തടികുറക്കാനായി വെറും വയറ്റിൽ ചൂടുവെള്ളവും തേനും കഴിക്കാറുണ്ടോ? ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കും
|ഒരു ടേബിൾസ്പൂൺ 17 ഗ്രാം പഞ്ചസാരയും 64 കലോറിയും അടങ്ങിയിട്ടുണ്ട്
ശരീരഭാരം കുറക്കുന്നതിന് വേണ്ടി പലരും വെറും വയറ്റിൽ ചെറുചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡയറ്റീഷ്യനായ മാക് സിംഗ് പറയുന്നു. 'ശരീരഭാരം കുറയ്ക്കാനുള്ള മികച്ച മാർഗമായി തേൻ ചേർത്ത ചൂടുവെള്ളം പലരും കുടിക്കാറുണ്ട്. എന്നാല് തേൻ ചേർത്ത ചൂടുവെള്ളം മികച്ച പരിഹാരമല്ല. മാത്രമല്ല, ഇത് ഗുണത്തേക്കാളേറെ കൂടുതൽ ദോഷം ചെയ്യും. ഒരു ടീസ്പൂൺ തേനിൽ ഏകദേശം 6 ഗ്രാം പഞ്ചസാരയും 21 കലോറിയും അടങ്ങിയിട്ടുണ്ട്. അതേസമയം, ഒരു ടേബിൾസ്പൂൺ 17 ഗ്രാം പഞ്ചസാരയും 64 കലോറിയും അടങ്ങിയിട്ടുണ്ട്, ഇത് തടികുറക്കുന്നതിന് പകരം ശരീരഭാരം വർധിപ്പിക്കുന്നതിലേക്ക് നയിക്കും..'മാക് സിംഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ചൂടുള്ള വസ്തുക്കളിൽ തേൻ ചേർക്കുമ്പോൾ അത് സ്വയം വിഷമായി മാറുമെന്നാണ് പറയപ്പെടുന്നത്. ഇത് പല രോഗങ്ങളിലേക്കും നയിക്കും. കൂടാതെ തേൻ പഞ്ചസാരയുടെ മറ്റൊരു രൂപമായതിനാൽ പ്രമേഹരോഗികൾക്കും അപകടകരമാണ്. തേൻ ദിവസവും കുടിക്കുന്നവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കുമെന്നും പറയുന്നു. എന്നാൽ ഇതിനെ എല്ലാ വിദഗ്ധരും അംഗീകരിക്കുന്നില്ല.
ശുദ്ധീകരിച്ച പഞ്ചസാരയുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റ് ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹമുള്ളവർക്ക് തേൻ പകരമായി കഴിക്കാമെന്ന് ആത്മാന്തൻ വെൽനസ് സെന്റർ മെഡിക്കൽ ഡയറക്ടറും സിഇഒയുമായ ഡോ മനോജ് കുറ്റേരി indianexpress.com-നോട് പറഞ്ഞു.
ശരീരഭാരം കുറക്കാൻ തേൻചേർത്ത ചൂടുവെള്ളത്തിന് പകരം അയമോദകവും (ajwain )കറുവാപ്പട്ടയും ചേർത്ത് തിളപ്പിച്ച വെള്ളം നല്ലതാണെന്നും മാക് സിങ് ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. അയമോദക വെള്ളം കഴിക്കുന്നത് ദഹനം വേഗത്തിലാക്കും. അതുവഴി ഭക്ഷണം കൊഴുപ്പായി അടിഞ്ഞുകൂടാനുള്ള സാധ്യത കുറവാണ്. മെറ്റബോളിസത്തെ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ ത്വരിതപ്പെടുത്തുന്നു. മെച്ചപ്പെട്ട ദഹനം അനാവശ്യ ശരീരഭാരം തടയാനും ഇത് സഹായിക്കും.