സങ്കടവും വിഷാദവും ഒന്നാണോ? തിരിച്ചറിഞ്ഞ് ചികിത്സ തേടൂ
|വിഷാദമെന്നാൽ ദീർഘകാലം നിലനിൽക്കുന്ന മാനസിക വിഭ്രാന്തിയാണ്
സുഖദുഃഖങ്ങള്‍ നിറഞ്ഞതാണ് ജീവിതം. എല്ലാവരുടെയും ജീവിതത്തിൽ പ്രയാസങ്ങളുണ്ടാകും.അത്തരം സന്ദർഭങ്ങളിൽ വിഷമം വരുന്നത് സ്വാഭാവികമാണ്.ചിലപ്പോൾ ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടുന്നതും സ്വാഭാവികമാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇതെല്ലാം തരണം ചെയ്ത് മുന്നോട്ടുപോകാൻ നമുക്കാകും. ർകുറച്ചു സമയം കഴിഞ്ഞാൽ ഇത്തരം പ്രതിസന്ധികളെ എല്ലാവരും മറികടക്കും.
എന്നാൽ ഇത്തരം സന്ദർഭങ്ങൾ മറികടക്കാൻ സാധിച്ചില്ലെങ്കിലോ? നിങ്ങളുടെ ജോലിയെയും ഉറക്കത്തെയും തുടർന്ന് ക്രമേണ ഇത് നിങ്ങളുടെ ക്ഷീണത്തിനും ശരീര ഭാരത്തെയും ബാധിക്കാൻ തുടങ്ങുകയാണെങ്കിലോ? സംശയിക്കേണ്ട .ഇത് കടുത്ത വിഷാദത്തിന് കാരണമാകും.വിഷാദമെന്നാൽ ദീർഘകാലം നിലനിൽക്കുന്ന മാനസിക വിഭ്രാന്തിയാണ്.സാമൂഹികമായിട്ടുള്ള ഒരാളുടെ ഇടപെടലുകളെ സാരമായി ബാധിക്കാൻ ഇവക്ക് സാധിക്കും.
എന്താണ് സങ്കടം
സങ്കടം എന്നത് ഒരു മനുഷ്യന്‍റെ സ്വാഭാവികമായ വികാരമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് എല്ലാവരും അഭിമുഖീകരിക്കുന്ന ഒന്നാണ് സങ്കടം.നമ്മെ വേദനപ്പെടുത്തുന്നതോ സന്തോഷം തരാത്തതുമായ അവസരങ്ങളിലെ സ്വാഭാവിക പ്രതികരണമാണ് ദുഃഖം.ഇതിന് പല തലങ്ങളുണ്ട്.മറ്റ് വികാരങ്ങളെപ്പോലെ ഇതും പെട്ടന്ന് കടന്ന് പോകുന്നതാണ്. എന്നാൽ രണ്ടാഴ്ചയിൽ കൂടുതൽ വിഷമം നിലനിൽക്കുകയും സാധാരണ ഗതിയിലേക്ക് ആ വ്യക്തിക്ക് തിരിച്ചു പോകാൻ പറ്റുകയും ചെയ്യുന്നില്ലെങ്കിൽ ഡോക്ടറെയോ അല്ലെങ്കിൽ മാനസിക വിദഗ്ധരെയോ സമീപിക്കേണ്ടതാണ്.
എന്താണ് വിഷാദം
വിഷാദം എന്ന മാനസികാവസ്ഥ ഒരു വ്യക്തിയുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.വ്യതസ്ത പ്രായത്തിലുള്ളവർക്ക് വിഷാദം അനുഭവപ്പെടാം.ഇത് അവരുടെ സ്വഭാവത്തെയും മനോനിലയെയും ബാധിക്കും.ഒരാളുടെ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങൾ വിഷാദത്തിന് കാരണമാകാം.ഉദാഹരണത്തിന് വിവാഹമോചനം,ജോലി നഷ്ടപ്പെടൽ,സാമ്പത്തികമായ ബുദ്ധിമുട്ട്,വീട്ടിലെ പ്രശ്നങ്ങൾ തുടങ്ങി മനസിനെ പ്രതികൂലമായി ബാധിക്കുന്ന എല്ലാ കാര്യങ്ങളും വിഷാദത്തിന് കാരണമാവുന്നുണ്ട്.പരീക്ഷയിൽ തോൽക്കുന്നതും വിചാരിച്ച ജോലി ലഭിക്കാതെ വരുന്നതും വിഷാദത്തിന് കാരണമാവാം.ഇങ്ങനെ പ്രയാസപ്പെടുന്നവർ താൻ അഭിമുഖീകരിക്കുന്ന വിഷമം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതു വഴി ആശ്വാസം ലഭിക്കുമെന്നാണ് ചിലർ പറയുന്നത്.
വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍
- പ്രതീക്ഷയില്ലായ്മ
- നിരുത്സാഹം
- ദുഃഖം
- മുന്‍പ് ചെയ്തിരുന്ന പ്രവൃത്തികളിൾ താൽപര്യമില്ലാതാവുക
- പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മഹത്യ ചെയ്യാൻ തോന്നുകയോ അല്ലെങ്കിൽ അതിന് ശ്രമിക്കുകയോ ചെയ്യുക
- കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം സമയം ചെലവഴിക്കുന്നതിന് പകരം ഒറ്റക്കിരിക്കാൻ തോന്നുക
- ജോലി സ്ഥലത്തേക്കും സ്കൂളിലേക്കും പോകാതിരിക്കുക
- ശരീര ഭാരത്തിലുണ്ടാവുന്ന മാറ്റങ്ങൾ
- ഉറക്കം ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ ധാരാളമായി ഉറങ്ങുകയോ ചെയ്യുക
- ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ബുദ്ധിമുട്ടുക
- ഊർജം കുറഞ്ഞ് ക്ഷീണിതനായിരിക്കുക
- അസ്വസ്ഥത
സങ്കടവും വിഷാദവും തമ്മിൽ ബന്ധമുണ്ടെങ്കിലും ഇവ ഒന്നല്ല. വേദനിപ്പിക്കുന്നതും സമ്മർദം ചെലുത്തുന്നതുമായ സംഭവങ്ങളെ തുടർന്ന് എല്ലാവർക്കും വിഷമം വരുന്നതാണ്. എന്നാൽ ദൈനംദിന ജീവിതങ്ങളെ കാര്യമായി ബാധിക്കാൻകഴിയുന്ന ഒന്നാണ് വിഷാദം.മാനസികമായും ശാരീരികമായും പ്രയാസങ്ങൾ സൃഷ്ടിക്കാൻ ഇവക്ക് സാധിക്കും.വ്യക്തമായ കാരണങ്ങളോട് കൂടിയായിരിക്കും ഒരാൾക്ക് സങ്കടം വരുന്നത്.എന്നാൽ വിഷാദം അനുഭവപ്പെടാൻ പ്രത്യേക കാരണം ഉണ്ടാവില്ല.സങ്കടം കൂടുതൽ സമയം നിലനിൽക്കുന്നുണ്ടെങ്കിൽ പെട്ടന്ന് തന്നെ വൈദ്യസഹായം നേടേണ്ടതാണ്.കാരണം ഇത് ചിലപ്പോൾ വിഷാദ രോഗത്തിന്‍റെ തുടക്കമായേക്കാം.