നിത്യവും പാൽച്ചായ കുടിക്കുന്നവരാണോ? വിഷാദത്തിനും ആസക്തിക്കും കാരണമാകുമെന്ന് പഠനം
|ചായ ഉപഭോഗം കൂടുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്ന് ഗവേഷകർ പറയുന്നു
ചായ കുടിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് നമുക്കൊന്നും ഓർക്കാൻ പോലും കഴിയില്ല. രാവിലെ എഴുന്നേറ്റ് ഒരു കപ്പ് ചൂടു ചായ കുടിച്ചുകൊണ്ടാണ് ലോകത്തുള്ള ദശലക്ഷക്കണക്കിനാളുകൾ അവരുടെ ദിവസം തുടങ്ങുന്നത്. കണക്കുകൾ പ്രകാരം വെള്ളം കഴിഞ്ഞാൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് ചായ. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഇത് ഇഷ്ടപ്പെടുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിലർക്ക് കട്ടൻചായ കുടിക്കാനാണ് ഇഷ്ടമെങ്കിൽ മറ്റ് ചിലർക്ക് പാൽച്ചായ ആയിരിക്കും കുടിക്കാൻ ഇഷ്ടം. എന്നാൽ ചായപ്രേമികളെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
പാൽച്ചായ ചായ ഉപഭോഗം മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നെന്നാണ് ചൈനയിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെയും സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഫിനാൻസ് ആൻഡ് ഇക്കണോമിക്സിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. ബീജിംഗിൽ നിന്നുള്ള 5,281 കോളേജ് വിദ്യാർഥികളിൽ സർവേ നടത്തിയപ്പോൾ പാൽചായയുടെ ഉപയോഗം വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.
പഠനമനുസരിച്ച്, യുവാക്കൾ അവരുടെ മാനസിക സംഘർഷങ്ങളെ നേരിടാനുള്ള മാർഗമായി ചായയിലേക്ക് തിരിയുന്നു. ഇത് ചായയോടുള്ള അഡിക്ഷനിലേക്കും മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. സർവേയിൽ പങ്കെടുത്ത പകുതിയോളം പേരും ഒരു ദിവസം കുറഞ്ഞത് ഒരു കപ്പ് പാൽ ചായയെങ്കിലും കുടിക്കാറുണ്ടെന്ന് ഗവേഷകർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മാനസിക ആരോഗ്യം മോശമാകുന്നതിനു പുറമേ, ചായ ഉപഭോഗം കൂടുന്നത് അമിതവണ്ണത്തിനും ദന്തക്ഷയത്തിനും കാരണമാകുമെന്ന് ഗവേഷകർ പറയുന്നു. ഇതിന് പ്രധാനകാരണം ചായയിലടങ്ങിയ കഫീനും പഞ്ചസാരയുമാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.
ഹെൽത്ത് ലൈൻ റിപ്പോർട്ട് അനുസരിച്ച്, കഫീൻ കൂടുതൽ ശരീരത്തിലെത്തുന്നത് ഉറക്കമില്ലായ്മ, പേശികളുടെ ആരോഗ്യം,ദഹന പ്രശ്നങ്ങൾ,ഉയർന്ന രക്തസമ്മർദം, ഹൃദയമിടിപ്പ് കൂടുക, ക്ഷീണം, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക എന്നിവക്കും കാരണമായേക്കും.