ഹീമോഗ്ലോബിന്റെ അളവ് കുറവാണോ? ഈ അഞ്ചു ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ....
|ഇരുമ്പിന്റെ കുറവ് ക്ഷീണം, ബലഹീനത, തലവേദന എന്നിവക്ക് കാരണമാകും
തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്കുള്ള ഓട്ടത്തിലാണ് നമ്മളോരോരുത്തരും. പലപ്പോഴും ആരോഗ്യം പോലും നോക്കാതെ നാം ജോലിക്ക് മുൻഗണ നൽകാറുണ്ട്. ഇത് നമ്മുടെ ഭക്ഷണ രീതിയെയും ഉറക്കത്തെയും അതുവഴി ആരോഗ്യത്തെയും മോശമായി ബാധിക്കാറുണ്ട്. ഇന്ത്യയിൽ ഒട്ടുമിക്ക പേരിലും ഇരുമ്പിന്റെ കുറവുണ്ടെന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്. ഇരുമ്പിന്റെ കുറവ് അഥവാ ഹീമോഗ്ലോബിന്റെ കുറവ് ക്ഷീണം, ബലഹീനത, തലവേദന എന്നിവക്ക് കാരണമാകും. ഇത് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ ശരിക്കും ബാധിക്കും. പലപ്പോഴും വിളർച്ചയിലേക്കും ഇത് നയിക്കാറുണ്ട്. ശരീര കോശങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കാൻ ആവശ്യമായ ചുവന്ന രക്താണുക്കൾ ശരീരത്തിൽ ഇല്ലാത്ത അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ.
കുട്ടികൾക്കും ഗർഭിണികൾക്കും ഇരുമ്പ് വളരെ പ്രധാനമാണ്. കുട്ടികളുടെ വളർച്ചക്കും വികാസത്തിനും ഇരുമ്പ് ആവശ്യമാണ്. ഗർഭിണികൾക്ക് ഗർഭസ്ഥശിശുവിന്‍റെ വികാസത്തിന് കൂടുതൽ ഇരുമ്പ് ആവശ്യമാണ്. ഗർഭകാലത്തെ ഇരുമ്പിന്റെ കുറവ് മാസം തികയാതെയുള്ള പ്രസവം, കുട്ടികളിലെ ഭാരക്കുറവ്, മാതൃ-ശിശു മരണ സാധ്യത എന്നിവക്കും കാരണമാകും. ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങൾ ഇതാ.
ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ടിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ഒരു കപ്പ് വേവിച്ച ബീറ്റ്‌റൂട്ടിൽ ഏകദേശം 1.1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പിന് പുറമേ, ബീറ്റ്‌റൂട്ടിൽ ഫോളേറ്റ്, വിറ്റാമിൻ സി എന്നിവയും അടങ്ങിയിട്ടുണ്ട്, രക്ത ഉൽപാദനത്തിനും ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്ന പോഷകങ്ങളാണ്.
മാതളനാരകം (അനാർ)
വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ് എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളാൽ സമ്പന്നമായ പഴമാണ് മാതളനാരങ്ങ. 0.6 മില്ലിഗ്രാം ഇരുമ്പ്ാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.എന്നിരുന്നാലും ഹീബോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇത് സഹായിക്കും.
ബ്രോക്കോളി
ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ബ്രോക്കോളി. ഒരു കപ്പ് വേവിച്ച ബ്രോക്കോളിയിൽ ഏകദേശം 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഒരു ദിവസം മുതിർന്നവർക്ക് ലഭിക്കേണ്ട ഇരുമ്പിന്റെ അഞ്ചുശതമാനം ഇതിൽ നിന്ന് ലഭിക്കും. ബ്രോക്കോളി വിറ്റാമിൻ സിയുടെ മികച്ച ഉറവിടം കൂടിയാണിത്.
മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകൾ ഇരുമ്പിന്റെയും മറ്റ് നിരവധി പ്രധാന പോഷകങ്ങളുടെയും മികച്ച ഉറവിടമാണ്. കാൽ കപ്പ് മത്തങ്ങ വിത്തിൽ ഏകദേശം 2.5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പിനെക്കൂടാതെ മഗ്‌നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. മത്തങ്ങ വിത്തുകൾ സ്‌നാക്കുകളായോ സലാഡുകളോ ഓട്സ് പോലുള്ള ഭക്ഷണങ്ങളിൽ ചേർത്തും കഴിക്കാം..
ചീര
ചീര ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ്. ഒരു കപ്പ് പാകം ചെയ്ത ചീരയിൽ ഏകദേശം 6.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇരുമ്പിന് പുറമേ ഫോളേറ്റ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും ചീരയിൽ ധാരാളമുണ്ട്.