Health
കുഞ്ഞുങ്ങളെ പച്ചക്കറി കഴിപ്പിക്കാൻ വഴികളുണ്ട്...
Health

കുഞ്ഞുങ്ങളെ പച്ചക്കറി കഴിപ്പിക്കാൻ വഴികളുണ്ട്...

Web Desk
|
17 Nov 2022 10:30 AM GMT

നിങ്ങൾ അവർക്ക് നല്ല മാതൃകയാകണം

കുട്ടികൾ പച്ചക്കറി കഴിക്കുന്നില്ല എന്നത് മിക്ക അമ്മമാരുടെയും പരാതിയാണ്. പലപ്പോഴും ഇതുസംബന്ധിച്ച് കുട്ടികളും മാതാപിതാക്കളും തമ്മിൽ വഴക്ക് വരെ നടക്കാറുണ്ട്. ഓരോ പ്രായത്തിലും കുട്ടികൾ പച്ചക്കറി കഴിക്കേണ്ടതും അത്യാവശ്യമാണ്. വഴക്കില്ലാതെ കുട്ടികളെ പച്ചക്കറി കഴിപ്പിക്കാൻ ഒരുപാട് വഴികളുണ്ട്. എന്നാൽ അൽപം ക്ഷമയും ക്രിയാത്മകതയും ഉണ്ടാകണമെന്ന് മാത്രം.

അടുക്കളയിൽ കുട്ടികളെയും കൂട്ടുക

പച്ചക്കറി വാങ്ങാനായി മാർക്കറ്റിലോ കടകളിലോ പോകുമ്പോൾ കുട്ടികളെയും കൂട്ടുക. അവർക്കിഷ്ടമുള്ള പച്ചക്കറികൾ തെരഞ്ഞെടുക്കാൻ പറയുക. മറ്റ് പച്ചക്കറികൾ അവരെകൊണ്ട് തെരഞ്ഞെടുപ്പിക്കണം. വീട്ടിലെത്തി അത് കഴുകാനും തൊലി കളയാനും മുറിക്കാനും അവരെയും കൂട്ടാം. അവ എങ്ങനെയാണ് പാകം ചെയ്യുന്നതെന്നും അവരോട് പറയുക. കുട്ടികൾ കൂടി ഉണ്ടാക്കാൻ സഹായിച്ച ഭക്ഷണം കഴിക്കാൻ കൂടുതൽ സാധ്യതയുണ്ട്. അവനാണ്/ അവളാണ് ഈ വിഭവം ഉണ്ടാക്കാൻ സഹായിച്ചതെന്ന് മറ്റുള്ളവരോടും പറയുക.അതും അവരിൽ സന്തോഷമുണ്ടാക്കും.


അൽപം ക്രിയേറ്റീവാകാം...

പച്ചക്കറികൾ അതേ പോലെ മുറിച്ചുകൊടുത്താൽ ഒരുപക്ഷേ അവർ കൈകൊണ്ട് തൊടില്ല.എന്നാൽ അതിന് പകരമായി അവർക്കിഷ്ടപ്പെട്ട മൃഗങ്ങളുടെയും മറ്റോ രൂപത്തിൽ അവ മുറിച്ച് ഗാർണിഷ് ചെയ്ത് കൊടുത്തുനോക്കൂ..അവർ എടുത്ത് കഴിച്ചോളും.ബ്രോക്കോളി ചെമ്മരിയാടിനെയോ,നായക്കുട്ടിയുടെയോ രൂപമുണ്ടാക്കാം.. കാരറ്റ് പൂക്കളുടെ രൂപത്തിൽ മുറിച്ച് പ്ലേറ്റിൽ നിരത്താം. കുട്ടികൾ അറിയാതെ തന്നെ അവ എടുത്തുകഴിച്ചോളൂം..യൂട്യൂബിൽ നോക്കിയാൽ പച്ചക്കറികൾ ഇത്തരത്തിൽ ഗാർണിഷ് ചെയ്യാനുള്ള നിരവധി വീഡിയോകൾ കാണാം.


നിർബന്ധിച്ച് കഴിപ്പിക്കരുത്

കുട്ടികൾ പച്ചക്കറികൾ കഴിക്കുന്നില്ലെന്ന് വെച്ച് അവരെ ചീത്തപറയാനോ വഴക്കുകൂടാനോ മെനക്കെടേണ്ട..അത് വിപരീത ഫലമേ ചെയ്യൂ..കുട്ടിയെ നിർബന്ധിച്ച് കഴിപ്പിക്കുന്നത് അവരിൽ ഇഷ്ടക്കേട് കൂട്ടുകയേയുള്ളൂ.. മുതിർന്നാലും അവരുടെ ആ ഇഷ്ടക്കേട് മാറില്ല. എന്നാൽ പിന്നീട് ആ പച്ചക്കറി കൊടുക്കാതിരിക്കുകയും ചെയ്യരുത്. വീണ്ടും വീണ്ടും അത് കൊടുത്തുകൊണ്ടിരിക്കുക.സ്‌നേഹപൂർവം അവരെ അത് കഴിപ്പിക്കുന്ന ശ്രമം തുടരുക. വളരുന്നതിനനുസരിച്ച് കുട്ടികളുടെ അഭിരുചികൾ മാറും.


സമപ്രായക്കാർക്കൊപ്പം കഴിപ്പിക്കാം

കൂട്ടം ചേർന്ന് കഴിക്കുന്നത് എപ്പോഴും സന്തോഷം തരുന്ന ഒന്നാണ്. പ്രത്യേകിച്ചും കുട്ടികൾക്ക്. പങ്കുവെച്ച് കഴിക്കുന്നതിനോടൊപ്പം മറ്റുള്ളവർ കഴിക്കുന്നത് കണ്ട് ഇഷ്ടമില്ലാത്ത ഭക്ഷണം കൂടി അവർ കഴിച്ചുനോക്കും. അവർ കഴിക്കുന്നുണ്ടല്ലോ, പിന്നെ എനിക്കെന്താ കഴിച്ചാൽ എന്ന തോന്നൽ കുട്ടികളിലുണ്ടാകും. അതുവഴി പുതിയ വിഭവം അവർ പരീക്ഷിക്കും. ഇതിനായി ഇടക്ക് കുട്ടികളുടെ കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ച് ഒരുമിച്ച് ഭക്ഷണം നൽകാം.


അവർക്ക് നല്ല മാതൃകയാകാം..

കുട്ടികളെ പച്ചക്കറികൾ കഴിക്കാൻ നിർബന്ധിക്കുകയും നിങ്ങൾ അതൊന്നും കഴിക്കാതിരിക്കുകയും ചെയ്യുന്നുണ്ടോ...എന്നാൽ ആ ശീലം മാറ്റിക്കോളൂ..നിങ്ങൾ അവർക്ക് നല്ല മാതൃകയാകണം. മാതാപിതാക്കൾ കഴിക്കുന്നത് കാണുമ്പോൾ അവരും സ്വാഭാവികമായി അത് കഴിച്ചു ശീലിക്കും..

Related Tags :
Similar Posts