Health
കുട്ടികളുണ്ടാകാനുള്ള ചികിത്സ ഫലിക്കുന്നില്ലേ? ജനനി നിങ്ങൾക്ക് രക്ഷയായേക്കാം
Health

കുട്ടികളുണ്ടാകാനുള്ള ചികിത്സ ഫലിക്കുന്നില്ലേ? 'ജനനി' നിങ്ങൾക്ക് രക്ഷയായേക്കാം

ഫസ്ന പനമ്പുഴ
|
5 Feb 2022 6:43 AM GMT

ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുള്ള ചെലവ് കുറഞ്ഞതും പാർശ്വഫലങ്ങളില്ലാത്തതുമായ ജനനി പദ്ധതിയിൽ ചികിത്സ തേടി ഫലം കണ്ടവരുടെ എണ്ണം കൂടി വരികയാണ്

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ഒരുപാട് ദമ്പതികളുണ്ട് നമ്മുടെ സമൂഹത്തിൽ. വന്ധ്യതയ്ക്ക് ചികിത്സ തേടുന്ന ചെറുപ്പക്കാരടക്കമുള്ളവരുടെ എണ്ണം കരുതുന്നതിനേക്കാളേറെയാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യത്തിനായി പലതരം ചികിത്സകൾ നടത്തിയിട്ടും ഫലമില്ലാതെ നിരാശരായിരിക്കുന്നവരും അസംഖ്യം.

പലവഴികൾ നോക്കിയിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ സംഘർഷഭരിതമായ ജീവിതം നയിക്കുന്ന ദമ്പതികൾക്ക് ആശ്വാസമാവുകയാണ് സംസ്ഥാന സർക്കാറിന്റെ ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കിയ 'ജനനി' ഫെർട്ടിലിറ്റി സെന്റർ. ഐ.വി.എഫ് ചികിത്സ ഫലിക്കാത്തവർക്കു പോലും പരീക്ഷിക്കാവുന്ന, ചെലവ് കുറഞ്ഞ, പാർശ്വ ഫലങ്ങളില്ലാത്ത ഈ ചികിത്സാ രീതി 2012-ലാണ് ആരംഭിച്ചത്. ഇതിനകം നൂറുകണക്കിന് ദമ്പതിമാർക്കാണ് ജനനിയിലൂടെ പുത്രസൗഭാഗ്യമുണ്ടായത്.

കുട്ടികൾ ഉണ്ടാവില്ലെന്ന് കരുതിയവരുടെ സ്വപ്‌നങ്ങൾക്ക് ചിറകു മുളപ്പിച്ച ജനനി ഫെർട്ടിലിറ്റി സെന്ററിനെ കുറിച്ച് കോഴിക്കോട് ജനനി കെയർ യൂണിറ്റ് കൻവീനർ ഡോ. സാഹിറ വി.പി വിശദീകരിക്കുന്നു:

പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകളുടെ പ്രശ്‌നങ്ങൾക്ക് ഒരു സമഗ്ര പരിഹാരം എന്ന നിലയിൽ ഹോമിയോ വകുപ്പ് 2011 ൽ സീതാലയം എന്ന പേരിലൊരു പദ്ധതി ആരംഭിച്ചിരുന്നു. സീതാലയത്തിൽ വന്ന പല സ്ത്രീകളുടെയും പ്രധാന പ്രശ്‌നം കുട്ടികൾ ഇല്ലാത്തതാണെന്ന തിരിച്ചറിവാണ് 2012ൽ ഹോമിയോപതി ഫെർട്ടിലിറ്റി സെന്റർ എന്ന ആശയം രൂപപ്പെടാൻ കാരണമായത്.

ഹോമിയോപ്പതി ഫെർട്ടിലിറ്റി സെന്റർ പിന്നീട് പുനർ നാമകരണം ചെയ്ത് ജനനിയായി മാറി. 2015 ദമ്പതികൾ ജനനിയിൽ രജിസ്റ്റർ ചെയ്തു. അതിൽ 447 പേർക്ക് ഫലപ്രാപ്തി ലഭിച്ചു. 283 ജനനങ്ങൾ റിപ്പോർട്ട് ചെയ്തു. അതിലേറെയും വിവാഹം കഴിഞ്ഞ് അഞ്ച് മുതൽ പതിനഞ്ച് വർഷം കഴിഞ്ഞവരും ഐ.യു.ഐ, ഐ.വി.എഫ് തുടങ്ങി വിവിധ വന്ധ്യതാ പരിഹാര ചികിത്സാ മാർഗങ്ങൾ അവലംബിച്ച് പരിഹാരം കാണാത്തവരുമാണ്.

വിവാഹം കഴിഞ്ഞു പത്തുവർഷം കഴിഞ്ഞവരും, സ്ത്രീ പങ്കാളിക്ക് 40 കഴിഞ്ഞതും പല തവണ ഗർഭധാരണം നടന്ന് ശേഷി നഷ്ടപെട്ടതുമായ ദമ്പതികൾ ജനനിയിൽ നിന്നും സന്താന ലബ്ധിയുണ്ടായവരിൽ ഉൾപ്പെടുന്നു എന്നത് വന്ധ്യതനിവാരണ രംഗത്ത് ഹോമിയോപ്പതി ചികിത്സയുടെ പ്രസക്തി വർധിപ്പിക്കുന്നു.

