30ന് ശേഷവും കണ്ണുകളെ സംരക്ഷിക്കാൻ ഇക്കാര്യങ്ങള്‍ നിർബന്ധമാക്കിക്കോളൂ...
|പുകവലി, അനുചിതമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, അമിതമായ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗം എന്നിങ്ങനെയുള്ള പല ജീവിതശൈലി ശീലങ്ങളും കണ്ണിന്റെ ആരോഗ്യത്തെ മോശമാക്കും
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. പലപ്പോഴും പല കാരണങ്ങളാലും കണ്ണുകളെ വേണ്ടത്ര പരിപാലിക്കാൻ സാധിക്കാറില്ല. പുകവലി, അനുചിതമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, അമിതമായ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ഉപയോഗം എന്നിങ്ങനെയുള്ള പല ജീവിതശൈലി ശീലങ്ങളും കണ്ണിന്റെ ആരോഗ്യത്തെ മോശമാക്കും പ്രത്യേകിച്ചും 30 ന് ശേഷം. അതിനാൽ തന്നെ ആരോഗ്യമുള്ള കണ്ണുകള്‍ക്കായി താഴെ പറയുന്ന കാര്യങ്ങള്‍ പിന്തുടരാവുന്നതാണ്.
നേത്രാരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും നിർണായകമായ ഘട്ടങ്ങളിലൊന്നാണ് പതിവ് നേത്ര പരിശോധന. നേത്രരോഗവിദഗ്ദനെ സമീപിക്കുന്നതിലുടെ കണ്ണിന് വേണ്ടത്ര പരിചരണം ലഭിക്കാൻ സഹായിക്കും. രണ്ട് വർഷത്തിലൊരിക്കൽ ഗ്ലോക്കോമ, തിമിരം, മാക്യുലാർ രോഗങ്ങൾ എന്നിവ പരിശോധിക്കണം.
ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണക്രമം
നേത്രാരോഗ്യത്തിന് ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. വിറ്റാമിൻ എ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ സി, ഇ, സിങ്ക്, സെലിനിയം, കോപ്പർ തുടങ്ങിയ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട വിവിധ നേത്രരോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് ശേഷി നൽകും. ഈ അവശ്യ പോഷകങ്ങൾ ആരോഗ്യമുള്ള കണ്ണുകളെ പ്രോത്സാഹിപ്പിക്കുകയും പ്രായവുമായി ബന്ധപ്പെട്ട നേത്ര പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
അമിതമായ സ്ക്രീൻ സമയം
അമിതമായ സ്ക്രീൻ സമയം കുറക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിനെ സഹായിക്കും. ചെറിയ തരംഗദൈർഘ്യമുള്ള ദൃശ്യപ്രകാശത്തിൽ നിന്ന്, പ്രത്യേകിച്ച് നീല പ്രകാശ സ്പെക്ട്രത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കണം . മിക്ക ഡിജിറ്റൽ ഉപകരണങ്ങളും എൽ.ഇ.ഡി സ്ക്രീനുകളും മൊബൈൽ ഉപകരണങ്ങളും നീല വെളിച്ചമാണ് പുറപ്പെടുവിക്കുന്നത്. ചില ഗാഡ്ജെറ്റുകൾ ഈ ഉയർന്ന ഊർജ്ജ വികിരണങ്ങളെ പ്രതിരോധിക്കാൻ നീല ഫിൽട്ടർ ഉപയോഗിക്കുന്നുണ്ട്. നീല ഫിൽട്ടർ ഇല്ലാത്ത ഗാഡ്ജെറ്റുകൾ ഉപയോഗിക്കുന്നവർ നീല ഫിൽട്ടറുള്ള കണ്ണടകള്‍ ധരിക്കണം.
ഈ തരംഗദൈർഘ്യങ്ങളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് റെറ്റിനയ്ക്ക് കേടുപാടുകൾ വരുത്തും, ഇത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു.
സൂര്യനിൽ നിന്നും കണ്ണുകളെ സംരക്ഷിക്കണം
30-ാം വയസിൽ പലരും ജോലിയുടെ ഭാഗമായോ അല്ലാതെയോ പകൽ സമയം പുറത്ത് ചെലവഴിക്കുന്നവരായിരിക്കും. സൂര്യപ്രകാശത്തിൽ അൾട്രാവയലറ്റ് രശ്മികൾ അടങ്ങിയിട്ടുണ്ട്. അത് ദീർഘകാലാടിസ്ഥാനത്തിൽ കണ്ണുകൾക്ക് ദോഷം ചെയ്യും. അതിനാൽ അൾട്രാവയലറ്റ് പരിരക്ഷയുള്ള സൺഗ്ലാസുകൾ തെരഞ്ഞെടുക്കുക. സൺഗ്ലാസുകൾ തെരഞ്ഞെടുക്കുമ്പോള്‍ വലിപ്പമേറിയത് എടുക്കുകയാണെങ്കിൽ അവ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തെയും സംരക്ഷിക്കും.
വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലുടനീളം രക്തചംക്രമണം മെച്ചപ്പെടുത്തുകയും കണ്ണുകളിലേക്കുള്ള ഓക്സിജൻ വിതരണം വർധിപ്പിക്കുകയും നിരവധി നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ സ്ക്രീൻ ശീലങ്ങൾ
ദീർഘ നേരം സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇടക്കിടെ കണ്ണ് ചിമ്മുകയും കണ്ണിന് കുളിർമയേകുന്ന നിറങ്ങളിലേക്ക് നോക്കുകയും ചെയ്യുന്നത് നല്ലതാണ്. കണ്ണുമായി മിനിമം 20 ഇഞ്ച് അകലത്തിൽ സ്ക്രീൻ വെക്കുക. ഓരോ 20 മിനിറ്റിലും ഇടവേള എടുക്കുക. ഓരോ 20 സെക്കൻഡിലും നിങ്ങളുടെ കണ്ണുകൾ ചിമ്മുക. നന്നായി വെള്ളം കുടിക്കുക.