കണ്ണുകളെ കാത്തുസൂക്ഷിക്കാം.. ഈ ഭക്ഷണങ്ങള്‍ പതിവാക്കിക്കോളൂ
|പുറമേയുള്ള ഭംഗിമാത്രമല്ല അകത്തെ സംരക്ഷണവും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്
കണ്ണുകള്‍ ഭംഗിയാക്കാന്‍ നമ്മളെത്ര സമയമെടുക്കാറുണ്ട്. പുറമേയുള്ള ഭംഗിമാത്രമല്ല അകത്തെ സംരക്ഷണവും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. അവയില്‍ ഏറെ പങ്ക് വഹിക്കുന്നത് നമ്മള് കഴിക്കുന്ന ഭക്ഷണം തന്നെയാണ്. കണ്ണുകളുടെ ആരോഗ്യം നില നിര്‍ത്താനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്.
ഇലക്കറികള്‍
കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിനാണ് വിറ്റാമിന്‍ എ. വിറ്റാമിന്‍ എയുടെ കലവറയാണ് ഇലക്കറികള്‍. ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കുകയും രോഗ പ്രതിരോധശേഷി കൂട്ടുകയും ചെയ്യുന്നു. വിറ്റാമിന്‍ എ കൂടാതെ വിറ്റാമിന്‍ കെ, മഗ്നീഷ്യം, കാത്സ്യം എന്നിവയും ഇലക്കറികളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ക്യാരറ്റ്
ക്യാരറ്റ് കാഴ്ച മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പച്ചക്കറികളില്‍ ഏറ്റവും മികച്ചതാണ്. ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍ എന്നീ രണ്ട് ആന്റി ഓക്സിഡന്റുകള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ക്യരറ്റ് ജ്യൂസ് അടിച്ച് കുടിക്കുന്നത് വളരെ നല്ലതാണ്.
ബെറി പഴങ്ങള്‍
വിറ്റാമിന്‍-എ, സി, ഇ, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കണ്ണിന് എപ്പോഴും നല്ലതാണ്. വിറ്റാമിന്‍-സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും ഉറവിടമാണ് ബെറികള്‍. സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി എന്നിങ്ങനെയുള്ള ബെറികളെല്ലാം തന്നെ കഴിക്കാവുന്ന് കണ്ണിന് വളരെയേറെ ഗുണം ചെയ്യുന്നു. ബെറിയിലടങ്ങിയിരിക്കുന്ന 'ആന്തോസയാനിന്' എന്ന ഫ്ളേവനോയിഡ് കാഴ്ചാശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മലിനീകരണവും പൊടിയും കണ്ണുകളിലുണ്ടാക്കുന്ന കേടുപാടുകളും പരിഹരിക്കാന്‍ ബെറികളിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ക്ക് സാധിക്കുന്നു.
മത്സ്യം
മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ട്. മത്സ്യം കഴിക്കുന്നത് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പ്രത്യേകിച്ച് മത്തി പോലുള്ള ചെറു മത്സ്യങ്ങൾ. കാഴ്ച ശക്തി കൂട്ടാനും റെറ്റിനയുടെ ആരോഗ്യം കൂട്ടാനും ഇവ സഹായിക്കുന്നു.
മുട്ട
മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ല്യൂട്ടിന്‍, സിയാക്സാന്തിന്‍, സിങ്ക് തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ദിവസേന മുട്ട കഴിക്കുന്നത് പ്രായാധിക്യം മൂലമുണ്ടാകുന്ന തിമിരം പോലെയുള്ള അസുഖങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
ഓറഞ്ച്
ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത്കണ്ണിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കണ്ണുകളുടെ കോശജ്വലന അവസ്ഥകളെ ചെറുക്കാൻ കൂടുതൽ സഹായിക്കുന്നു. കൂടാതെ ഓറഞ്ചിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി തിമിരം വരാനുള്ള സാധ്യത കുറയ്ക്കുന്നു.
പാല്, തൈര്
വിറ്റാമിന്‍ എ യും മിനറൽ സിങ്കും അടങ്ങിയിരിക്കുന്ന പാലും തൈരും കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് വളരേയേറെ പ്രാധാന്യമുള്ള ഭക്ഷണങ്ങളാണ്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കുന്നു.