'ഇപ്പോള് മഞ്ഞപ്പിത്തം ചികിത്സിക്കുമ്പോൾ ഭയം; മരണത്തിലേക്ക് നയിക്കുന്ന സങ്കീർണതകൾ, കൂടുതലും ചെറുപ്പക്കാർ'
|'നിരവധിപേർ ഇതിനകം ഹെപറ്റൈറ്റീസ് എയ്ക്കു കീഴടങ്ങിക്കഴിഞ്ഞു. മിക്കവാറും ചെറുപ്പക്കാർ, നേരത്തേ ഒരു രോഗവും ഇല്ലാത്തവർ. കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗത്തിൽ മിക്കവാറും എല്ലാ ദിവസവും അഞ്ചോ ആറോ പേര് ഹെപറ്റൈറ്റീസ് എ യെ തുടർന്ന് അഡ്മിറ്റ് ആകുന്നുണ്ട്.'
കോഴിക്കോട്: സംസ്ഥാനത്ത് മഞ്ഞപ്പിത്തം അപകടകരമായ തോതിൽ വ്യാപിക്കുന്നതായി മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്. മുൻപ് ചെറിയ ചികിത്സ കൊണ്ട് ഭേദമായിരുന്ന രോഗം ഇപ്പോൾ ജീവൻ വരെ എടുക്കുന്ന തരത്തിൽ ഗുരുതര സ്ഥിതിയിലെത്തിയിട്ടുണ്ടെന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ ജനറൽ ആശുപത്രി മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. വി.കെ ഷമീർ ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. പലതരം സങ്കീർണതകളോടെയാണ് ഇപ്പോൾ ആളുകളിൽ അസുഖം കണ്ടെത്തുന്നത്. ഹെപറ്റൈറ്റിസ് 'എ'യ്ക്കു കീഴടങ്ങി മരിക്കുന്നവരിൽ കൂടുതലും ചെറുപ്പക്കാരും മുൻപ് ഒരു രോഗവുമില്ലാത്തവരാണെന്നും രോഗം ബാധിച്ചവരെ ഇപ്പോൾ ഭയത്തോടെയാണു ചികിത്സിക്കുന്നതെന്നും മെഡിക്കൽ കോളജിലെ കണക്ക് ചൂണ്ടിക്കാട്ടി ഷമീർ പറയുന്നു.
ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണു മഞ്ഞപ്പിത്തം പകരുന്നത്. അതിനാൽ, വീട്ടിലെ വെള്ളമാണെങ്കിലും തിളപ്പിച്ചുവേണം കുടിക്കാൻ. അല്ലെങ്കിൽ വിശ്വസനീയമായ വാട്ടർ പ്യൂരിഫയർ ഉപയോഗിക്കണം. കല്യാണം പോലെയുള്ള ആഘോഷവേളകളിൽ തണുത്ത വെള്ളം ഒഴിവാക്കണം. ജ്യൂസ് കടകളിൽ തിളപ്പിച്ചാറിയതോ പ്യൂരിഫയറിൽനിന്ന് എടുത്തതോ ആയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. പാതി തിളപ്പിച്ചും പാതി പച്ചവെള്ളം ഒഴിച്ചും കുടിക്കാൻ വെള്ളം നൽകുന്ന രീതി ഹോട്ടലുകാർ ഒഴിവാക്കണം. കുപ്പിവെള്ളം ഉപയോഗിക്കുമ്പോൾ ശുദ്ധി ഉറപ്പാക്കണം. വിശ്വസിക്കാവുന്ന ബ്രാൻഡ് ആണെന്നും സീൽ പൊട്ടിച്ചിട്ടില്ലെന്നും ഉറപ്പാക്കി മാത്രം കുപ്പിവെള്ളം ഉപയോഗിക്കുക. സ്ഥിരമായി പുറത്തുനിന്നു കഴിക്കുന്നവർ മഞ്ഞപ്പിത്തത്തിനെതിരെയുള്ള വാക്സിൻ എടുക്കണമെന്നും കുറിപ്പിൽ ഡോ. ഷമീർ നിർദേശിക്കുന്നു.
