റീൽസിലും യൂട്യൂബിലും വരെ ഐസ് റോളറാണ് ട്രെൻഡ്; ശരിക്കും ചർമത്തിന് എന്തെങ്കിലും ഗുണമുണ്ടോ?
|സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ സാധനങ്ങൾ പലർക്കുമൊരു പാരയാകുന്നത് നാം കണ്ടിട്ടുണ്ട്. അതിനാൽ, ശരിക്കും ഇത്തരം ഉപകരണങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ, ഏതൊക്കെ സ്കിന്നുകൾക്കാണ് ഇവ അനിയോജ്യം എന്നതടക്കമുള്ള വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ് നിങ്ങളെങ്കിൽ ഐസ് റോളർ എന്താണെന്ന് നിങ്ങൾക്ക് അറിയാതിരിക്കില്ല. ഇൻസ്റ്റഗ്രാം റീൽസ് മുതൽ യൂട്യൂബ് ഷോർട്സ് വരെ ഈ ഒരു കുഞ്ഞ് സാധനം ട്രെൻഡിങ്ങാണ്. സെലിബ്രിറ്റികളുടെയും ഇൻഫ്ലുവൻസേഴ്‌സിന്റെയും ചർമസംരക്ഷണത്തിൽ വരെ ഇടംപിടിച്ചുകഴിഞ്ഞു ഐസ് റോളർ. .ഫ്രീസറിൽ സൂക്ഷിക്കാൻ കഴിയുന്ന വെള്ളവും ജെല്ലും നിറച്ച കയ്യിലൊതുങ്ങുന്ന ഒരു ചെറിയ ഉപകാരണമാണിത്.
ഐസ് റോളർ ഉപയോഗിച്ചതിന് ശേഷം തങ്ങളുടെ ചർമത്തിലുണ്ടായ മാറ്റങ്ങൾ ആളുകൾ പറയുന്നത് കേട്ട് ഐസ് റോളർ പരീക്ഷിക്കാൻ ഇറങ്ങിയ ആളുകളുടെ എണ്ണം കുറവല്ല. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ സാധനങ്ങൾ പലർക്കുമൊരു പാരയാകുന്നത് നാം കണ്ടിട്ടുണ്ട്. അതിനാൽ, ശരിക്കും ഇത്തരം ഉപകരണങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ, ഏതൊക്കെ സ്കിന്നുകൾക്കാണ് ഇവ അനിയോജ്യം എന്നതടക്കമുള്ള വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
സ്കിൻ കെയർ ചെയ്യുന്നതിനാണ് ഇപ്പോൾ എല്ലാവരും മുൻതൂക്കം നൽകുന്നത്. ചർമം നന്നായിരുന്നാൽ പിന്നെ മേക്ക് അപ്പിന്റെ ആവശ്യം ഇല്ലല്ലോ. ദിനചര്യയിൽ ഐസ് റോളർ ഉൾപ്പെടുത്തിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ:-
ക്രയോതെറാപ്പി എന്നും അറിയപ്പെടുന്ന കോൾഡ് തെറാപ്പി കാലങ്ങളായി ഡെർമറ്റോളജിയിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ്. ഐസ് റോളറിന്റെ പ്രവർത്തനവും ഈ രീതിയിൽ തന്നെയാണ്.വാസകോൺസ്ട്രിക്ഷൻ പോലുള്ള നിരവധി ചർമ്മസംരക്ഷണ ഗുണങ്ങൾ കോൾഡ് തെറാപ്പിയിലൂടെ ലഭിക്കും. ചര്മത്തിലെ വീക്കം കുറയ്ക്കുകയാണ് ഇതിൽ പ്രധാനം. ലിംഫറ്റിക് ഡ്രെയിനേജ്, നീർവീക്കം കുറയ്ക്കൽ, രക്തചംക്രമണം വർദ്ധിപ്പിക്കൽ, ഓക്സിജനും പോഷകങ്ങളും ചർമ്മകോശങ്ങളിലേക്ക് കൂടുതൽ ഫലപ്രദമായി എത്തിക്കൽ തുടങ്ങി നിരവധി ഗുണങ്ങൾ ഇതുവഴി ലഭിക്കുമെന്ന് പ്രമുഖ സെലിബ്രിറ്റി ഡെർമറ്റോളജിസ്റ്റ്, സ്ഥാപകൻ ഡോ. ബതുൽ പട്ടേൽ പറയുന്നു.
