അത് വിശപ്പോ,ദാഹമോ? അറിഞ്ഞു വേണം ഭക്ഷണം കഴിക്കാന്‍...
|പലപ്പോഴും ദാഹിക്കുമ്പോൾ വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം കഴിക്കുന്നവരാണ് കൂടുതൽ
നമ്മളിൽ പലർക്കും ചില ആഹാരങ്ങള്‍ കഴിക്കാൻ അമിതമായ കൊതി തോന്നാറുണ്ട്. ചിലപ്പോൾ എന്തെങ്കിലുമൊക്കെ കഴിക്കാൻ തോന്നുകയും എന്നാൽ എന്താണ് കഴിക്കേണ്ടതെന്ന് അറിയാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഭക്ഷണത്തോടുള്ള അഭിനിവേശം രണ്ടുതരത്തിലുണ്ട്. ഈ അവസ്ഥയെ കുറിച്ചും അതിനെ മറികടക്കാനുള്ള പൊടിക്കൈകളെക്കുറിച്ചും വിവരിക്കുകയാണ് ന്യൂട്രീഷനിസ്റ്റ് നമാമി അഗർവാൾ.
നമുക്കിഷ്ടമുള്ള ഏതെങ്കിലും പ്രത്യേക ഭക്ഷണസാധനങ്ങളോട് തോന്നുന്ന കൊതിയാണ് സിലക്ടീവ് അഭിനിവേശം എന്ന് പറയുന്നത്. ഉദാഹരണമായി നമ്മുക്കിഷ്ടമുള്ള ചോക്‌ളേറ്റുകളോ അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക കടയിലെ ബർഗറോ പ്രത്യേക ഫ്‌ളേവറിലുള്ള ഭക്ഷണമോ എല്ലാം ഇതിൽ ഉൾപ്പെടും. ഇവയ്ക്ക് പകരം ആരോഗ്യപ്രദമായ ഭക്ഷണപദാർത്ഥങ്ങൾ ഈ സമയത്ത് കഴിച്ചുകൊണ്ടുവേണം ഇത്തരം 'ആർത്തി'കളെ നേരിടാനെന്നാണ് നമാമി പറയുന്നത്.
രണ്ടാമത്തെ അഭിനിവേശമാണ് നോൺ-സിലക്ടീവ് അഭിനിവേശങ്ങൾ. എന്തെങ്കിലും കഴിക്കാനുള്ള അമിതമായ ത്വര ഉണ്ടാവുകയും എന്നാൽ അത് എന്താണെന്ന് മനസ്സിലാവാതിരിക്കുകയും ചെയ്യുന്നതാണിത്. ഭക്ഷണം കഴിച്ചിട്ട് ഒരുപാട് സമയമാകുമ്പോഴാണ് ഇത്തരത്തിലുള്ള അഭിനിവേശം ഉണ്ടാവാറുള്ളത്. ഇത് പലപ്പോഴും ദാഹവുമാകാമെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്. അതുകൊണ്ട് ഇത്തരം അഭിനിവേശം ഉണ്ടാകുമ്പോഴേ ഭക്ഷണം കഴിക്കേണ്ടതില്ല, അതിന് പകരം വെള്ളം കുടിച്ചാൽ അത് ശമിക്കുന്നതേയുള്ളൂവെന്നാണ് ന്യൂട്രീഷനിസ്റ്റിന്റെ അഭിപ്രായം.
വിശപ്പും ദാഹവും തമ്മിൽ തിരിച്ചറിയാനാകാതെ വരുന്ന സന്ദർഭത്തിലാണ് ഇതുണ്ടാവുക. അതിനാൽ പലപ്പോഴും ദാഹിക്കുമ്പോൾ വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഭക്ഷണം കഴിക്കുന്നവരാണ് കൂടുതൽ. ചിലപ്പോൾ എതാനും ന്യൂട്രിയന്റ്‌സുകളുടെ അഭാവം കൊണ്ടും ഇത്തരം അഭിനിവേശമുണ്ടാകാം. സ്ഥിരമായി ഏതെങ്കിലും ഭക്ഷണങ്ങളോട് അഭിനിവേശം തോന്നുന്നുവെങ്കിൽ ആരോഗ്യവിദഗ്ധരെ സമീപിക്കുന്നത് നല്ലതാണ്.