Health
N95 മാസ്ക് എത്ര തവണ ഉപയോഗിക്കാം; കഴുകി ഉപയോഗിക്കാമോ?: അറിയണം ഈ കാര്യങ്ങള്‍
Health

N95 മാസ്ക് എത്ര തവണ ഉപയോഗിക്കാം; കഴുകി ഉപയോഗിക്കാമോ?: അറിയണം ഈ കാര്യങ്ങള്‍

Web Desk
|
24 May 2021 7:39 AM GMT

N95 മാസ്ക് ഉപയോഗിക്കുമ്പോള്‍ ചെയ്യരുതാത്ത 10 കാര്യങ്ങൾ എന്തെല്ലാമെന്ന് അറിയാം

കൊറോണ വൈറസിന്‍റെ വ്യാപനത്തോടെ പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നുവെങ്കിലും ആരും N95 മാസ്ക് ധരിച്ചിരുന്നില്ല. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമായിരുന്നു N95 മാസ്ക് ഉപയോഗിച്ചിരുന്നത്. സര്‍ജിക്കല്‍ മാസ്‍കും തുണി മാസ്കും ഉപയോഗിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ N95 മാസ്കിലേക്ക് മാറി കഴിഞ്ഞിട്ടുണ്ട്. വൈറസിനെ തടയാന്‍ ഏറ്റവും ഫലപ്രദമമെന്നതിനാലാണ് N95 മാസ്കിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ എന്തെല്ലാമാണ് N95 മാസ്ക് ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് വ്യക്തമാക്കുകയാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക്ക്. ഡോ. അശ്വിനി ആര്‍ ആണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. N95 മാസ്ക് ഉപയോഗിക്കുമ്പോള്‍ ചെയ്യരുതാത്ത 10 കാര്യങ്ങൾ എന്ന തലക്കെട്ടിലാണ് കുറിപ്പ്.



N95 മാസ്ക് ഉപയോഗിക്കുമ്പോള്‍ ചെയ്യരുതാത്ത 10 കാര്യങ്ങൾ

  • N95 മാസ്കിനടിയിൽ മറ്റു മാസ്കുകൾ ഉപയോഗിക്കരുത്
  • അവരവരുടെ മുഖത്തിന് പാകമല്ലാത്ത N95 മാസ്കുകൾ ഉപയോഗിക്കരുത്
  • താടി രോമം ഉള്ളവരിൽ ഇത് നൽകുന്ന സംരക്ഷണം അപൂർണമാണ്.

കാരണം, 👉N95 മാസ്ക് മുഖത്തോട് ചേർന്ന് സീൽ ചെയ്ത രീതിയിൽ ആണ് ധരിക്കേണ്ടത്. എന്നാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു. ഇത് ഉറപ്പാക്കാൻ മാസ്കിന്‍റെ ഫിറ്റ്‌ ടെസ്റ്റ്‌ ചെയ്യണം. ഇതിനായി മാസ്ക് ധരിച്ച ശേഷം കൈപ്പത്തി മാസ്കിന്‍റെ വശങ്ങളിൽ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക.

  • N95 മാസ്ക് കഴുകാൻ പാടില്ല
  • N95 മാസ്ക് വെയിലത്ത് ഉണക്കാൻ പാടില്ല

കാരണം, N95 സ്രവകണികകളെ അരിച്ചു മാറ്റുന്ന വെറും അരിപ്പ പോലെ അല്ല പ്രവർത്തിക്കുന്നത്, ഇതിലെ പോളിപ്രോപിലിൻ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് ഫിൽറ്ററേഷനിൽ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാർജ് നഷ്ടപ്പെടുത്തും.👉ലഭ്യത കുറവോ വിലക്കൂടുതലോ അലട്ടാത്ത ഉത്തമ സാഹചര്യങ്ങളിൽ N95 മാസ്ക് ഒറ്റ തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

👉ക്ഷാമം നേരിടുന്ന പക്ഷം, അത്യാവശ്യമെങ്കിൽ, സുരക്ഷാ നിർദേശങ്ങൾ പാലിച്ചു കൊണ്ടു N95 മാസ്ക് പരിമിതമായി പുനരുപയോഗിക്കാൻ CDC മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

