Health
ghee coffee
Health

നെയ്യൊഴിച്ച കാപ്പി കുടിച്ചിട്ടുണ്ടോ? തടികൂടുമെന്ന പേടി വേണ്ട, ഗുണങ്ങളേറെ

Web Desk
|
12 Jan 2024 4:09 PM GMT

ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ നെയ്യ് ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം ഉയർത്താൻ സഹായിക്കും

കാപ്പി ലവ്വർ ആണോ നിങ്ങൾ? പല തരത്തിലുള്ള കാപ്പി ട്രൈ ചെയ്യാൻ താല്പര്യമുണ്ടാകും. എന്നാൽ, നെയ്യ് ഒഴിച്ചോരു കാപ്പി ആയാലോ. തണുപ്പുകാലത്ത് രാവിലെ ഒരു കാപ്പി കുടിച്ച് തുടങ്ങുന്നത് അന്നത്തെ ദിവസം തന്നെ ഊർജത്തോടെയിരിക്കാൻ സഹായിക്കും. ഒപ്പം ഒരു കുഞ്ഞ് സാധനം കൂടി അതിൽ കൂട്ടിച്ചേർത്താലോ!

സ്വർണ്ണ ദ്രാവകം എന്നാണ് നെയ്യ് അറിയപ്പെടുന്നത്. വെറുതെയല്ല, അത്രയും വിലയേറിയ ഗുണങ്ങളാണ് നെയ്യിൽ അടങ്ങിയിരിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമായ നെയ്യ് ഭക്ഷണപാനീയങ്ങളുടെ പോഷകമൂല്യം ഉയർത്താൻ സഹായിക്കും. ഇപ്പോൾ ബോളിവുഡ് താരങ്ങളടക്കം അവരുടെ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന ഘടകമാണ് നെയ്യ്. തണുപ്പുകാലത്ത് നെയ്യ് ഒഴിച്ച് കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കിയാലോ

സീക്രട്ട് ഓഫ് എനർജി

നെയ്യ് ഈസ് ദി സീക്രട്ട് ഓഫ് എനർജിയെന്ന് പറഞ്ഞ് ഒരു ദിവസം ആരംഭിക്കാം. സാധാരണ കട്ടൻ കാപ്പിയുമായി താരതമ്യം ചെയ്‌താൽ നെയ്യ് ഒഴിച്ചുള്ള കാപ്പി ദീർഘസമയം ഊർജം നിലനിർത്താൻ നിങ്ങളെ സഹായിക്കും. സാധാരണ കോഫി കുടിച്ചാൽ ലഭിക്കുന്ന എനർജി സമയം പോകുംതോറും കുറഞ്ഞുവരികയാണ് ചെയ്യുന്നത്. എന്നാൽ, നെയ്യ് ചേർത്തുള്ള കാപ്പി ഈ പ്രക്രിയ സാവധാനത്തിലാക്കും. നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകൾ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ഊർജം നഷ്ടപ്പെടുന്നത് തടയാൻ വളരെ സഹായകമാണ്.

കൊഴുപ്പിനെ പേടിക്കേണ്ട

ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമോ? കൊഴുപ്പ് എന്നാൽ തടി കൂടുന്ന ഘടകമാണെന്നാകും ചിന്തിക്കുക. എന്നാൽ, ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളും ഉണ്ട്. ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവർത്തനം എന്നിവ വർധിപ്പിക്കാനും ഇത് സഹായിക്കും. അതിനാൽ തടികൂടുമെന്ന പേടിയും വേണ്ട.

ദഹനം നന്നാക്കാം

രാവിലെ ഒരു കപ്പ് കാപ്പി കുടി കഴിഞ്ഞാൽ അസിഡിറ്റി കൊണ്ട് പൊറുതിമുട്ടാറുണ്ട് ചിലർ. എന്നാൽ, കാപ്പി ഒഴിവാക്കാനും കഴിയില്ല. ഇക്കൂട്ടർക്ക് അനിയോജ്യമായ പരിഹാരമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി. ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് കൊണ്ടാണ് സാധാരണ അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ ദഹനവ്യവസ്ഥയെ എളുപ്പമാക്കും. നെയ്യിലെ ഫാറ്റി ആസിഡുകൾ ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കുന്നതിനും ദഹനനാളത്തിന്റെ മികച്ച ആരോഗ്യത്തിനും പേരുകേട്ടതാണ്.

ചൂട് കാപ്പിയിലും ശരീരത്തിലും

ചൂട് കാപ്പി ഉള്ളിൽ ചെല്ലുമ്പോൾ ശരീരത്തിൽ തന്നെയൊരു ഊഷ്മളത ഉണ്ടാകും. നെയ്യ് ഒഴിച്ചാകുമ്പോൾ ഇത് ഇരട്ടിയാകും. നെയ്യ് കാപ്പിക്ക് ഉള്ളിൽ നിന്ന് സ്വാഭാവികമായും ചൂട് നിലനിർത്താൻ കഴിയും.

നെയ്യ് കാപ്പി ഉണ്ടാക്കിയാലോ

സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ എളുപ്പമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി ഉണ്ടാക്കാൻ. കാപ്പി ഉണ്ടാക്കിയ ശേഷം കുറച്ച് നേരം തിളപ്പിക്കുക. ശേഷം ഒരു ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. കുറച്ച് നേരം ഇളക്കിയ ശേഷം ആവശ്യത്തിന് മധുരം ചേർത്ത് കുടിക്കാം.

Similar Posts