കഴിക്കുമ്പോൾ മൊബൈൽ ഫോൺ കയ്യിലുണ്ടോ! കുട്ടികളുടെ ഭാരം കുറയുന്നതിന് കാരണം വേറേ തേടേണ്ട
|സ്നാക്സ് മിതമായ രീതിയിൽ മാത്രം വേണം നൽകാൻ
കുഞ്ഞുങ്ങളുടെ തടി കൂടുന്നതും കുറയുന്നതും അത്ര പ്രശ്നമുള്ള കാര്യമാണോ? തന്റെ കുഞ്ഞുങ്ങളുടെ ശരീരപ്രകൃതിയെ കുറിച്ച് മറ്റുള്ളവർ അഭിപ്രായം പറയുമ്പോഴാകും മിക്കവാറും ആശങ്കപ്പെടേണ്ടത്. എന്നാൽ, ആളുകളുടെ അഭിപ്രായം കേട്ടല്ല കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിവേണം ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ എന്ന് സ്ഥിരീകരിക്കേണ്ടത്. കുഞ്ഞ് ഒരുപാട് മെലിഞ്ഞോ എന്ന് സംശയമുണ്ടെങ്കിൽ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധന്റെ സഹായം തേടണം.
ആരോഗ്യസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കുട്ടികളിൽ മാത്രമല്ല കൗമാരക്കാരിലും ഭാരക്കുറവിന് കാരണമാകും. ഇത് പലപ്പോഴും പോഷകാഹാരക്കുറവ് കാരണമാകാം.യു.എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവിട്ടിരുന്നു. 2018ലെ കണക്ക് പ്രകാരം 2 മുതൽ 19 വയസ്സ് വരെ പ്രായമുള്ള 4 ശതമാനം കുട്ടികൾക്കും ഭാരക്കുറവ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ ശരീരഭാരം കുറയുന്നത് സംബന്ധിച്ച് എപ്പോഴാണ് ആശങ്കപ്പെടേണ്ടത് എന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇതിനായി നിരവധി മാർഗങ്ങളാണുള്ളത്.
പ്രായത്തിനും ലിംഗഭേദത്തിനും അനുസരിച്ചുള്ള ശരീരഭാരമാണോ കുഞ്ഞുങ്ങൾക്കുള്ളത് എന്ന് കണ്ടെത്താൻ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) സഹായിക്കും. ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരത്തിന്റെ അളവിന്റെ സൂചികയാണ് ബിഎംഐ. ഇത് ശതമാനത്തിലും താഴെയാണെങ്കിൽ ഭാരം കുറവാണെന്ന് അനുമാനിക്കാം. ബോഡി മാസ് ഇൻഡക്സ് അഞ്ചാം ശതമാനത്തിൽ താഴെയുള്ള കുട്ടികൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാം. ചില മരുന്നുകളും കുട്ടികളുടെ ശരീരഭാരത്തെ ബാധിക്കും.
കുട്ടിയുടെ ശരീരഭാരം കുറയുന്നതിന്റെ ലക്ഷണങ്ങൾ രക്ഷിതാക്കൾക്ക് തന്നെ നിരീക്ഷിച്ച് മനസിലാക്കാൻ സാധിക്കും. ചെറിയ ചില കാര്യങ്ങൾ പോലും കുട്ടികളുടെ ഭാരക്കുറവിന്റെ ലക്ഷണങ്ങളാകാം. മാസങ്ങൾ കഴിഞ്ഞിട്ടും ധരിക്കുന്ന വസ്ത്രങ്ങളിൽ മാറ്റം വരാതിരുന്നത് മുതൽ തുടങ്ങുന്നു ഈ ലക്ഷണങ്ങൾ. വാരിയെല്ലുകൾ തെളിഞ്ഞുകാണുന്നതും ഒഴിവാക്കാനാകാത്ത പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. വർഷത്തിലൊരിക്കൽ ശിശുരോഗ വിദഗ്ധനെ സമീപിച്ച് വിശദമായ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുകയോ അല്ലെങ്കിൽ കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരം എരിച്ചുകളയുമ്പോഴോ (burn) ചെയ്യുമ്പോഴോ ഭാരക്കുറവുണ്ടായേക്കാം. ഭക്ഷണ അലർജികൾ, ഹോർമോൺ അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ അല്ലെങ്കിൽ ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങിയവും ഭാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ഇഷ്ടമുള്ള ഭക്ഷണം മാത്രം തിരഞ്ഞെടുത്തത് കഴിക്കുന്ന കുട്ടികളിലും പോഷകാഹാരക്കുറവ് ഉണ്ടായേക്കാം. സമീകൃതാഹാരം കുട്ടികൾക്ക് ശീലിപ്പിക്കുന്നതാണ് പ്രയോജനം ചെയ്യുക.
ശ്രദ്ധിക്കേണ്ടത്...
മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ മുന്നിൽ വെച്ച് ഭക്ഷണം കഴിപ്പിക്കുന്നത് ഒരിക്കലും ശീലിപ്പിക്കരുത്. ഭാരം കൂട്ടാനായി കുട്ടികൾക്ക് പ്രോട്ടീൻ പൗഡറോ മറ്റോ നൽകാതിരിക്കുക, പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണം ശിശുരോഗ വിദഗ്ധന്റെ നിർദ്ദേശത്തോടെ ഡയറ്റിൽ ഉൾപ്പെടുത്തുക. സ്നാക്സ് മിതമായ രീതിയിൽ മാത്രം വേണം നൽകാൻ.രണ്ടുവയസിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ ഭക്ഷണത്തിൽ വിവിധതരം പഴങ്ങളും പച്ചക്കറികളും, ധാന്യങ്ങൾ, കൊഴുപ്പ് രഹിതവും കൊഴുപ്പ് കുറഞ്ഞതുമായ പാലുൽപ്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തണം. അങ്ങനെയെങ്കിൽ ആരോഗ്യകരമായ രീതിയിൽ തന്നെ കുട്ടികളുടെ ശരീരഭാരം നിലനിർത്താൻ സാധിക്കും.