ഡോ. വി.കെ ഷമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ അത്യാഹിത വിഭാഗത്തിൽ 25 വയസായ ഒരു ചെറുപ്പക്കാരൻ. നാലഞ്ചു ദിവസത്തെ പനിയും ഛർദിയും തുടർന്ന് ശക്തമായ ക്ഷീണവും. കഴിഞ്ഞ ദിവസം മുതൽ പെരുമാറ്റത്തിൽ വ്യത്യാസം. ടെസ്റ്റുകളിൽ ഹെപറ്റൈറ്റീസ് എ. കരളിന്റെ പ്രവർത്തനം പൂർണമായും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥ. ഇന്നലെ തന്നെ പ്ലാസ്മഫെറെസിസ് തുടങ്ങി. ഇന്നു രാവിലെ കാണുമ്പോൾ വെന്റിലേറ്ററിൽ.
അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച. ഇത് ഒന്നാമത്തെയോ രണ്ടാമെത്തെയോ അല്ല. നിരവധിപേർ ഇതിനകം ഹെപറ്റൈറ്റീസ് എയ്ക്കു കീഴടങ്ങിക്കഴിഞ്ഞു. മിക്കവാറും ചെറുപ്പക്കാർ, നേരത്തേ ഒരു രോഗവും ഇല്ലാത്തവർ. എന്നാൽ ഇപ്പോഴും ഇതിനൊരു അന്ത്യം കാണാൻ കഴിയുന്നില്ല.
കോഴിക്കോട് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗത്തിൽ മിക്കവാറും എല്ലാ ദിവസവും അഞ്ചോ ആറോ പേര് ഹെപറ്റൈറ്റീസ് എ യെ തുടർന്ന് അഡ്മിറ്റ് ആകുന്നുണ്ട്. ഇവിടെ അഡ്മിറ്റ് ആകുന്നത് പുറത്തുനിന്ന് റെഫർ ചെയ്തുവരുന്നവരും സങ്കീർണതകൾ ഉള്ളവരും ആകണമല്ലോ. അപ്പോൾ സമൂഹത്തിലെ അണുബാധയുടെ എണ്ണം ഊഹിക്കാമല്ലോ.
സാംക്രമിക രോഗങ്ങൾ ചികിത്സിക്കുന്ന വിഭാഗത്തിന്റെ ഭാഗമായിട്ട് 20 വർഷം ആവാറായി. കരൾസംബന്ധമായ രോഗികളിൽ ഹെപറ്റൈറ്റീസ് എ സ്ഥിരീകരിക്കുമ്പോൾ എന്നുമൊരു സന്തോഷമായിരുന്നു.
'രണ്ടോ മൂന്നോ ദിവസം കൂടി ഛർദി ഉണ്ടാകും, അതു കഴിഞ്ഞു ലിവർ ടെസ്റ്റിലെ അളവുകൾ മെല്ലെ കുറഞ്ഞുതുടങ്ങും, മഞ്ഞ കുറയാൻ കുറച്ചു ദിവസം കൂടി എടുക്കും, ഒന്നും പേടിക്കേണ്ട, വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക'-ഈ ഉപദേശവും കൊടുത്ത് അങ്ങ് വിടാറായിരുന്നു പതിവ്. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. പലതരം സങ്കീർണതകൾ, മരണംവരെ.. ചികിത്സിക്കുമ്പോൾ ഭയമാണിപ്പോൾ.
കാര്യങ്ങൾ ഇങ്ങനെ തുടരവേ നിത്യേന പുതിയ രോഗികൾ വരുന്നുവെന്നത് ഒട്ടും ആശാവഹമല്ല. ഹെപറ്റൈറ്റീസ് എ പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നിട്ടും എന്തേ വീണ്ടും വീണ്ടും അണുബാധ? ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നർഥം. ഇപ്പോഴും നമ്മൾ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നർഥം.
