ഫ്രിഡ്‌ജിൽ നിന്ന് നേരിട്ട് തണുത്ത വെള്ളം കുടിക്കുന്നവരുടെ ശ്രദ്ധക്ക്...
|ഭക്ഷണത്തിനിടയിൽ തണുത്ത വെള്ളം കുടിക്കുന്നത് പൂർണമായും ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു.
നല്ല ചൂടല്ലേ... വെറുതെയെങ്കിലും ഫ്രിഡ്ജ് തുറന്നുനോക്കിയില്ലെങ്കിൽ ഒരു സമാധാനവുമില്ല. കുപ്പിയിലും പാത്രങ്ങളിലുമായി വെള്ളം നിറച്ചുവെക്കാത്ത വീടുകൾ വളരെ കുറവായിരിക്കും. ആവശ്യത്തിന് വെള്ളം കുടിക്കണമെന്നത് ചൂടുകാലത്ത് മാത്രമല്ല, എല്ലാ സമയത്തും നാം കേൾക്കാറുണ്ട്. ശരീരത്തിൽ ജലാംശം നിലനിർത്തുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ വെള്ളകുടി സഹായിക്കും. പല ആരോഗ്യപ്രശ്നങ്ങളും ലഘൂകരിക്കാനുള്ള ഏറ്റവും സുസ്ഥിരമായ മാർഗ്ഗങ്ങളിലൊന്നാണ് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കാറുമുണ്ട്.
എന്നാൽ ശരീരത്തിൽ ജലാംശത്തിന് പോലും അതിൻ്റേതായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഏത് തരം വെള്ളമാണ് കുടിക്കുന്നത്, ഏത് സമയത്താണ് കുടിക്കുന്നത് എന്നിവയെല്ലാം ഒരുപോലെ പ്രധാനമാണ്. ജലാംശം കുറയുന്നത് പലപ്പോഴും വൃക്കകൾക്ക് തകരാറുണ്ടാക്കുകയും മലബന്ധം ഉൾപ്പടെയുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
അതിനാൽ, വെള്ളം കുടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണമെന്ന് അർഥം. ചൂടുകാലത്ത് ആവർത്തിച്ചുചെയ്യുന്ന ഒരു തെറ്റ് നമ്മളിൽ പലരും ശ്രദ്ധിക്കാറില്ല. തണുത്ത വെള്ളം ഫ്രിഡ്ജിൽ നിന്ന് നേരിട്ട് കുടിക്കുന്നതാണിത്. വേനൽക്കാലത്ത്, പുറത്തെ താപനില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് ഉയരും. ഇത് ശരീര താപനിലയും ഉയർത്തുന്നു. അപ്പോഴാണ് നല്ല തണുത്ത എന്തെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന അതിയായ ആഗ്രഹം വരുന്നത്. ഒരു ഗ്ലാസ് എങ്കിൽ ഒരു ഗ്ലാസ്, തണുത്ത വെള്ളം കിട്ടിയാൽ ഒന്നും നോക്കാതെ ഒറ്റവലിക്ക് കുടിക്കും.
ആ സമയത്ത് ഒരാശ്വാസം ലഭിക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനർത്ഥം തണുത്ത വെള്ളം പൂർണ്ണമായും ഒഴിവാക്കണം എന്നല്ല. ദിവസത്തിൽ ശരിയായ സമയത്താകണം തണുത്ത വെള്ളം കുടിക്കേണ്ടത്. ഭക്ഷണത്തിനിടയിൽ തണുത്ത വെള്ളം കുടിക്കുന്നത് പൂർണമായും ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു.
കടുത്ത ചൂട് കാരണം നമ്മുടെ ദഹനം ഇതിനകം തന്നെ മന്ദഗതിയിലാണ്. വേനൽക്കാലത്ത് ദഹനപ്രവർത്തനത്തിന്റെ തീവ്രത വർധിക്കും. തണുത്ത വെള്ളവും ചില തണുത്ത പാനീയങ്ങളും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ദഹന സമയത്ത് പോഷകങ്ങൾ ആഗിരണം ചെയ്യുന്ന സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, വേനൽക്കാലത്ത് തണുത്ത വെള്ളം തൊണ്ടവേദന, മൂക്കിലെ തടസ്സം തുടങ്ങിയ പ്രശ്നങ്ങളും വർധിപ്പിക്കും.
ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമ വേളയിൽ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. വ്യായാമ വേളയിൽ തണുത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരം അമിതമായി ചൂടാകാതിരിക്കാൻ സഹായിക്കുമെന്ന് ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷൻ്റെ ജേണലിൽ പ്രസിദ്ധീകരിച്ച 2012ലെ ഒരു പഠനം വ്യക്തമാക്കുന്നു.
എത്ര വെള്ളം കുടിക്കണം എന്നത് നിങ്ങളുടെ പ്രായം, ലിംഗഭേദം, ദിവസേനയുള്ള കലോറി എണ്ണം, എനർജി ബേൺ, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. എങ്കിലും ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാൻ മറക്കരുത്.