![പുതിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ...ഗുണങ്ങൾ ഏറെയുണ്ട് പുതിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ...ഗുണങ്ങൾ ഏറെയുണ്ട്](https://www.mediaoneonline.com/h-upload/2022/10/12/1324871-mint-nn.webp)
പുതിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ...ഗുണങ്ങൾ ഏറെയുണ്ട്
![](/images/authorplaceholder.jpg?type=1&v=2)
വീട്ടില്‍ എളുപ്പത്തില്‍ വളര്‍ത്താവുന്നതാണ് പുതിന
ന്യൂഡൽഹി: ഭക്ഷണങ്ങൾക്ക് കൂടുതൽ രുചിയും മണവും നൽകാനായി പുതിന ഉപയോഗിക്കാറുണ്ട്. തണുത്ത പാനീയങ്ങളും പുതിന ഉപയോഗിച്ച് നമ്മൾ തയ്യാറാക്കാറുണ്ട്. രുചി മാത്രമല്ല പുതിനയിൽ ഒരുപാട് ആരോഗ്യഗുണങ്ങളുമുണ്ട്.
പുതിനയിൽ കലോറി കുറവാണ്. പക്ഷേ വിറ്റാമിൻ എ, ഇരുമ്പ്, ഫോളേറ്റ്, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പുതിനയുടെ ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് നോക്കാം...
ദഹനപ്രക്രിയ വേഗത്തിലാക്കും
പുതിനയിൽ ധാരാളം ആന്റ് ഓക്‌സിഡന്റുകൾ അടങ്ങുന്നതിനാൽ ദഹനത്തെ വേഗത്തിലാക്കാൻ സഹായിക്കും. വയറിന് അസ്വസ്ഥത അനുഭവപ്പെടുമ്പോൾ പുതിന ചേർത്ത പാനീയം കുടിക്കാം. നിങ്ങളുടെ വയറ്റിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാനും നിങ്ങളുടെ ദഹനനാളത്തെ ശുദ്ധീകരിക്കാനും സഹായിക്കും.
വായ് നാറ്റം അകറ്റും
പലരുടെയും വലിയ പ്രശ്‌നമാണ് വായ്‌നാറ്റം. പുതിന ഇല വായിലിട്ട് ചവച്ചാൽ ദുർഗന്ധം മാറും. പുതിനയിലയുടെ ഗന്ധം വായ്‌നാറ്റം കുറയ്ക്കാൻ സഹായിക്കും. പക്ഷേ ഇത് താൽക്കാലിക പരിഹാരമാണെന്ന് മറക്കരുത്. പെട്ടന്ന് വായ്‌നാറ്റം കുറയ്ക്കുക എന്നത് മാത്രമാണ് പുതിനയിലയുടെ ഗുണം.
ജലദോഷത്തെ പമ്പകടത്താം
ജലദോഷമുണ്ടായാൽ ആദ്യം പണികിട്ടുക തൊണ്ടയ്ക്കാണ്. കഫക്കെട്ടാണെങ്കിൽ നെഞ്ചിലും തടസം സൃഷ്ടിക്കും. തൊണ്ടയ്ക്കുംനെഞ്ചിലുമുണ്ടാകുന്ന തടസം മാറാൻ പുതിനയില സഹാക്കും.പുതിനയില കൊണ്ട് ആവിപിടിക്കുന്നതും പുതിനയിട്ട വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ പുതിനയില നീര് വേദനയുള്ള ഭാഗത്ത് പുരട്ടാം. കടയിൽ നിന്ന് വാങ്ങുന്ന പുതിനയാണെങ്കിൽ നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കണം. എളുപ്പത്തിൽ വീട്ടിൽ തന്നെ പുതിന വളർത്താനും സാധിക്കും.