Health
Knee Pain, haelth, health news
Health

മുട്ടുവേദന; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

Web Desk
|
15 April 2023 1:02 PM GMT

ചികിത്സയോടൊപ്പം അൽപം കരുതലും ഉണ്ടെങ്കില്‍ മുട്ടുവേദനയെ പമ്പ കടത്താം

കുട്ടികൾ മുതൽ ചെറുപ്പക്കാരിൽ വരെ ഇന്ന് കാണുന്ന ഒന്നാണ് മുട്ടുവേദന. നിൽക്കാനോ നടക്കാനോ എന്തിനേറെ മുട്ടുവേദന കാരണം ഒന്നിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. മുട്ടുവേദന വന്നാൽ ഡോക്ടറെ സമീപിക്കുക എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. ചികിത്സയോടൊപ്പം അൽപം കരുതലും ഉണ്ടെങ്കില്‍ മുട്ടുവേദനയെ നമുക്ക് പമ്പ കടത്താം. അതിനായി ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ഏതൊക്കെയെന്ന് നോക്കാം.

ഭാരം നിലനിർത്തുക


കാല്‍മുട്ടിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് അമിതഭാരം. ഇത് സന്ധിവേദന, മുട്ടിന് ക്ഷതം എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. അതുകൊണ്ട് തന്നെ അമിതവണ്ണമുള്ളവർ ശരീരഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഭാരം കുറക്കുന്നതോടൊപ്പം ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ശീലമാക്കുക.

കിടത്തത്തിൽ ശ്രദ്ധിക്കണം


മുട്ടുവേദനയുള്ളവർ ഉറങ്ങാൻ കിടക്കുമ്പോഴും അൽപം ശ്രദ്ധ കൊടുക്കണം. ഒരു വശത്തേക്കാണ് ചെരിഞ്ഞ് കിടക്കുന്നത് എങ്കിൽ കാൽമുട്ടുകൾക്കിടയിൽ ഒരു തലയണവെച്ച് ഉറങ്ങുന്നത് നല്ലതായിരിക്കും.

വിശ്രമം ആവശ്യമാണ്

കാൽമുട്ടിന് ചെറിയരീതിയിലുള്ള വേദനയേ ഉള്ളൂ എങ്കിൽ ഒന്നോ രണ്ടോ ദിവസത്തെ വിശ്രമം മാത്രമേ ആവശ്യമുള്ളൂ. അതല്ലെങ്കിൽ കൂടുതൽ സമയം ആവശ്യമായി വരും. അതുകൊണ്ട് തന്നെ തുടർച്ചയായി ജോലി ചെയ്യുന്നവരാണ് എങ്കിൽ ചില ഇടവേളകൾ എടുക്കുന്നത് കാൽമുട്ടിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ പ്രത്യേകിച്ച് ഓഫീസ് ജോലികൾ ചെയ്യുന്നവർ ഇടക്ക് ബ്രേക്ക് എടുത്ത് എഴുന്നേറ്റു നിൽക്കുകയോ അല്പം നടക്കുകയോ ചെയ്യുക.

ചില ചെരിപ്പുകൾ പ്രശ്‌നമാണ്

വഴുക്കി വീഴുന്നതോ ഹൈഹീൽ ചെരിപ്പുകളോ ഉപയോഗിക്കാതിരിക്കുക. മൃദുവായ, റബർ ചെരിപ്പുകൾ ധരിക്കുന്നത് നല്ലതാണ്.

ഊന്നുവടി ഉപയോഗിക്കാം


മുട്ടുവേദനയുള്ളവർക്ക് ആവശ്യമെങ്കിൽ ഒരു ഊന്നുവടിയുടെ സഹായം തേടാം. നല്ല ചൂരൽ വടികൾ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഉപയോഗിക്കുന്ന ആളുടെ ഉയരത്തിനനുസരിച്ചുള്ള ഊന്നുവടികൾ ഉപയോഗിക്കുക എന്നതും വളരെ പ്രധാനമാണ്.

അക്യുപങ്ചർ സഹായിച്ചേക്കാം

അക്യുപങ്ചർ ചികിത്സ കാൽമുട്ട് വേദന കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അതിനാൽ പരിചയ സമ്പന്നനായ ഒരാളെ കണ്ടെത്തി ചികിത്സ ചെയ്യാൻ ശ്രമിക്കുക.

പടികൾ കയറുന്നത് കുറയ്ക്കുക.

ദിവസവും പടികൾ കയറി ഇറങ്ങുന്ന ഒരാൾക്ക് മുട്ടുവേദന വരാനുള്ള സാധ്യത കൂടുതലാണ്. എഴുന്നേൽക്കാതെ കൂടുതൽ തവണ ഇരിക്കുന്നതും മുട്ടുവേദന കൂടാൻ കാരണമാകുന്നു. ദീർഘ സമയം ഇരുന്ന് എഴുന്നേൽക്കുമ്പോൾ കാൽ മുട്ടുകൾക്ക് മുറുക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

Similar Posts