കുഞ്ഞിലേ തടയാം അമിത വണ്ണം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...
|ചെറുപ്രായത്തിലുള്ള അമിത വണ്ണം കുട്ടികൾക്ക് ഭാവിയിൽ വലിയ വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും
ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നത് മാർച്ച് നാലിനാണ്. ലോകത്തിന്റെ എല്ലാ കോണിലും അമിത വണ്ണം കൊണ്ട് വലയുന്നവർ ഏറെയാണ്. പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്ന അവസ്ഥ കൂടിയാണിത്. മുതിർന്നവരെ കൂടാതെ കുട്ടികളിലും അമിത വണ്ണം കൂടികൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെറുപ്രായത്തിലുള്ള അമിത വണ്ണം കുട്ടികൾക്ക് ഭാവിയിൽ വലിയ വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഡോക്ടർമാരും പറയുന്നു. ഇത് കുട്ടികളുടെ ശാരീരിക പ്രശ്‌നങ്ങളോടൊപ്പം തന്നെ മാനസികമായു ബാധിക്കും. രക്ഷിതാക്കൾ അൽപം ശ്രദ്ധകാണിച്ചാൽ കുഞ്ഞുങ്ങളിലെ അമിത വണ്ണം മാറ്റിയെടുക്കാം...
ആദ്യം മാറ്റാം അനാരോഗ്യ ഭക്ഷണക്രമങ്ങൾ
കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും പഴങ്ങൾ, പരിപ്പ്, പയർവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ദിവസവും ഇവ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുകയും അവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യണം. പഴങ്ങൾ ആകർഷകമായ രീതിയിൽ മുറിച്ച് പ്ലേറ്റിൽ വെച്ചുകൊടുക്കാം. ദിവസവും ഒരേ പഴങ്ങളും പച്ചക്കറികളും നൽകുന്നത് അവരിൽ മടുപ്പുണ്ടാക്കും. അത് ഒഴിവാക്കുക. ഓരോ ദിവസവും വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും പയറുവർഗങ്ങളും ഉൾപ്പെടുത്തുക.
നോ പറയാം ജങ്ക് ഫുഡിനോട്
ഇന്നത്തെ കുട്ടികൾക്ക് ജങ്ക് ഫുഡിനോടുള്ള താൽപര്യം ചെറുതൊന്നുമല്ല. മാറുന്ന ജീവിത ശൈലിയുടെ ഭാഗമായി ഇത്തരം ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്ന അവസ്ഥയാണ്. കുഞ്ഞുങ്ങളിലെ പൊണ്ണത്തടിയിലേക്ക് നയിക്കുന്ന പ്രധാന കാരണവും മാറിയ ഇത്തരം ഭക്ഷണശൈലിയാണ്. ഇത് ഒഴിവാക്കിയേ മതിയാവൂ. ജങ്ക് ഫുഡിന് പകരമുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ബേക്കറി ഉൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ തുടങ്ങിയ ട്രാൻസ് ഫാറ്റി ഭക്ഷണങ്ങൾ ഒഴിവാക്കണം. വല്ലപ്പോഴും മാത്രം പുറത്ത് നിന്ന് ഭക്ഷണങ്ങൾ വാങ്ങിക്കൊടുക്കുക.
പ്രഭാത ഭക്ഷണം ഒഴിവാക്കരുത്
സ്‌കൂളില്‍ പോകാനുള്ള തിരക്കിലും മറ്റും കുട്ടികൾ പ്രഭാത ഭക്ഷണം കഴിക്കാൻ മടി കാട്ടാറുണ്ട്. മാതാപിതാക്കളും ഇതത്ര കാര്യമാക്കാറില്ല.എന്നാൽ ഒരുക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കാൻ കുട്ടികളെ അനുവദിക്കരുത്. പ്രഭാത ഭക്ഷണം കഴിക്കാനുള്ള സമയം മാതാപിതാക്കൾ ഉണ്ടാക്കിയെടുക്കുക.
മൊബൈലും ടിവിയും അധിക സമയം വേണ്ട
കുട്ടികൾ ഒരുപാട് സമയം സ്‌ക്രീനിനുമുമ്പിൽ ചെലവഴിക്കുന്നത് അമിത വണ്ണത്തിനുള്ള സാധ്യതകൾ വർധിപ്പിക്കും. ടിവിയിലും മൊബൈലിലുമായി കാർട്ടൂൺ കാണുന്ന സമയം ചുരുക്കണം. ദിവസം ഒരുമണിക്കൂറിൽ താഴെ മാത്രമായി കുറയ്ക്കുക. കുട്ടികൾക്ക് മൊബൈൽ ഫോൺ ദീർഘനേരം കൊടുക്കാതിരിക്കുക. കുട്ടി ഉറങ്ങുന്ന മുറിയിൽ ടെലിവിഷൻ വെയ്ക്കുന്നത് ഒഴിവാക്കണം.
കളിച്ച് വളരട്ടെ അവർ
കുട്ടികൾ മുറ്റത്തും പറമ്പിലുമെല്ലാം കൂട്ടുകാരോടൊപ്പം കളിച്ചു വളരട്ടെ. മറ്റുള്ളവരുമായി ഇടപഴകുന്നതിന് പുറമെ മാനസികും ശാരീരികമായ വളർച്ചയും കുട്ടികൾക്ക് ഇതുവഴി ലഭിക്കും. ഒരു മണിക്കൂറെങ്കിലും കുട്ടികളെ കളിക്കാൻ അനുവദിക്കണം.