എത്ര കുറഞ്ഞ സമയത്തേക്കാണ് ഓരോ ഉപയോഗമെങ്കിൽ പോലും, ഒരു N95 മാസ്ക് പരമാവധി 5 തവണയേ ഉപയോഗിക്കാൻ പാടുള്ളൂ. അതിനു ശേഷം ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന സംരക്ഷണം ലഭിക്കില്ല. ഓരോ ഉപയോഗത്തിനും ഇടയിൽ കുറഞ്ഞത് 72 മണിക്കൂർ (3 ദിവസം) ഇടവേള വേണം. ഇതിനകം മാസ്കിൽ വൈറസ് ഉണ്ടെങ്കിൽ തന്നെ നശിച്ചു പോകും എന്ന അനുമാനത്തിൽ ആണിത്.

ഇത്തരത്തിൽ ഉപയോഗിക്കാൻ ഒരാളുടെ പക്കൽ കുറഞ്ഞത് 5 മാസ്കുകളും വായു സഞ്ചാരമുള്ള (ഒന്ന് മുതൽ അഞ്ചു വരെ ലേബൽ ചെയ്ത) 5 പേപ്പർ ബാഗുകളും വേണം. ആദ്യത്തെ ദിവസം ഉപയോഗിച്ച മാസ്ക് ഒന്ന് എന്ന് ലേബൽ ചെയ്ത പേപ്പർ ബാഗിൽ നിക്ഷേപിക്കുക, രണ്ടാമത്തെ ദിവസത്തെ മാസ്ക് രണ്ട് എന്ന് ലേബൽ ചെയ്ത ബാഗിൽ, അങ്ങനെ അഞ്ചു ദിവസം തുടരാം. ആറാം ദിവസം ഒന്നാം നമ്പർ ബാഗിലെ മാസ്ക് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഒരോ മാസ്കും അഞ്ചു പ്രാവശ്യം ഉപയോഗിക്കുന്നത് വരെ ഇത് തുടരാം.

  • അഴുക്ക് പുരണ്ടതോ രോഗിയുടെ രക്തമോ ശരീരസ്രവങ്ങളോ തെറിച്ചു വീണ മാസ്ക് പുനരുപയോഗിക്കാൻ പാടില്ല

👉ഇത്തരത്തിൽ മാസ്കിലേക്ക് ശരീരസ്രവങ്ങളോ രക്തമോ തെറിച്ചു വീഴുന്നത് തടയാൻ N95 മാസ്കിന് മേലെ ഫേസ് ഷീൽഡ് ഉപയോഗിക്കാം. ഇതിനായി N95 മാസ്കിനു മുകളിൽ സർജിക്കൽ /മെഡിക്കൽ മാസ്കും ഉപയോഗിക്കാറുണ്ടെങ്കിലും, ഇത് തെറ്റായ പ്രവണത ആണ്. കൂടുതൽ സംരക്ഷണം തരുന്നില്ല എന്ന് മാത്രമല്ല, ശ്വാസോച്ഛ്വാസം കൂടുതൽ പ്രയാസകരമാക്കുന്നു.

  • വീണ്ടും ഉപയോഗിക്കുമ്പോൾ ശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ, ആ മാസ്ക് പുനരുപയോഗം ചെയ്യരുത്.
  • ഒരാൾ ഉപയോഗിച്ച മാസ്ക് മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല
  • വാൽവുള്ള N95 മാസ്കുകൾ ഉപയോഗിക്കരുത്

👉ധരിക്കുന്ന ആൾക്ക് രോഗം ഉണ്ടെങ്കിൽ വാൽവിലൂടെ രോഗാണു അന്തരീക്ഷത്തിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതാണ് കാരണം.

  • വ്യാജമാസ്കുകൾ ധരിക്കരുത്

👉മാനദണ്ഡങ്ങൾ പാലിക്കുന്ന സർട്ടിഫൈഡ് മാസ്ക് മാത്രമേ ഉദ്ദേശിച്ച സുരക്ഷ നൽകുകയുള്ളു.

Related Tags :
Similar Posts