കമ്പിയിടാൻ പേടിയാണോ...നിരതെറ്റിയ പല്ലുകളെ ശരിയാക്കാനിതാ ഇൻവിസിബിൾ അലൈനേർ
|പേര് പോലെ തന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകളാണ് ഇത്
പൊങ്ങിയതും നിരതെറ്റിയതുമായ പല്ലുകൾ നമ്മളിൽ പലരുടേയും മനസുതുറന്നുള്ള ചിരിയെ തടയാറുണ്ട്. നിരതെറ്റിയ പല്ലുകളെ ശരിയാക്കാൻ കമ്പിയിടുക എന്നതായിരുന്നു ഏക മാർഗം. ഏറെ വേദന സഹിക്കേണ്ടി വരും എന്നതിനാൽ കമ്പിയിടാൻ പലർക്കും മടിയാണ്. ഇനി കമ്പിയിട്ടാലോ വായ തുറക്കാനും ചിരിക്കാനും ബുദ്ധിമുട്ടാണ്. കമ്പിയിടാതെ പല്ലൊന്ന് ശരിയാക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് പലരുടെയും ആഗ്രഹമാണ്. എന്നാൽ അത്തരക്കാർക്കൊരു സന്തോഷവാർത്തയുണ്ട്. ഇനിമുതൽ കമ്പിയിടാതെ പല്ല് നേരെയാക്കാം.. അത്ഭുതപ്പെടേണ്ട. ദന്ത ചികിത്സ രംഗത്ത് ഏറ്റവും ആധുനികമായ ചികിത്സാ രീതിയാണ് ഇൻവിസിബിൾ അലൈനേർ. പേര് പോലെ തന്നെ പല്ലിന്റെ പുറം ഭാഗത്തേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകളാണ് ഇവ. സൗന്ദര്യത്തിന് മുൻതൂക്കം നൽകുന്ന ആളുകൾ ഇപ്പോൾ കൂടുതലും ഉപയോഗിക്കുക ഇത്തരത്തിലുള്ള ക്ലിപ്പുകളാണ്.
ഇൻവിസിബിൾ അലൈനേറിന്റെ പ്രത്യേകതകൾ
ആഹാര സമയത്തും ബ്രഷുപയോഗിക്കുമ്പോഴും അഴിച്ച് മാറ്റി കൃത്യമായ രീതിയിൽ വായ കഴുകി വ്യത്തിയാക്കിയതിന് ശേഷം തിരികെ വെക്കാവുന്നതാണ് എന്നതാണ് ഏറ്റവും ആകർഷകം. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവിൽ തയ്യാറാക്കുന്ന ഇൻവിസിബിൾ അലൈനേർസ് പല്ലിന് സാധാരണ നൽകുന്ന കമ്പിയേക്കാളും മികച്ച റിസൾട്ടും നൽകും. ആഹാരം കഴിക്കുന്ന സമയത്തും ബ്രഷ് ചെയ്യുമ്പോഴും അനായാസമായി ഊരി വെക്കാനും തിരിച്ച് വെക്കാനും സാധിക്കുന്നമെന്നും ഇതിന്റെ പ്രത്യേകതയാണ്. വേദന ഉണ്ടാകുമെന്ന പേടിയും വേണ്ട. വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കുന്ന ഒന്നാണ് ഇൻവിസിബിൾ അലൈനേർ. മിനുസമാർന്ന പ്ലാസ്റ്റിക് കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.
ചികിത്സാരീതി
ഡെന്തൽ സ്പെഷ്യലിസിറ്റ് രോഗിയുടെ പല്ലിന്റെയും മോണയുടെയും സ്‌കാൻ എടുത്തതിന് ശേഷം ആ സ്‌കാൻ റിപ്പോർട്ട് ലാബിലേക്ക് അയക്കുകയും ലാബിൽ ലാബ് ടെക്നീഷ്യനും ഓർത്തോഡോണ്ടിസ്റ്റും ചേർന്ന് ഡിസൈൻ ചെയ്ത് ഒരു സെറ്റ് ഓഫ് ട്രേ((set of tray)) തയ്യാറാക്കുകയുമാണ് ചെയ്യുന്നത്. എത്ര സെറ്റ് ഓഫ് ട്രേ വേണമെന്നത് റിസൽട്ടിൽ നിന്നും ഡോക്ടറാണ് തീരുമാനിക്കുന്നത്. ഒരു സെറ്റ് ഓഫ് ട്രേ ഉപയോഗിക്കുന്നത് രണ്ടാഴ്ച്ചത്തേക്കാണ്. എത്ര ട്രേ വേണമെന്നും എത്ര ട്രേ ഉപയോഗിച്ചാൽ അവരുടെ പല്ല് ഭംഗിയാകുമെന്നും ഡോക്ടർക്ക് നേരത്തെ പറയാനാകും. എല്ലാ അപ്പോയിന്റ്മെന്റിനും എത്താൻ കഴിയാത്ത ആളുകൾ, മെറ്റാലിക് ബ്രേസുകൾ ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവർ, ദൂരെ പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ആളുകൾ തുടങ്ങിയവർക്ക് ഇത് കൂടുതൽ പ്രയോജനകരമാകും. മെറ്റാലിക് ബ്രേസുകളുമായി (( metallic braces)) താരതമ്യപ്പെടുത്തുമ്പോൾ വായ വളരെ വൃത്തിയായി സൂക്ഷിക്കാൻ അലൈനേഴ്സ് ഉപയോഗിച്ച് സാധിക്കും.
ആർക്കൊക്കെ പ്രയോജനപ്പെടുത്താം...
ഏതു പ്രായക്കാർക്കും ഈ രീതി ഉപയോഗിച്ച് പല്ലുകളെ ഭംഗിയാക്കാൻ സാധിക്കും. പല്ലും മോണയും എല്ലും ആരോഗ്യകരമായ ഇരിക്കുന്ന അവസ്ഥയാണെങ്കിൽ 14 വയസുമുതൽ തുടങ്ങി അങ്ങോട്ടുള്ള എല്ലാ പ്രായക്കാർക്കും ഈ ചികിത്സാരീതി ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ കൃത്യമായ ഇടവേളകളിൽ മാറ്റിയിടുന്ന ഇൻവിസിബിൾ അലൈനേർസ് ഡെൻന്റിസ്റ്റുമായിട്ടുള്ള കൂടിയാലോചനക്ക് ശേഷം മാത്രമേ ചെയ്യാവൂ..
വിവരങ്ങൾക്ക് കടപ്പാട്
ഡോ.തീർത്ഥ ഹേമന്ദ്, ചീഫ് ദന്തൽ സർജൻ,തീർത്ഥാസ് ടൂത്ത് അഫയർ,ഏറ്റുമാനൂർ