വന്ധ്യതയ്ക്ക് കാരണമായി കണ്ടുവരുന്ന പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണക്കുറവ്, ചലനശേഷിയില്ലായ്മ, ലൈംഗികശേഷിക്കുറവ്, സ്ത്രീകളിൽ കാണുന്ന പി.സി.ഒ.ഡി, അണ്ഡാശയ രോഗങ്ങൾ, ഗർഭാശയമുഴകൾ, അണ്ഡവാഹിനി കുഴലുകളിലെ തകരാർ മുതലായ അവസ്ഥകൾക്കെല്ലാം ഹോമിയോപതി ചികിത്സയുടെ സാധ്യതകൾ വന്ധ്യതാ നിവാരണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

ചികിത്സയുടെ ആരംഭത്തിൽതന്നെ ദമ്പതികൾക്ക് വന്ധ്യതയുമായി ബന്ധപ്പെട്ട കാരണങ്ങൾ കണ്ടുപിടിക്കാനുള്ള പരിശോധനാ മാർഗങ്ങൾ, നിലവിലുള്ള ചികിത്സാ രീതികൾ എന്നിവയെ കുറിച്ച് വിശദമായ അറിവ് നൽകുന്നു. കൂടാതെ, പങ്കാളികളെ വിളിച്ചിരുത്തി ആവശ്യമായ കൗൺസിലിങ്ങും നൽകും. പലപ്പോഴും ഇരു പങ്കാളികൾക്കും ചികിത്സ ആവശ്യമായി വരാറുണ്ട്.

കേരള സർക്കാർ ആയുഷ് ഹോമിയോപതി വകുപ്പിനു കീഴിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ ഹോമിയോ ആശുപത്രികളിൽ ജനനി പ്രവർത്തിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തുകൾക്ക് കീഴിലാണ് ജില്ലാ ഹോമിയോ ആശുപത്രികൾ പ്രവർത്തിക്കുന്നത്.

കോഴിക്കോട് ജില്ലയിൽ ചികിത്സയ്‌ക്കെത്തുന്ന ദമ്പതികളുടെ തിരക്ക് പരിഗണിച്ച് നാം (നാഷണൽ ആംസ് മിഷൻ) ന്റെ സഹായത്തോടെ രണ്ട് മെഡിക്കൽ ഓഫീസർമാരെ നിയമിച്ചു. കൂടുതൽ സേവനങ്ങൾക്ക് രണ്ടു ജി എൻ എം നഴ്‌സുമാർ രണ്ടു മൾട്ടിപർപ്പസ് വർക്കേഴ്സ് എന്നിവരെയും നിയമിച്ചിട്ടുണ്ട്.

നാടൊട്ടുക്കും മുളച്ചുപൊന്തിയ വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളിൽ ദമ്പതികൾ വൻതുക ചെലവഴിക്കേണ്ടി വരുമ്പോൾ തുച്ഛമെന്ന് പറയാവുന്ന ചെലവ് മാത്രമാണ് ജനനിയിലുള്ളത്. വെറും പത്തു രൂപയാണ് ജനനിയിൽ ഒ.പി ടിക്കറ്റ് നിരക്ക്. മരുന്നുകൾ തീർത്തും സൗജന്യമാണ്. വന്ധ്യതാ കാരണം കണ്ടെത്തുന്നതിനും മറ്റുമുള്ള വിശദ പരിശോധനകൾക്കു മാത്രമാണ് കാര്യമായ ചെലവു വരുന്നത്.

പദ്ധതി ആരംഭിച്ച് നാലു മാസം കഴിഞ്ഞപ്പോൾ തന്നെ മുൻകൂട്ടി ബുക്കിംഗ് ഏർപ്പെടുത്താൻ തുടങ്ങി. തുടക്കത്തിൽ ഒരു ഒ.പി മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എല്ലാ ദിവസവും രണ്ട് ഒ.പികൾ വീതം പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ അഞ്ച് ഡോക്ടർമാരാണ് ജനനി പദ്ധതിയിൽ സേവനമനുഷ്ഠിക്കുന്നത്.

ഡോ. സാഹിറ വി.പി പദ്ധതിയുടെ കൺവീനറായും ഡോ. സീന ജി.ആർ ഡോ.നഫീസ, ഡോ. അരുൺ കൃഷ്ണൻ, ഡോ. മുഹമ്മദ് റാഷിദ് തുടങ്ങിയവർ മെഡിക്കൽ ഓഫീസർമാരായും പ്രവർത്തിക്കുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീലേഖ ടി. വൈ യുടെ നേതൃത്വം ജനനി ടീമിന് വലിയ പ്രോത്സാഹനമാണ് നൽകുന്നത്.

ജനനിക്കു വേണ്ടിയുള്ള പ്രത്യേക കെട്ടിടം കോഴിക്കോട് ജില്ലാ ആശുപത്രി വളപ്പിൽ പണി പൂർത്തീകാരണത്തിന്റെ അവസാന ഘട്ടത്തിലാണ്. പരിമിതമായ മനുഷ്യ വിഭവശേഷിക്കുള്ളിൽ നിന്നുകൊണ്ട് ജനനി പദ്ധതിയെ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഹോമിയോ വകുപ്പ്. ഇതിലൂടെ ഹോമിയോപതിയുടെ അനന്ത സാധ്യതകൾ മുന്നോട്ടുയർത്തി സഞ്ചരിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.

Similar Posts