ഓഫീസിൽ ശവപ്പെട്ടിയുടെ ആകൃതിയിലുള്ള കസേരകൾ; അധികം വൈകാതെ ആവശ്യം വരുമെന്ന് കമ്പനി
|''ജോലി സമയത്ത് ആരെങ്കിലും മരിച്ചുപോയാൽ കസേര അതുപോലെ മടക്കി പെട്ടെന്ന് അടക്കാൻ ഏറെ സൗകര്യപ്രദമാണ്''
ഏതൊക്കെ തരത്തിലുള്ള കസേരകൾ നിങ്ങൾ കണ്ടിട്ടുണ്ട്? ചാരുകസേരകൾ, കറങ്ങുന്ന കസേരകൾ, സ്ലൈഡിംഗ് കസേരകൾ, എക്‌സിക്യൂട്ടീവ് ചെയർ തുടങ്ങി നിരവധി കസേരകൾ നമ്മൾക്ക് പരിചിതമായിരിക്കും. എന്നാൽ എല്ലാത്തിലും വ്യത്യസ്തത കൊണ്ടുവരുന്ന മനുഷ്യർ കസേരയുടെ കാര്യത്തിലും അക്കാര്യം മറന്നില്ല. ശവപ്പെട്ടിയുടെ ആകൃതിയാണ് ഇപ്രാവശ്യം കസേരയിൽ പരീക്ഷിച്ചത്. വെറുതെ ഒരു ഭംഗിക്ക് വേണ്ടി ചെയ്തതാണെന്ന് കരുതേണ്ട. അതിലും ഒരു കാര്യമുണ്ട്.
മണിക്കൂറുകളോളം ഓഫീസിൽ ചെലവഴിക്കുന്നവരായിരിക്കും നമ്മളിൽ മിക്കപേരും. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഒരു ദിവസം നമ്മൾ ജോലി ചെയ്യാറുണ്ട്. ചെറിയൊരു ശതമാനം പേർ മാത്രമാണ് മറ്റു ജോലികളിൽ ഏർപ്പെടുന്നത്. എന്നാൽ ദീർഘ നേരത്തെ ഈ ഇരിപ്പ് അത്ര നല്ലതല്ല. എത്രതന്നെ ബോധവൽക്കരണം നടത്തിയാലും ചെറിയൊരു വ്യത്യാസം പോലും നമുക്ക് വന്നിട്ടില്ല എന്നതാണ് പ്രധാനം.
ഇത്തരത്തിൽ മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരിൽ വലിയ ആരോഗ്യപ്രശ്ങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പലർക്കും അകാലമരണം വരെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും പല പഠനങ്ങളും വ്യക്തമാക്കുന്നു. ഇക്കാര്യം ഓർമിപ്പിച്ചുകൊണ്ട് 'ചെയർ ബോക്‌സ് ഡിസൈൻ' എന്ന കമ്പനി തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പരിചയപ്പെടുത്തുന്ന കസേരയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്.
കസേരകൾ കാണുമ്പോൾ ആദ്യം തമാശയാണെന്ന് തോന്നുമെങ്കിലും സമൂഹം നേരിടാൻ പോകുന്ന വലിയൊരു വിപത്തിനെ കുറിച്ചാണ അവർ പറയാൻ ശ്രമിക്കുന്നതെന്ന് പിന്നീടാണ് മനസിലാകുന്നത്. കസേരകൾക്കെല്ലാം ശവപ്പെട്ടിയുടെ ആകൃതിയാണ് എന്നതാണ് ഏറ്റവും പ്രധാനം. 'ദ ലാസ്റ്റ് ഷിഫ്റ്റ് ഓഫീസ് ചെയർ' എന്നാണ് കസേരയുടെ പേര് പോലും.
ഇത് തങ്ങളുടെ പുതിയ പ്രൊഡക്ടാണെന്നും ജോലി സമയത്ത് ആരെങ്കിലും മരിച്ചുപോയാൽ കസേര അതുപോലെ മടക്കി പെട്ടെന്ന് കോർപറേറ്റ് ശ്മശാനത്തിൽ അടക്കാൻ ഏറെ സൗകര്യപ്രദമാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് ശവപ്പെട്ടിയുടെ ആകൃതിയിലുള്ള കസേരകൾ കമ്പനി പരിചയപ്പെടുത്തുന്നത്. കോർപറേറ്റ് മേഖലകളിലെ തൊഴിലാളി ചൂഷണത്തെ കുറിച്ച് പരിഹാസരൂപേണ ഓർമ്മിപ്പിക്കുകയാണിവർ.
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നറിഞ്ഞിട്ടും തൊഴിലാളികൾക്കനുകൂലമായ നടപടികൾ കമ്പനികൾ സ്വീകരിക്കുന്നില്ല. ദീർഘ നേരം കസേരയിലിരിക്കാൻ മനുഷ്യന്റെ ആരാഗ്യം അനുകൂലമല്ലെന്നും ദ ചെയർബോക്‌സിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
ഇത്തരത്തിൽ ജോലി ചെയ്യുന്നവർ എന്ത് വ്യായാമം ചെയ്തിട്ടും കാര്യമില്ല.. ഇക്കാര്യത്തിൽ അൽപമെങ്കിലും വ്യത്യസ്തത കൊണ്ടുവന്നത് യുകെയാണെന്നും യുകെയിലെ തൊഴിലാളികൾക്ക് സ്റ്റാന്റിംഗ് ഡസ്‌ക് കൊണ്ടുവന്നു എന്നതല്ലാതെ മറ്റൊരു മാറ്റവും ഈ മേഖലയിൽ വന്നിട്ടില്ല എന്നും അവർ പറയുന്നു. എല്ലാ മേഖലയിലും അവബോധം ഉണ്ട് എന്നാൽ ഒന്നും പര്യാപ്തമല്ലെന്നും ദ ചെയർബോക്‌സിന്റെ വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു.