുകൾ വെക്കുക. ഇത് കാലിനു താഴെയുള്ള പേശികൾക്ക് ​ഗുണം ചെയ്യും. ആഴ്ച്ചയിൽ 150 മിനിറ്റെങ്കിലും ഇപ്രകാരം ചെയ്യണമെന്ന് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ഡോ.പാൽ മാണിക്കം പറയുന്നുണ്ട്. ഹൃദയാരോ​ഗ്യം നിലനിർത്താൻ ഈ നടത്തം ശീലമാക്കുന്ന് ​ഗുണം ചെയ്യുമെന്നും അദ്ദേഹം വിഡിയോയിലൂടെ പറയുന്നു. സാധാരണ നടത്തത്തെ അപേക്ഷിച്ച് കൂടുതൽ ഊർജം വേണ്ട രീതിയായതിനാൽ വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും ഈ നടത്തം ശീലമാക്കാമെന്നും അദ്ദേഹം പറയുന്നു.

ദിവസവും അയ്യായിരത്തിനുള്ളിൽ ചുവടുകൾ വെക്കുന്നതുപോലും അകാലമരണസാധ്യത ഉൾപ്പെടെയുള്ളവ കുറയ്ക്കുമെന്നും, ദിവസവും 2,300-ൽ പരം ചുവടുകൾ വെക്കുന്നത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. നടത്തം ശീലമാക്കുന്നതിലൂടെ രക്തസമ്മർദം കുറയുകയും മസിലുകൾ ശക്തിപ്പെടുകയും ഊർജം കൂടുതൽ കൈവരിക്കുകയും ആരോ​ഗ്യകരമായ ഭാരം നിലനിർത്താൻ കഴിയുകയും ചെയ്യുമെന്നും ​ഗവേഷകർ പറയുന്നു.

Similar Posts