Health
Health
പാലൂട്ടുന്നുണ്ട്; പക്ഷേ കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കുന്നുണ്ടോ?
|31 July 2021 3:49 AM GMT
മുലയൂട്ടുന്ന അമ്മമാരുടെ പ്രധാന ആശങ്കയാണ്, കുഞ്ഞിന് ആവശ്യത്തിന് പാല് ലഭിക്കുന്നുണ്ടോ എന്നത്
പലപ്പോഴും മുലയൂട്ടുന്ന അമ്മമാരുടെ പ്രധാന ആശങ്കയാണ്, കുഞ്ഞിന് ആവശ്യത്തിന് പാല് ലഭിക്കുന്നുണ്ടോ എന്നത്. പ്രത്യേകിച്ച് ആറുമാസം വരെ കുഞ്ഞിന് മുലപ്പാല് മാത്രമെന്ന് ലോകാരോഗ്യസംഘടന ആവര്‍ത്തിച്ച് നിര്‍ദേശിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
- ആദ്യ രണ്ട് ദിവസങ്ങളില്‍ കുഞ്ഞ് ഒരുതവണ മൂത്രമൊഴിച്ചാലും ഒരു തവണ അപ്പിയിട്ടാലും ഉറപ്പിക്കാം കുഞ്ഞിനാവശ്യമായ പാല്‍ ലഭിക്കുന്നുണ്ടെന്ന്.
- മൂന്നാമത്തെ ദിവസം മൂന്ന് തവണ മൂത്രമൊഴിക്കുകയും മൂന്ന് തവണ അപ്പിയിടുകയും ചെയ്യും. അഞ്ചാമത്തെ ദിവസമാകുമ്പോഴേക്കും 24 മണിക്കൂറിനുള്ളില്‍ മൂത്രമൊഴിക്കുന്നതിന്‍റെയും അപ്പിയിടുന്നതിന്‍റെയും തവണകള്‍ അഞ്ചുവീതം ആയിട്ടുണ്ടാകും. ഒരാഴ്ച പിന്നിടുമ്പോഴേക്ക് ആ തവണകള്‍ ആറുമുതല്‍ എട്ടുവരെ എത്തും. ഇങ്ങനെ ജനിച്ച് ആറുമുതല്‍ എട്ട് ആഴ്ചവരെ, ദിവസം ആറുമുതല്‍ എട്ടുവരെ തവണകളില്‍ കുഞ്ഞ് മൂത്രമൊഴിക്കുകയും അപ്പിയിടുകയും ചെയ്യുന്നുവെങ്കില്‍ ഉറപ്പിക്കാം കുഞ്ഞിനാവശ്യമായ പാല്‍ ലഭിക്കുന്നുണ്ടെന്ന്.
- പാല്‍ കുടിച്ച് കഴിഞ്ഞാല്‍ കുഞ്ഞ് സുഖമായി ഉറങ്ങുന്നുവെങ്കില്‍ ഉറപ്പിക്കാം കുഞ്ഞിനാവശ്യമായ പാല്‍ ലഭിക്കുന്നുണ്ടെന്ന്.
- കുഞ്ഞ് ജനനസമയത്തെ അപേക്ഷിച്ച് തൂക്കം കൂടിവരുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം കുഞ്ഞിനാവശ്യമായ പാല്‍ ലഭിക്കുന്നുണ്ടെന്ന്.
- പാല്‍ കുടിക്കുമ്പോള്‍ കുഞ്ഞിന്‍റെ കവിളുകള്‍ പാല്‍ വന്ന് നിറഞ്ഞു വീര്‍ത്തുവരുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം കുഞ്ഞിനാവശ്യമായ പാല്‍ ലഭിക്കുന്നുണ്ടെന്ന്.
- മൂന്നുനാല് തവണ പാല്‍ വലിച്ചതിന് ശേഷം ഒന്ന് നിര്‍ത്തി കുഞ്ഞ് പാല്‍ ഇറക്കുന്നതിന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം കുഞ്ഞിനാവശ്യമായ പാല്‍ ലഭിക്കുന്നുണ്ടെന്ന്.
- ഒരുഭാഗത്ത് മുലയൂട്ടുമ്പോള്‍ മറുഭാഗത്ത് നിന്ന് പാല്‍ ഒഴുകി വരുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം കുഞ്ഞിനാവശ്യമായ പാല്‍ ലഭിക്കുന്നുണ്ടെന്ന്.
- മുലയൂട്ടി രണ്ട് മണിക്കൂറാകുമ്പോഴേക്കും അമ്മയ്ക്ക് പാല്‍ വന്ന് നിറഞ്ഞ് സ്തനങ്ങള്‍ക്ക് ഭാരം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം കുഞ്ഞിനാവശ്യമായ പാല്‍ ലഭിക്കുന്നുണ്ടെന്ന്.