പ്രമേഹമുണ്ടെന്ന് കരുതി പഴങ്ങൾ പൂർണമായും ഒഴിവാക്കേണ്ട; ഈ അഞ്ചുപഴങ്ങൾ കഴിക്കാം...
|അന്നജവും ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാനാണ് പൊതുവ പ്രമേഹരോഗികളോട് നിർദേശിക്കാറ്
പ്രമേഹ രോഗികൾ എപ്പോഴും അവരുടെ ഭക്ഷണത്തിൽ ഏറെ ശ്രദ്ധ പുലർത്താറുണ്ട്. അന്നജവും ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാനാണ് പൊതുവ പ്രമേഹരോഗികളോട് നിർദേശിക്കാറ്. മധുരമുള്ളതിനാൽ പഴങ്ങൾ കഴിക്കാൻ പ്രമേഹരോഗികൾ മടിക്കാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുമെന്നതിനാലാണ് പലരും പഴങ്ങൾ കഴിക്കാത്തത്.
ഉയർന്ന അളവിൽ പഞ്ചസാരയുടെ അംശം അടങ്ങിയ പഴങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുതിച്ചുയരാൻ ഇടയാക്കും.എന്നാൽ ഇക്കാരണത്താല്‍ എല്ലാ പഴങ്ങളും ഒഴിവാക്കേണ്ടതില്ലന്നാണ് ബംഗളുരുവിലെ കൺസൾട്ടന്റ് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ദീപിക ജയസ്വാൾ പറയുന്നത്. പഴങ്ങളിൽ അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആരോഗ്യത്തിന് വിട്ടുവീഴ്ച ചെയ്യാതെ പ്രമേഹരോഗികൾക്ക് ഈ അഞ്ചു പഴങ്ങൾ കഴിക്കാമെന്ന് ദീപിക ജയസ്വാൾ 'ഹെൽത്ത് ഷോട്ടി'നോട് പറഞ്ഞു.
ബെറീസ്
സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌ബെറി തുടങ്ങിയവയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ആന്റിഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഈ പഴങ്ങൾ. ഇവയിൽ കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റും ഗ്ലൈസെമിക് സൂചികയും അടങ്ങിയിരിക്കുന്നതിനാൽ ഇത് പ്രമേഹമുള്ളവർക്ക് കഴിക്കാം. പഞ്ചസാര ചേർക്കാതെ ഓട്‌സിന്റെ കൂടെയോ യോഗർട്ടിന്റെ കൂടെയോ സ്മൂത്തിയായും ഉപയോഗിക്കാമെന്നും ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.
ആപ്പിൾ
മറ്റ് പല പഴങ്ങളെ അപേക്ഷിച്ച് ആപ്പിളിൽ പഞ്ചസാരയുടെ അളവ് താരതമ്യേന കുറവാണ്. ധാരാളം ഫൈബറും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണത്തെ കുറക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
പിയർ പഴം
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മറ്റൊരു പഴമാണ് പിയർ. അവയിൽ ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്, കൂടാതെ പഞ്ചസാരയുടെ അളവും കുറവാണ്, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഇത് സഹായിക്കും. കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഈ പഴത്തിനുള്ളത്. പിയേഴ്‌സിലെ ഫൈബർ പഞ്ചസാരയുടെ ആഗിരണത്തെ കുറക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഫ്രൂട്ട് സാലഡായോ അല്ലെങ്കിൽ അതേപടിയോ കഴിക്കാം...
അനാർ( മാതളം)
മാതളനാരങ്ങയിൽ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സും ഗ്ലൈസെമിക് ലോഡുമാണ് അടങ്ങിയിട്ടുള്ളത്. കുറഞ്ഞ പഞ്ചസാരയുടെ അളവാണ് ഇതിലുള്ളത്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ഇത്. പഞ്ചസാര ചേർക്കാതെ മിതമായ അളവിലും മാതളനാരങ്ങ ജ്യൂസ് കഴിക്കാം.
ഓറഞ്ച്
വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. പഞ്ചസാരയുടെ അംശം മറ്റ് പഴങ്ങളെ അപേക്ഷിച്ച് ഓറഞ്ചിൽ കുറവാണ്. എന്നാലും കുറഞ്ഞ അളവിൽ മാത്രമേ ഓറഞ്ചുകൾ കഴിക്കാവൂ. സലാഡുകളിലും ചേർത്ത് കഴിക്കാവുന്ന പഴം കൂടിയാണിത്.
ഏത് പഴങ്ങൾ കഴിക്കുമ്പോഴും പരിമിതമായ അളവിൽ മാത്രമേ കഴിക്കാവൂ..മറ്റ് അസുഖങ്ങളുള്ളവരോ, സ്ഥിരമായി മരുന്നുകൾ കുടിക്കുന്നവരോ ഡോക്ടറുടെ ഉപദേശം തേടിയതിന് ശേഷം മാത്രം ഡയറ്റിൽ മാറ്റം വരുത്താനായി ശ്രമിക്കുക.