ഐസ് റോളർ ഉപയോഗിച്ച് ചർമത്തിൽ മസാജ് ചെയ്യുകയാണല്ലോ ചെയ്യുന്നത്. ഇത് ലിംഫറ്റിക് സിസ്റ്റത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഒരേസമയം നിരവധി ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും ഡോക്ടർ പറയുന്നു.
വീക്കം കുറയ്ക്കുന്നു
കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാൻ ഐസ് റോളർ വളരെ നല്ലതാണ്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ കണ്ണുവീങ്ങിയിരിക്കുന്നത് മിക്കവാറും നേരിടുന്ന പ്രശ്നമാണ്. ഇതിന് ഉചിതമായ ഒരു പരിഹാരമാണ് ഐസ് റോളർ.
ചർമത്തിലെ ചുവപ്പ് നിറം
ഐസ് റോളറിന് മുഖത്തിന്റെ ചുവപ്പ് കുറയ്ക്കാനും വാസകോൺസ്ട്രിക്ഷൻ ട്രിഗർ ചെയ്യുന്നതിലൂടെ നിറം മെച്ചപ്പെടുത്താനും കഴിയും. സമ്മർദ്ദമുള്ള ജോലിക്ക് ശേഷമോ അല്ലെങ്കിൽ വർക്ക് ഔട്ട് ചെയ്തതിന് ശേഷമോ ഇത് ഫലപ്രദമായിരിക്കും.
ചർമത്തിന്റെ ക്ഷീണത്തിന് പരിഹാരം
ചർമ്മത്തിലെ പിരിമുറുക്കം ലഘൂകരിക്കാൻ ഐസ് റോളർ മസാജ് സഹായിക്കും.യുവത്വമുള്ള ചർമത്തിന് നല്ലൊരു മാർഗമാണിത്. തിരക്കുള്ള ഒരു ദിവസത്തിന് ശേഷം ചർമ്മത്തിന് ഊർജം പകരുന്നതിനുള്ള ഒരു മികച്ച ഉപകരണമാണിത്.
മാത്രമല്ല, ചർമ സംരക്ഷണത്തിനായുള്ള സെറം അല്ലെങ്കിൽ മോയ്സ്ചറൈസറുകൾ ഉപയോഗിച്ചതിന് ശേഷം ഐസ് റോളർ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഉൽപ്പന്നങ്ങൾ ചർമത്തിലേക്ക് കൂടുതൽ ആഗീരണം ചെയ്യാൻ ഇതുവഴി സഹായിക്കും.
തലവേദനക്കും പരിഹാരം
ചർമ്മസംരക്ഷണവുമായി യാതൊരു ബന്ധവുമില്ലെങ്കിലും നെറ്റിയിലും തലയുടെ വശങ്ങളിലും ഐസ് റോളർ ഉപയോഗിക്കുന്നത് ടെൻഷൻ കുറക്കാനും തലവേദന കുറയ്ക്കാനും സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഐസ് റോളർ നിങ്ങളുടെ ദിനചര്യയിൽ കോൾഡ് തെറാപ്പിയുടെ ഗുണങ്ങൾ ചേർക്കുന്നതിനുള്ള ലളിതവും ചെലവുകുറഞ്ഞതുമായ രീതിയാണ്. എന്നാൽ, വിവിധ വിലകളിൽ നിരവധി വ്യത്യസ്ത റോളറുകൾ ഓൺലൈനിൽ ലഭ്യമായതിനാൽ, അവയെല്ലാം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ പ്രയാസമാണെന്നും ഡോക്ടർമാർ പറയുന്നു.