വിശ്വാസം തോന്നാത്ത ഒരു സ്ഥലത്തുനിന്നും വെള്ളം, ജ്യൂസ് ഒന്നും തന്നെ കുടിക്കരുത്. വീട്ടിൽ കുടിക്കാൻ ആവശ്യത്തിന് വെള്ളം തിളപ്പിച്ചുവയ്ക്കണം. അത് സ്വന്തം കിണറിലെ വെള്ളം ആണെങ്കിലും. അല്ലെങ്കിൽ വിശ്വസിക്കാവുന്ന പ്യൂരിഫയർ ഉണ്ടാവണം. പുറത്തേക്ക് പോകുമ്പോൾ ചമ്മൽ വിചാരിക്കേണ്ട, ഇച്ചിരി ഭാരം സഹിച്ചാലും സാരമില്ല, ആവശ്യത്തിന് വെള്ളം കുപ്പിയിലാക്കി കൊണ്ടുപോകുക തന്നെ. പുറത്തുനിന്നു തിളപ്പിച്ച ചായ, കാപ്പി പോലെയുള്ള പാനീയങ്ങൾ കുടിക്കാം. കല്യാണം പോലെയുള്ള ചടങ്ങുകളിലും തണുത്ത വെള്ളം ഒഴിവാക്കി ചായയോ കാപ്പിയോ ആക്കുന്നതാകും പ്രായോഗികം.
ജ്യൂസ് കച്ചവടം നടത്തുന്നവരോട്. നിങ്ങൾ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല നിങ്ങൾക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാൽ കിണറിൽനിന്ന് മോട്ടോർ വച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്. തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറിൽനിന്ന് എടുത്തതോ ആവണം. നിങ്ങൾ അതിനുള്ള അമിത ചെലവ് ജ്യൂസിന്റെ വിലയിൽ കൂട്ടി ഇട്ടാലും സാരമില്ല. ഹോട്ടലിൽ കുടിക്കാൻ കൊടുക്കുന്ന വെള്ളവും ഇതുപോലെ ആവണം. പകുതി തിളപ്പിച്ചതിൽ പകുതി പൈപ്പ് വെള്ളം ഒഴിച്ചുള്ള തണുപ്പിക്കൽ പാടില്ല. നിങ്ങളുടെ ജോലി വളരെ ഉത്തരവാദിത്തമുള്ളതാണ്. നിങ്ങൾ അശ്രദ്ധമായി കൊടുക്കുന്ന ജ്യൂസ് കാരണം ഒരാളുടെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഓർക്കണം.
കുപ്പി വെള്ളത്തിന്റെ ശുദ്ധിയുടെ കാര്യത്തിൽ ഒരു ഉറപ്പുമില്ല. കാരണം, തോന്നിയ വെള്ളം നിറച്ചുവിൽക്കുന്നവർ ഉണ്ടെന്ന് പറയപ്പെടുന്നു. സത്യം അറിയില്ല. റിസ്ക് എടുക്കാതിരിക്കലാണ് ഉത്തമം. വിശ്വസിക്കാവുന്ന ബ്രാൻഡ്, സീൽ പൊട്ടിക്കില്ലെന്ന് ഉറപ്പുള്ളതൊക്കെ ആണെങ്കിൽ വേറെ വഴികളില്ലെങ്കിൽ ഉപയോഗിക്കാം. വീട്ടിൽനിന്ന് കുപ്പിയും കൊണ്ട് നടക്കാനുള്ള മടി കാരണം കുപ്പി വെള്ളത്തെ ആശ്രയിക്കരുത്.
ഇനി ഇതിലൊന്നും കാര്യങ്ങൾ പരിഹരിക്കാൻ കഴിയാത്തവർക്ക്, ഉദാഹരണത്തിന് എപ്പോഴും യാത്ര ചെയ്യുന്നവർ, എപ്പോഴും പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവർ തുടങ്ങിയവർക്ക് വാക്സിനെ ആശ്രയിക്കാം. കാര്യം ഗൗരവമായി എടുക്കണം. ഇനിയും ഇത്തരത്തിലുള്ള മരണങ്ങൾ സംഭവിച്ചുകൂടാ. നമുക്ക് തടയാവുന്ന ഒരു രോഗമാണ്.
Summary: Doctor's social media post alarms the dangerous nature of Hepatitis A that spreads in the state without any control