Health
pimples, latest malayalam news, face, hormon variations
Health

മുഖക്കുരു നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്നുണ്ടോ? പരിഹാരമിതാ.....

Web Desk
|
20 April 2023 2:44 PM GMT

കവിളുകൾക്കും താടിയെല്ലിനും ചുറ്റുമാണ് സാധാരണയായി ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു ഉണ്ടാകുക

മിക്ക ആളുകളുടെയും പ്രധാന സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു ഇതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. പലരും വിചാരിക്കുന്നത് ഹോർമോൺ വ്യതിയാനം മൂലമുള്ള മുഖക്കുരു 30 വയസ് കഴിഞ്ഞാൽ തങ്ങളെ ബാധിക്കില്ലെന്നാണ്. എന്നാൽ കൗമാരക്കാരുടെ ചർമ്മ പ്രശ്നമാണ് മുഖക്കുരു എന്ന ധാരണ തെറ്റാണ്. മോശം ഡയറ്റ്, കാലാവസ്ഥ, മരുന്നുകളുടെ ഉപയോഗം, മാനസിക സമ്മർദ്ദം എന്നിവയും മുഖക്കുരുവിന് കാരണമാകാറുണ്ട്.

ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു

ഹോർമോണുകളിലെ ഏറ്റക്കുറച്ചിൽ കാരണമാണ് ഇത്തരം മുഖക്കുരു ഉണ്ടാകുന്നത്. കൗമാരക്കാരിലാണ് സാധാരണയായി ഇത്തരം മുഖക്കുരു കാണാറ്. എന്നാൽ പഠനങ്ങള്‍ പറയുന്നത് ഈ മുഖക്കുരുവിന് കൗമാരക്കാർ മാത്രമല്ല അവകാശികളെന്നാണ്. പ്രായപൂർത്തിയായ സ്ത്രികളിൽ ധാരാളമായി ഇത്തരം ഹോർമോൺ വ്യതിയാന മുഖക്കുരു കാണാറുണ്ട്. 2008-ലെ ഒരു പഠനമനുസരിച്ച്, 20 നും 29 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 50 ശതമാനവും 40 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 25 ശതമാനവും മുഖക്കുരു ഉണ്ട്. കവിളുകൾക്കും താടിയെല്ലിനും ചുറ്റുമാണ് സാധാരണയായി ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു ഉണ്ടാകുക.

ഹോർമോൺ മുഖക്കുരുവിന്‍റെ കാരണം?

സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്‍റെ അളവ് കൂടുതലാകുമ്പോള്‍ പ്രത്യേകിച്ചും ആർത്തവ സമയത്ത്, പുരുഷ ഹോർമോണായ ടെസ്‍റ്റോസ്റ്റിറോണിന്‍റെ വർധന, പ്രമേഹം, ആർത്തവവിരാമം, എന്നീ ഘട്ടങ്ങളിലെല്ലാം ഹോർമോൺ മാറ്റങ്ങളെ തുടർന്ന് മുഖക്കുരു ഉണ്ടായേക്കാം.

ലക്ഷണങ്ങൾ

. കാര

. ബ്ലാക് ഹെഡ്സ് [ രോമകൂപങ്ങളിൽ അടിഞ്ഞു കൂടിയ സീബവും, നിർജ്ജീവകോശങ്ങളും ചർമ്മപ്രതലത്തിലെ സുഷിരങ്ങളിലൂടെ കറുത്ത നിറത്തിൽ കാണപ്പെടുന്നു]

. വൈറ്റ് ഹെഡ്സ് [ചർമ്മപ്രതലത്തിലെ സുഷിരങ്ങൾ അടഞ്ഞിരിക്കുന്നതിനാൽ അടിഞ്ഞു കൂടിയ സീബവും നിർജ്ജീവകോശങ്ങളും പുറമെ കാണാനാവാത്ത അവസ്ഥ]

. വേദനയോടു കൂടിയ ചുവന്ന കുരുക്കൾ

. പഴുത്ത കുരുക്കൾ

. സിസ്റ്റുകൾ

. ചെറിയ മുഴകൾ, എന്നിങ്ങനെ വിവിധ രീതിയിൽ മുഖക്കുരു പ്രത്യക്ഷപ്പെടാം. ഇതോടൊപ്പം കലകളും വടുക്കളും ഉണ്ടാകാം.

. സ്നേഹഗ്രന്ഥികൾ കൂടുതൽ ഉള്ള മുഖം, നെഞ്ച്, തോളുകൾ, മുതുക് എന്നിവിടങ്ങളിലാണ് മുഖക്കുരു കൂടുതൽ കാണപ്പെടുക.

പ്രതിവിധികള്‍

1. ഒന്നിലധികം ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങള്‍ ഒരേ സമയം ഉപയോഗിക്കാതിരിക്കുക

2. ബെന്‍സോയില്‍ പെറോക്‌സൈഡ്, സാലിസിലിക് ആസിഡ്, റെറ്റിനോയിഡ്‌സ്, അസെലിക് ആസിഡ്, ബീറ്റാ ഹൈഡ്രോക്സി ആസിഡ് തുടങ്ങിയവ അടങ്ങിയ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുക

3. ഗ്ലൈസമിക് സൂചിക കുറവുള്ള ഭക്ഷണം കൂടുതലായി കഴിക്കുക

4. പാല്‍- പാലുത്പന്നങ്ങള്‍ എന്നിവ മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക

5. മുഖം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. ദിവസവും രണ്ടു പ്രാവശ്യം സാലിസിലിക് ആസിഡ് അടങ്ങിയ ഫെയ്സ്‌വാഷ് ഉപയോഗിച്ച് കഴുകാം

6. യോഗ, ധ്യാനം, നൃത്തം, സംഗീതം എന്നിങ്ങനെ ഏതെങ്കിലും സ്ട്രെസ് റിലീഫ് തെറാപ്പി പരീക്ഷിക്കുക

7. എണ്ണമയമുള്ള ചർമ്മമുള്ളവർ മോയ്സ്ചറൈസർ ഉപയോഗിക്കാതിരിക്കുക

Similar Posts